SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.05 PM IST

വികസന കുതിപ്പിലേക്ക് വിമാനത്താവളം

air

പതിറ്റാണ്ടുകളായുള്ള വികസന മുരടിപ്പ് മാറ്റി തിരുവനന്തപുരം വിമാനത്താവളം ലോകോത്തര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങുകയാണ്. അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് 8,707 കോടിയുടെ പദ്ധതികളാണ് അദാനി നടപ്പാക്കുന്നത്. ടെർമിനൽ നവീകരണം, അനുബന്ധ കെട്ടിടങ്ങൾ, കാർഗോ കോംപ്ലക്സ്, റൺവേ, ഏപ്രൺ ആൻഡ് ടാക്സിവേ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, റോഡ്, മറ്റു ഗതാഗത സൗകര്യങ്ങൾ എന്നിവയാണ് വികസന പദ്ധതിയിലുള്ളത്. ഇതിന് പാരിസ്ഥിതികാനുമതി ലഭിച്ചു.

1300 കോടി രൂപ ചെലവിലാണ് പുതിയ 'അനന്ത' ടെർമിനൽ നിർമ്മിക്കുന്നത്. വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും പുതിയ ടെർമിനൽ.

2070 വരെയുള്ള യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്താണ് ടെർമിനൽ വികസനം. രണ്ട് നിലകളിലായിരിക്കും പുതിയ ടെർമിനൽ. വരുന്നതും പോവുന്നതുമായ യാത്രക്കാർക്കായി ഓരോ നില സജ്ജമാക്കും. മൾട്ടി - ലെവൽ -ഇന്റഗ്രേറ്റഡ് ടെർമിനലിൽ വിസ്തൃതമായ ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ-കസ്റ്റംസ്-ഷോപ്പിംഗ് എന്നിവയുണ്ടാവും. കസ്റ്റംസ്,ഇമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനിൽക്കേണ്ടിവരില്ല. ലോകോത്തര നിലവാരത്തിലുള്ള എയർപോർട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടൽ, കൊമേഴ്സ്യൽ- അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ഫുഡ്കോർട്ട് എന്നിവയൊരുങ്ങും.


ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്, നിലവിലുള്ള 248.29 ഹെക്ടർ ക്യാമ്പസിന് പുറമെ 6.88 ഹെക്ടർ ഭൂമി കൂടി വിമാനത്താവളത്തിന് ആവശ്യമായി വരും. ഇത് സർക്കാർ ഏറ്റെടുത്താൽ പണം നൽകാമെന്ന് അദാനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 2032ഓടെ യാത്രാശേഷി 45 ലക്ഷത്തിൽ നിന്ന് 1.2 കോടിയായി ഉയർത്തുന്നത് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നു. 2027 ഏപ്രിൽ മുതൽ 2,400 കോടി രൂപയുടെ പുതിയ നിക്ഷേപമുണ്ടാകും. 2032ന് ശേഷമുള്ള കൂടുതൽ വികസനങ്ങൾക്ക് മാത്രമാണ് പുതിയ ഭൂമി ആവശ്യമായി വരുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ കീഴിലുള്ള ടിയാൽ ആണ് തിരുവനന്തപുരം വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾക്കനുസരിച്ച് യൂസർ ഫീ ക്രമീകരിക്കുന്നതിന് ഘട്ടംഘട്ടമായാണ് നിക്ഷേപം നടത്തുന്നത്. നിലവിലെ അന്താരാഷ്ട്ര ടെർമിനൽ രണ്ടുനിലകളിലായാണ്. നവീകരിക്കുന്ന ടെർമിനലിനും രണ്ടു നിലകളേയുണ്ടാവൂ. ഇതിന്റെ മുകൾനില പൂർണമായി ഡിപ്പാർച്ചർ(പുറപ്പെടൽ) യാത്രക്കാർക്കായും താഴത്തെനില അറൈവൽ(ആഗമനം) യാത്രക്കാർക്കുമായി മാറ്റും.

മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതോടെ വിമാനത്താവളത്തിന്റെ മുഖച്ഛായ മാറും. ലോകോത്തര നിലവാരത്തിലുള്ള എയർപോർട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടൽ, കോമേഴ്സ്യൽ- അഡ്മിനിസ്ട്രേഷൻബ്ലോക്ക്, ഫുഡ്കോർട്ട് എന്നിവയൊരുങ്ങും. പുരാതന ക്ഷേത്രങ്ങളുടെ ശിൽപ്പചാരുതയും പുതിയ ടെർമിനലിൽ കാണാനാവും. ടെർമിനലിന് മുന്നിലായാണ് 240 മുറികളുള്ള, 660പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള പഞ്ചനക്ഷത്രഹോട്ടൽ വരുന്നത്. ഭാവിയിൽ തലസ്ഥാനത്തിന്റെ പ്രതീകമായി മാറുന്ന, പുതിയ എയർട്രാഫിക് കൺട്രോൾഅന്താരാഷ്ട്ര ടെർമിനലിന്റെ പ്രവേശനകവാടത്തിന് സമീപത്താണ് നിർമ്മിക്കുക. 150കോടിയിലേറെ ചെലവിൽ എട്ടുനിലടവറാണ് 49മീറ്റർ ഉയരത്തിൽ വരുന്നത്. വ്യോമഗതാഗത നിയന്ത്രണം എയർപോർട്ട് അതോറിട്ടിക്കാണ്.

 പദ്ധതി പൂർത്തിയാകുമ്പോൾ

യാത്രക്കാരുടെ ശേഷി പ്രതിവർഷം 2.7 കോടിയാകും
ചരക്ക് ഗതാഗത ശേഷി പ്രതിവർഷം 4.2 ലക്ഷം മെട്രിക് ടണ്ണാകും

 പദ്ധതികൾ ഏറെ

തുറമുഖ-വിമാനത്താവള അധിഷ്ഠിത വികസനത്തിന് സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്ന സമയത്താണ് ഈ അനുമതി ലഭിക്കുന്നത്. രണ്ട് നിലകളിലായി പുനർരൂപകല്പന ചെയ്ത ടെർമിനലുകൾ, വേഗത്തിലുള്ള ചെക്ക്-ഇന്നുകൾക്കായി ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ, കൂടുതൽ വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള ഏപ്രൺ ഏരിയകൾ,സുഗമമായ ടാക്സിവേകൾ എന്നിവ വികസനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ലഭ്യമാകും. അത്യാധുനിക കാർഗോ കോംപ്ലക്സും പദ്ധതിയിലുണ്ട്. പ്രവേശന കവാടത്തിൽ വരുന്ന ഹോട്ടൽ പദ്ധതിയും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോജിസ്റ്റിക്‌സ് ഹബായി മാറും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പൂർണതോതിൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വിമാനത്താവളത്തിനും വലിയ സാദ്ധ്യതയാണുള്ളത്. വ്യോമ-കടൽ ചരക്ക് ഗതാഗത ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. ഇത് കേരളത്തെ ഒരു പ്രധാന ബഹുമുഖ ലോജിസ്റ്റിക്‌സ് ഹബായി വികസിപ്പിക്കുന്നതിനും ദേശീയ-ആഗോള വിതരണ ശൃംഖലയിൽ സംസ്ഥാനത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനും സഹായകമാവും. ശക്തമായ 'എയർ-സീ' കാർഗോ ബന്ധം വികസിപ്പിക്കുന്നതിലൂടെ ഒരു സംയോജിത മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ഹബായി വളരാൻ തിരുവനന്തപുരത്തിന് സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY