SignIn
Kerala Kaumudi Online
Friday, 25 September 2026 1.59 AM IST

എന്ന് തീരൂമീ 'ലോഡ് ഷെഡിംഗ്' പ്രതിസന്ധി

ss

മഴയൊന്ന് മാറിയപ്പോൾ ഉടലെടുത്ത വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണത്തിൽ ഉറക്കംനഷ്ടപ്പെട്ട് പൊതുജനം. വൈകിട്ട് 7നും രാത്രി 12 നുമിടയിൽ ഭാഗികമായാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ഇടയ്ക്ക് മുന്നറിയിപ്പില്ലാതെയുള്ള പവർക്കട്ടിലും സഹികെട്ടിരിക്കുന്ന ഉപഭോക്താക്കൾക്ക് ചോദിക്കാനുള്ളത് ഒരേയൊരു ചോദ്യം മാത്രം. 'എന്ന് തീരും ഈ പ്രതിസന്ധി ?'.

ദേശീയതലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 70 ശതമാനത്തിലധികം സംസ്ഥാനത്തിന് പുറത്തെ വൈദ്യുതനിലയങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. മുൻ സർക്കാരുകളും സമാന അവസ്ഥകളിലൂടെയാണ് കടന്നുപോയിരുന്നു. അന്നൊന്നും ലോഡ് ഷെഡിംഗ് ഉണ്ടായിട്ടില്ല. വൈദ്യുതി കടമെടുപ്പിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നതാണ് കാരണം. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ പവർക്കട്ടിന് കാരണം വ്യക്തമായ നയം ഇല്ലാത്തതാണെന്ന വിമർശനം ഉയരുന്നുണ്ട്. ഈ മാസം മുഴുവനും നിയന്ത്രണം തുടരും. മഴക്കുറവും വൈദ്യുതി ലഭ്യതയിലെ കുറവും രൂക്ഷമായാൽ അടുത്ത മാസവും ആദ്യ ആഴ്ചകളിൽ ലോഡ് ഷെഡ്ഡിംഗ് തുടർന്നേക്കും.


 കറന്റ് എപ്പോൾ വരും

കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പോടെ ഒരു ദിവസം 30 മിനിട്ട് നേരം രണ്ട് തവണയാണ് കറന്റ് പോകുന്നത്. പക്ഷേ, അതിലേറെ സമയം കറന്റ് പോകുന്നുണ്ടെന്ന് ജനം പരാതിപ്പെടുന്നു. പീക്ക് സമയമായ വൈകിട്ടാണ് ഈ വൈദ്യുതി പോക്ക് എങ്കിലും രാവിലെയും അപ്രഖ്യാപിതമായി പലയിടത്തും കറന്റ് പോകുന്നുണ്ട്. ഉറക്കമില്ലാ രാത്രികൾ സമ്മാനിച്ചാണ് ഈ വൈദ്യുതി ദുരന്തം തുടരുന്നതെന്ന് ചുരുക്കം. ജൂലായ് മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനെ തുടർന്ന് ജല വൈദ്യുത പദ്ധതികളിലെ ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് കേരളത്തിലെ നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ പ്രധാന കാരണം. ഇതിനുപുറമെ, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിരക്കിലെത്തിയതും, രാത്രി 12 മണിക്കുശേഷവും ജനങ്ങളുടെ ഉയർന്ന ഉപഭോഗം തുടരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

പീക്ക് ടൈമിൽ പ്രതിദിനം ആയിരം മെഗാവാട്ടിന്റെ കുറവാണ് വരുന്നത്. ഇത് മറികടക്കാൻ സെപ്തംബർ അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ആവർത്തിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ക്ഷാമം പരിഹരിക്കാതെ വൈദ്യുതി കിട്ടില്ല. നിയന്ത്രണം അതുവരെ തുടരുമെന്ന് ഉറപ്പാണ്.

 പീക്ക് ടൈമിൽ വേണം 4000 മെഗാവാട്ട്

രാത്രി ഏഴ് മുതലാണ് വൈദ്യുതി ഉപഭോഗം കൂടുതലുള്ള 'പീക്ക് അവർ'. ഏഴ് മുതൽ എട്ടു വരെ പീക്ക് അവറിൽ 4000 മെഗാവാട്ട് വൈദ്യുതി വേണം. അതേസമയം ഒമ്പത് മുതൽ 10 വരെ 5000 മെഗാവാട്ടിനു മുകളിലാണ് ഉപഭോഗം. എപ്പോഴാണെങ്കിലും അര മണിക്കൂർ ലോഡ് ഷെഡിംഗ് നടത്തിയാൽ അപ്പോഴത്തെ ഉപയോഗത്തിന്റെ എട്ടിലൊന്ന് വൈദ്യുതി കുറയും. അപ്പോൾ ഏഴു മണിക്ക് ലോഡ് ഷെഡ് ചെയ്താൽ 500 മെഗാവാട്ട് ലാഭമെങ്കിൽ ഒമ്പതിന് നടത്തിയാൽ ലാഭം 600 മെഗാവാട്ടിൽ അധികമാണ്. ഈ വൈദ്യുതി മിച്ചം ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ ലോഡ് ഷെഡിംഗ്.

സംസ്ഥാനത്ത് എൽ നിനോ പ്രതിഭാസം ശക്തമായി തുടരുന്നുണ്ടെന്നും മഴ ലഭ്യതയിൽ കുറവുണ്ടാകുമെന്ന് കഴിഞ്ഞ മാർച്ചിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചത്. സെപ്തംബർ മാസത്തിൽ സാധാരണയേക്കാൾ കുറവ് മഴയാകും ലഭിക്കുകയെന്ന ജാഗ്രതാ നിർദ്ദേശവും ലഭിച്ചിരുന്നു. ഈ സാഹചര്യം മുന്നിൽകണ്ട്, കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങാൻ ടെൻഡർ നടപടികളിലേക്ക് കടന്നെങ്കിലും വൈദ്യുതി ലഭ്യമായില്ല. സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച നിരക്കിൽ വൈദ്യുതി നൽകാനാവില്ലെന്ന് സ്വകാര്യ കമ്പനികൾ അറിയിച്ചതോടെ നടപടികൾ സ്തംഭിക്കുകയായിരുന്നു. പിന്നീട് മഴയിൽ മാത്രമായിരുന്നു കെ.എസ്.ഇ.ബിയുടെ ഏകെ പ്രതീക്ഷ. മഴ ലഭിച്ചെങ്കിലും പിന്നാലെ ചൂട് ഉയർന്നതോടെ വൈദ്യുതി ഉപഭോഗം കൂടിയത് അവരുടെ പ്രതീക്ഷകൾ തെറ്റിച്ചുവെന്നതാണ് യാഥാർത്ഥ്യം. ഇതാണ് പിന്നീട് പ്രഖ്യാപിത - അപ്രഖ്യാപിത ലോഡ്‌ഷെഡിംഗിലേക്ക് വഴി തെളിച്ചത്. പ്രതിവർഷം വൈദ്യുതി ഉപഭോഗത്തിൽ വരുന്ന വർധന കണക്കാക്കുന്നതിലും മുൻക്കൂട്ടി കരാറുകളിൽ ഏർപ്പെട്ട് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിലും സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട് എന്നത് വ്യക്തമാണ്. ആ വീഴ്ചയെ മറച്ചുപിടിക്കാനുള്ള കാരണങ്ങളാണ് ഉപയോക്താക്കളുടെ വൈദ്യൂതി ഉപഭോഗ വർധനവും മുൻസർക്കാരിന്റെ കരാർ റദ്ദാക്കലും എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

 'ബി.ഇ.എസ്.എസ്' ഒരു പരിഹാരമോ?

ജലവൈദ്യുത പദ്ധതികളും സൗരോർജ പദ്ധതികളും വഴി ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുക എന്നതാണ് സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ദീർഘകാല പോംവഴി. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഒരു രൂപ മാത്രമേ ചെലവ് വരുന്നുള്ളു എന്നതിനാൽ ജല വൈദ്യുത പദ്ധതികളാണ് കേരളത്തിന്റെ പ്രധാന ആശ്രയം. 3,250 മെഗാവാട്ട് അധിക വൈദ്യുതി ലക്ഷ്യമിട്ടുള്ള കേരളത്തിലെ കക്കയം, ഇടുക്കി, കാരാപ്പുഴ തുടങ്ങിയ പ്രധാന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളെല്ലാം പ്രാരംഭ ദശയിലോ പ്രാഥമിക പഠനങ്ങൾക്ക് ശേഷം മരവിപ്പിച്ച അവസ്ഥയിലോ ആണ്. കുറഞ്ഞ വൈദ്യുതി ആവശ്യമുള്ള സമയത്ത് വെള്ളം പമ്പ് ചെയ്ത് മുകളിലെ റിസർവോയറിലെത്തിക്കുകയും, ആവശ്യകത കൂടുമ്പോൾ അത് താഴേക്ക് ഒഴുക്കി ടർബൈനുകൾ വഴി വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന വലിയ ഊർജ സംഭരണ സംവിധാനമാണ് പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ. ഊർജഭാവിക്ക് ഇത്തരം പദ്ധതികളാണ് പല രാജ്യങ്ങളും മുന്നോട്ടുവെയ്ക്കുന്നത്. കൂടാതെ, ബാറ്ററി സംഭരണ സംവിധാനം കൂടുതലായി സജ്ജമാക്കിയാൽ മാത്രമേ സൗരോർജ പദ്ധതികൾ കൂടുതലായി ഉപയോഗപ്പെടുത്താനാകൂ. ഒക്ടോബർ അവസാനത്തോടെ കാസർഗോഡ്, അരീക്കോട് എന്നിവിടങ്ങളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം അഥവാ ബി.ഇ.എസ്.എസ് പ്രവർത്തനസജ്ജമാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. കേരളത്തിന്റെ ദീർഘകാല ഭാവി മുന്നിൽകണ്ട് ഈ പദ്ധതികൾ പൂർത്തിയാക്കിയും വരുംമാസങ്ങളിലെ ഊർജ ആവശ്യം മുന്നിൽകണ്ട് വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയുമുള്ള നടപടികളാണ് സർക്കാരും കെ.എസ്.ഇ.ബിയും അടിയന്തരമായി സ്വീകരിക്കേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY