SignIn
Kerala Kaumudi Online
Friday, 28 August 2026 4.56 AM IST

വാഗ്ദാനങ്ങൾ പതിരായി,​ പൊന്നോണ സ്വപ്നങ്ങളും

1

മണ്ണിൽ വിത്തെറിഞ്ഞ്, ആകാശത്തേക്ക് കണ്ണുനട്ട്, വിയർപ്പുതുള്ളികളാൽ നെൽക്കതിരുകൾക്ക് പൊൻനിറമേകുന്ന കർഷകന്റെ മനസിൽ ഈ ഓണക്കാലത്തും കണ്ണീരിന്റെ ഉപ്പുരസമാണ്. ഓണ നിലാവ് മാനത്ത് തെളിയുമ്പോഴും വയലേലകളിൽ പ്രതീക്ഷയുടെ വിത്തുപാകിയവർ കടക്കെണിയിൽ നെട്ടോട്ടമോടുന്നു. നാല് പതിറ്റാണ്ട് മുൻപ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അമരത്ത് 40 ശതമാനം കരുത്തോടെ നിലകൊണ്ട കാർഷിക മേഖല, ഇന്നിപ്പോൾ കേവലം 8 ശതമാനത്തിലേക്ക് ചുരുങ്ങിപ്പോയത് യാദൃച്ഛികമല്ല; അധ്വാനത്തിന്റെ ഫലം കയ്യിലെത്താൻ വൈകുന്നതുകൊണ്ട് മനംമടുത്ത് മണ്ണുപേക്ഷിക്കുന്ന ഒരു ജനതയുടെ വേദനയാണത്.

ഓണത്തിന് മുന്നേ നെല്ലിന്റെ വില കൈകളിൽ എത്തിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം വീണ്ടും വെറും വാക്കായി മാറി. രണ്ടാം വിള നെല്ലളന്ന കർഷകരുടെ അക്കൗണ്ടുകൾ ഇപ്പോഴും ശൂന്യമാണ്. 13,057 പേർക്ക് 96 കോടി നൽകിയെന്ന് കണക്കുകൾ പറയുമ്പോഴും, 18,978ഓളം കർഷകർക്ക് ഈ തിരുവോണനാളിലും കടം വാങ്ങി ഓണമുണ്ണേണ്ടി വന്നു. ബാങ്കിംഗ് കൺസോർഷ്യം വഴിയുള്ള പി.ആർ.എസ് വായ്പയുടെ കുരുക്കിലും, കേന്ദ്രസംസ്ഥാന വിഹിതങ്ങളുടെ സാങ്കേതികതയിലും തട്ടി സപ്ലൈകോയുടെ വിതരണ ശൃംഖല പൂർണ്ണമായും പതറിവീണു.

സർക്കാരിന്റെ പ്രോത്സാഹന ബോണസും കേന്ദ്രത്തിന്റെ താങ്ങുവില വിഹിതവും ചേർത്ത് സപ്ലൈകോയ്ക്ക് കൈമാറിയാണ് പണം ലഭ്യമാക്കാൻ ശ്രമിച്ചത്. എന്നാൽ, ഈ തുക മുൻകാല വായ്പയുടെ തിരിച്ചടവായി കൺസോർഷ്യം ബാങ്കുകളിലേക്ക് നൽകി അവിടെ നിന്ന് ആനുപാതിക തുക വായ്പയായി അനുവദിച്ചാലേ പി.ആർ.എസ് വായ്പാ ലിസ്റ്റിലെ കർഷകർക്ക് പണം നൽകാനാകൂ. ബാങ്ക് അവധിയായതിനാൽ ഓണത്തിന് ശേഷമേ പണമെത്തൂവെന്നാണ് ഇപ്പോൾ സപ്ലൈകോയുടെ വിശദീകരണം. നെല്ല് സംഭരണ പ്രതിസന്ധികൾ മറികടക്കാൻ സർക്കാരിന് വ്യക്തമായ കാർഷിക നയവും പ്രത്യേകിച്ച് മികച്ചൊരു നെല്ല് സംഭരണ നയവും ആവശ്യമാണ്.

സപ്ലൈകോ കുറ്റമറ്റ രീതിയിലാകണം

കേരളത്തിൽ നെല്ല് സംഭരിക്കാനുള്ള ഉത്തരവാദിത്വം സപ്ലൈകോയ്ക്കാണ്. സപ്ലൈകോ മില്ലുകളുമായി കരാറിലേർപ്പെടും. സിവിൽ സപ്ലൈസ് നെല്ല് സംഭരിച്ച് അരിയാക്കി കേന്ദ്ര പൂളിലേക്ക് നൽകുമ്പോൾ കേന്ദ്രവിഹിതം സപ്ലൈകോയുടെ അകൗണ്ടിലേക്ക് വരും. ഇത് സംസ്ഥാന വിഹിതവും ചേർത്ത് കർഷകരുടെ അക്കൗണ്ടിലേക്ക് നൽകും. മില്ലുകൾ കർഷകരിൽ നിന്ന് നെല്ലെടുക്കുന്നു, ആ നെല്ല് അരിയാക്കി സപ്ലൈകോയ്ക്ക് കൊടുക്കുന്നു, സപ്ലൈകോ അത് എഫ്.സി.ഐക്ക് കൈമാറും. എഫ്.സി.ഐ അത് വീണ്ടും സപ്ലൈകോ റേഷൻ വിഭാഗത്തിന് കൈമാറുന്നു, അവരത് റേഷൻ കടകളിലേക്ക് നൽകും, ആ അരി റേഷൻ കടകൾ വഴി ഉപഭോക്താക്കൾ വാങ്ങി ഉപയോഗിച്ച ശേഷമേ കേന്ദ്ര സർക്കാരിൽ നിന്നും താങ്ങുവില പ്രകാരമുള്ള തുക ലഭിക്കൂ. ആ ഒരു കാലതാമസം കർഷകരുടെ കൈയിൽ പണമെത്തുന്നതിനെ വൈകിപ്പിക്കുന്നു. അപ്പോൾ സംസ്ഥാന സർക്കാരിന് ഇത് മുൻകൂട്ടി നൽകേണ്ടി വരും. പാടത്ത് നിന്നും നെല്ലെടുക്കാനുള്ള കാലതാമസം, അത് കുത്തി അരിയാക്കി പൊതുവിതരണ സമ്പ്രദായത്തിലേക്ക് എത്തിക്കാനുള്ള താമസം, ഇതിന്റെ കണക്കുകൾ കൊടുക്കാനുള്ള സമയം ഇതെല്ലാം കർഷകർക്ക് പണം ലഭിക്കുന്നതിന് കാലതാമസം സൃഷ്ടിക്കുന്നു. കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിന് കാത്തുനിൽക്കാതെ കർഷകർക്ക് തുക നൽകണമെങ്കിൽ ഇത് മുൻകൂട്ടി കണ്ട് ബഡ്ജറ്റിൽ വകയിരുത്തണം. കൃഷിക്കാരന്റെ നെല്ല് അളക്കുമ്പോൾ തന്നെ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കൈയ്യിൽ പണം ഉണ്ടായാലേ പ്രശ്നം പരിഹരിക്കാനാകൂ. എത്ര തുക വേണമെന്ന് മുൻകൂട്ടി കാണാനും അതിനനുസരിച്ച് ഒരുക്കം നടത്താനും സർക്കാർ തയ്യാറാവണം.

 സംഭരണത്തിന് പ്രത്യേക സംവിധാനം വേണം

സംസ്ഥാനത്തെ നെല്ല് സംഭരണത്തിന് സപ്ലൈകോയ്ക്ക് പ്രത്യേക സംവിധാനം അനിവാര്യമാണ്. നെല്ല് സംഭരണത്തിനും മാവേലി സ്റ്റോറുകളുടെ പ്രവർത്തനങ്ങളും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സപ്ലൈകോയിൽ പ്രത്യേകം പ്രത്യേകം ഡിപ്പാർട്ട്‌മെന്റും പ്രത്യേകം അക്കൗണ്ടും ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. നെല്ല് നൽകാനും പരിപ്പും പയറും നൽകാനും മാവേലി സ്റ്റോറുകളുടെ ഇടപാടുകൾക്കും സപ്ലൈകോയ്ക്ക് ഒരേ ഒരു അക്കൗണ്ട് മാത്രമാണുള്ളത്. ഇത് നെല്ല് സംഭരണ തുകയുടെ കുറ്റമറ്റ രീതിയിലുള്ള ഓഡിറ്റിംഗിന് വലിയ തടസമാണ്. ഓഡിറ്റ് റിപ്പോർട്ട് യഥാസമയം കേന്ദ്രത്തിന് സമർപ്പിക്കാൻ കഴിയാത്തതിനാലാണ് കർഷകർക്ക് തുക ലഭിക്കാത്തത്. നെല്ല് സംഭരണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി ആവശ്യത്തിന് ഉദ്യോഗസ്ഥരെ കൂടി നിയമിക്കണം.

 2000 കോടി വേണം പ്രതിസന്ധി ഒഴിവാക്കാൻ

നെല്ല് സംഭരണ പ്രതിസന്ധി മറികടക്കാൻ സർക്കാർ 2000 കോടി രൂപ മാറ്റിവെയ്ക്കണം. നെല്ല് സംഭരണം ആരംഭിക്കും മുമ്പേ സർക്കാർ ഈ തുക മാറ്റിവെച്ചാൽ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും. നെല്ല് ഉത്പാദനത്തിന്റെ രണ്ട് സീസണും മുൻകൂട്ടി അറിയാമെന്നിരിക്കെ നെല്ല് സംഭരണത്തിന്റേയും വിലവിതരണത്തിന്റേയും ഓരോ ഘട്ടങ്ങളിലും കർഷകരെ വലച്ച് നെട്ടോട്ടമോടിക്കുന്ന സമീപനം ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ എന്നാണ് കർഷകർ ചോദിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ കണക്ക് പ്രകാരം സംസ്ഥാന സർക്കാരിന് ഭൂമി തരംമാറ്റത്തിലൂടെ മാത്രം 1,500 കോടി വരുമാനം ലഭിച്ചിരുന്നു. ആ തുക സംസ്ഥാനത്തെ കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്ന് ഹൈക്കോടതി വിധിയുണ്ട്. പക്ഷേ, അത് നാളിതുവരെയായി നടപ്പായിട്ടില്ല. ഭൂമി തരംമാറ്റത്തിലൂടെ ലഭിച്ച 1,500 കോടി ഒരു റിവോൾവിംഗ് ഫണ്ടായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഈ പ്രതിസന്ധി പരിഹരിക്കാം.

നെല്ലിന് കിലോയ്ക്ക് 54 രൂപ വേണം

കാർഷിക മേഖലയിലെ ഉത്പാദന ചെലവ് ക്രമാതീതമായി വർദ്ധിച്ചു. അതിന് അനുസരിച്ചുള്ള വില കർഷകർക്ക് ലഭിക്കുന്നില്ല. സംസ്ഥാനത്ത് രാസവള വില ഇരട്ടിയായി. ഫാക്ടംഫോസ്, പൊട്ടാഷിന്റെ വില ഏകദേശം 40 ശതമാനം ഉയർന്നു. 975 രൂപയാണ് ഒരു ചാക്ക് ഫാക്ടംഫോസിന് വിലകൂടിയത്. നിലവിൽ കൃഷിക്കാർ 2,400 രൂപ നൽകിയാണ് ഫാക്ടംഫോസിടുന്നത്. ഒരു സീസണിൽ 55,000 രൂപയാണ് ഒരു ഏക്കർ നെൽക്കൃഷിക്ക് ചെലവ് വരുന്നത്. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ 55,000 രൂപ ചെലവിൽ നിൽക്കൂ. കാലാവസ്ഥ പ്രതികൂലമായാൽ കൃഷി ചെലവ് കൂടും. ഫാക്ടംഫോസിന് കഴിഞ്ഞവിള സമയത്ത് 1,425 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 2,400 രൂപയായി. പൊട്ടാഷിന് 1,700 ആയിരുന്നത് ഇപ്പോൾ 2,200 ആയി. ഡോ. എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്ന പോലെ നെല്ലിന് കിലോയ്ക്ക് ചുരുങ്ങിയത് 54 രൂപയെങ്കിലും കർഷകന് വില കിട്ടിയാൽ മാത്രമേ മാന്യമായി ജീവിക്കാനാകൂ. കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യപ്പെടുന്ന വിലയുടെ ഒരു നിശ്ചിത ശതമാനം കർഷകന് അവകാശപ്പെട്ടതാണ്. ആയതിനാൽ മൂല്യവർദ്ധിത ഉത്പന്ന വിലയുടെ ഒരുനിശ്ചിത ശതമാനം സെസ്സായി സ്വരൂപിക്കണം. അത് കർഷകന് കൈമാറണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY