
ആരെയും ആകർഷിക്കുന്ന മനോഹരിയാണ് ഇടുക്കിയെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. മൂന്നാർ, ഇല്ലിക്കകല്ല്,വാഗമൺ, ഇലവീഴാപൂഞ്ചിറ,തൊമ്മൻകുത്ത്,ആനയാടിക്കുത്ത് എന്നിവിടങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾ മലങ്കര ജലാശയത്തിന്റെയും അണക്കെട്ടിന്റെയും ഭംഗി ആസ്വദിക്കാതെ മടങ്ങാറില്ല. എന്നാൽ മനോഹരമായ ഈ പ്രദേശത്ത് മികച്ച സൗകര്യങ്ങളില്ലാത്തതിനാൽ സന്ദർശകർ നിരാശരായാണ് മടങ്ങുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ചരിത്രത്തിൽ ഇടംപിടിക്കാവുന്ന മാതൃകാ പദ്ധതി,മലമ്പുഴ ടൂറിസം പദ്ധതിയേക്കാൾ വലുത് തുടങ്ങിയ മോഹന വാഗ്ദാനങ്ങൾ നൽകി വിഭാവനം ചെയ്തതായിരുന്നു മലങ്കര ടൂറിസം പദ്ധതി. എന്നാൽ അധികൃതരുടെ താത്പര്യക്കുറവ് മലങ്കരയെ സഞ്ചാരികളിൽ നിന്ന് അകറ്റുകയാണ്. ജില്ലയിലെ മറ്റ് ടൂറിസം പദ്ധതികൾക്ക് നൽകുന്ന പരിഗണന ജില്ലാ സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മലങ്കരയ്ക്ക് നൽകുന്നില്ലെന്നതാണ് വസ്തുത. 2019 നവംബർ രണ്ടിനാണ് ഹബ് നാടിന് സമർപ്പിച്ചത്. മുൻ മന്ത്രി പി.ജെ. ജോസഫിന്റെയും ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെയും പ്രത്യേക താത്പര്യ പ്രകാരമാണ് മലങ്കര ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. അത്യാധുനിക സംവിധാനങ്ങളോടെ ദുബായ് മോഡൽ എൻട്രൻസ് പ്ലാസ,പക്ഷി സങ്കേതം,വെള്ളം ചുറ്റിക്കിടക്കുന്ന തുരുത്തിൽ കൃത്രിമമായി സജ്ജമാക്കുന്ന വനം,വിസ്തൃതമായ പാർക്ക്,ആന- കുതിര സൈക്കിൾ സവാരി,പൂന്തോട്ടം,വർണങ്ങളോടെയുള്ള ലൈറ്റനിംഗ്,ബോട്ടിംഗ് എന്നിങ്ങനെ മലമ്പുഴ മോഡൽ വിപുലമായ പദ്ധതികളോടെയാണ് മലങ്കര ടൂറിസം കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ചത്. എന്നാൽ സർക്കാർ വിഭാവനം ചെയ്യുന്ന മറ്റ് ചില പദ്ധതികൾ പോലെ ആവുകയാണ് ഇതും. മൂന്ന് കോടി രൂപ മുടക്കി നിർമ്മിച്ച എൻട്രൻസ് പ്ലാസ മാത്രമാണ് യാഥാർത്ഥ്യമായത്. റസ്റ്റോറന്റ്, ടൂറിസം ഇൻഫർമേഷൻ സെന്റർ,അക്വേറിയം,200 ആളുകൾക്ക് ഇരിക്കാനുള്ള ഓപ്പൺ തിയേറ്റർ എന്നിങ്ങനെ എൻട്രൻസ് പ്ലാസയിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 200 ആളുകൾക്ക് ഇരിക്കാനുള്ള സജ്ജീകരണം മാത്രമാണ് ഒരുക്കാനായത്. അതാകട്ടെ ആർക്കും പ്രയോജനമില്ലാതെ കിടന്ന് നശിക്കുകയാണ്. പൂർത്തിയായ മലങ്കര അണക്കെട്ടിന്റെ കമ്മിഷനിംഗുമായി ബന്ധപ്പെട്ടുള്ള ഉദ്ഘാടനയോഗം നടത്താനും മലങ്കര ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസ് പ്രവർത്തിക്കാനും മാത്രമാണ് എൻട്രൻസ് പ്ലാസ ഇത് വരെ ഉപയോഗ പ്രദമായിട്ടുള്ളത്. ജില്ലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക യോഗങ്ങൾ ഭീമമായ പണം മുടക്കി ആഢംബര സ്വകാര്യ റിസോർട്ടുകളിൽ നടത്തുമ്പോഴാണ് സർക്കാർ ഉടമസ്ഥതയിലുള്ള എൻട്രൻസ് പ്ലാസയെ നോക്കുകുത്തിയാക്കുന്ന സമീപനം അധികൃതർ സ്വീകരിക്കുന്നത്. എൻട്രൻസ് പ്ലാസയ്ക്ക് ചെലവഴിച്ച മൂന്ന് കോടി ഫണ്ട് മലങ്കര ടൂറിസം പദ്ധതിയുടെ മറ്റ് വികസന പ്രവർത്തികൾക്ക് മാറ്റിയിരുന്നെങ്കിൽ കൂടുതൽ പ്രയോജനം ലഭിക്കുമായിരുന്നു. സർക്കാരിന്റെ അക്രഡിഷൻ ഏജൻസിയായ ഹാബിറ്റാറ്റിനായിരുന്നു എൻട്രൻസ് പ്ലാസയുട നിർമ്മാണ ചുമതല.
സൗകര്യം ഇല്ലാത്തത് തിരിച്ചടി
മലങ്കര ഹബിൽ കുട്ടികളുടെ പാർക്കും അണക്കെട്ട് സന്ദർശനവും മാത്രമാണ് ഒരുക്കിയിട്ടുള്ളത്. മറ്റ് സജ്ജീകരണങ്ങൾ ഇല്ലാത്തത് ഇവിടെ എത്തുന്നവർക്ക് നിരാശയാണ് സമ്മാനിക്കുന്നത്. അണക്കെട്ടിലെ വെള്ളം മലിനമാകാത്ത വിധത്തിലുള്ള ബോട്ടിംഗ് ആരംഭിക്കുമെന്ന് ഹബ് ഉദ്ഘാടനം ചെയ്യവേ കളക്ടർ അറിയിച്ചിരുന്നെങ്കിലും അതെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി. ബോട്ടിംഗ് നടത്തിപ്പിന്റെ ചുമതല മറ്റ് ഏജൻസിക്ക് നൽകിയാൽ ഹബ്ബിന് ചിലവില്ലാതെ പദ്ധതി ആരംഭിക്കാൻ കഴിയും. മലങ്കര ടൂറിസം ഹബിനോട് അനുബന്ധിച്ച് 35 ലക്ഷം ചെലവഴിച്ച് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ബോട്ടിംഗ് യാർഡും ദീർഘവീഷണമില്ലാത്ത മറ്റൊരു അവശേഷിപ്പായി മാറി. ബോട്ടിംഗ് യാർഡിൽ നിന്ന് ആരംഭിച്ച് മാത്തപ്പാറ ശങ്കരപ്പള്ളി വരെ വെള്ളത്തിലൂടെയുള്ള ബോട്ട് യാത്ര ആകർഷകമായിരുന്നു. എന്നാൽ അതും നടപ്പായില്ല.
വകുപ്പുകൾ തമ്മിൽ 'ഈഗോ"
ടൂറിസം, ജലവിഭവം എന്നിങ്ങനെ രണ്ട് വകുപ്പുകളുടെ സംയുക്ത സംരംഭമായതിനാൽ നിയന്ത്രണം സംബന്ധിച്ച് ഈഗോ നിലനിൽക്കുന്നതും ഇതിന്റെ പ്രവർത്തനത്തിന് തടസമാകുന്നുണ്ട്. കുട്ടികളുടെ പാർക്കും പദ്ധതിയുടെ ചുറ്റ് പ്രദേശങ്ങളും ഡി.ടി.പി.സിയുടെയും എൻട്രൻസ് പ്ലാസ ടൂറിസം വകുപ്പിന്റെയും അണക്കെട്ട് ജല വിഭവ വകുപ്പിന്റെയും നിയന്ത്രണത്തിലാണ്. മലങ്കര ടൂറിസം ഹബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എം.എൽ.എ, ജില്ലാ കളക്ടർ, മുട്ടം പഞ്ചായത്ത് പ്രസിഡന്റ്, ജലവിഭവ വകുപ്പ് ടൂറിസം ഡി.ടി.പി.സി എന്നിവരുടെ സമിതിയുണ്ടെങ്കിലും അതിന്റെ പ്രവർത്തനം നിലച്ചമട്ടാണ്.
സ്വകാര്യ മേഖലയെ സഹായിക്കാനോ
മലങ്കര ടൂറിസം പദ്ധതി യഥാർത്ഥ്യമായാൽ സമീപ ജില്ലകളിലെ വൻകിട സ്വകാര്യ ടൂറിസം കേന്ദ്രങ്ങൾക്ക് വലിയ തിരിച്ചടിയാണ്. അവരെ സഹായിക്കാൻ വേണ്ടി പദ്ധതി പ്രവർത്തനങ്ങൾ അധികൃതർ മനപ്പൂർവ്വം വൈകിപ്പിക്കുന്നതായി ആദ്യ ഘട്ടത്തിൽ വ്യാപക ആരോപണം ഉയർന്നിരുന്നു. എന്നാൽ പ്രദേശികമായി ജനങ്ങൾ സംഘടിച്ച് സമര പരിപാടികളുമായി മുന്നോട്ട് വന്നതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമാമായത്. സമീപ ജില്ലകളിലെ വൻകിട സ്വകാര്യ ടൂറിസം കേന്ദ്ര നടത്തിപ്പുകാർ വീണ്ടും നീക്കങ്ങൾ ആരംഭിച്ചതാണോ വീണ്ടും പദ്ധതി സ്തംഭിച്ചതെന്നാണ് തൊടുപുഴ മേഖലയിലെ ടൂറിസം പ്രവർത്തകർ സംശയിക്കുന്നത്. പദ്ധതിക്ക് സർക്കാർ ഫണ്ടിന്റെ അപര്യാപ്തതയുണ്ടെങ്കിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പീപ്പിൾസ് പാർട്ടിസിപ്പേഷൻ പദ്ധതി (പി.പി.പി) നടപ്പിലാക്കാൻ അനുമതി നൽകാൻ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിജയകരമായ ടൂറിസം പദ്ധതികൾ പി.പി.പി മോഡലിലാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പദ്ധതി നടപ്പിലായാൽ പൊതുജനങ്ങൾക്ക് വരുമാനം ലഭ്യമാകുമെന്ന് മാത്രമല്ല മലങ്കര ടൂറിസം ഹബിനും വരുമാനം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |