
തലമുറകളായി മലയാളികൾക്ക് ഗൾഫ് ഒരു വിദേശ രാജ്യമല്ല; അത് കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക ജീവിതത്തിന്റെ ഭാഗമാണ്. കൊച്ചി. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ദുബായ്, അബുദാബി, ദോഹ, മസ്കറ്റ്, റിയാദ്, ജിദ്ദ, കുവൈറ്റ്, ബഹറിൻ എന്നിവിടങ്ങളിലേക്ക പോകുന്ന വിമാനങ്ങൾ കേവലം യാത്രക്കാരെ മാത്രമല്ല കൊണ്ടുപോകുന്നത്. പതിറ്റാണ്ടുകളായി അറബിക്കടലിനു കുറുകെയുള്ള ജനസമൂഹങ്ങളെയും കുടുംബങ്ങളെയും ബിസിനസ്സുകാരെയുമൊക്കെ ബന്ധിപ്പിച്ചു കൊണ്ടാണ് ഈ വിമാനങ്ങൾ സഞ്ചരിക്കുന്നത്.
ഇപ്പോഴുണ്ടാകുന്ന മാറ്റം ഈ ബന്ധത്തിന്റെ സ്വഭാവത്തിലാണ്. ഇന്ത്യയ്ക്ക് ഗൾഫുമായുള്ള ബന്ധം എണ്ണയുടെയും പ്രവാസി ജോലിക്കാരുടെയും അവർ അയക്കുന്ന പണത്തിന്റെയും അപ്പുറത്താണ്. നിക്ഷേപം, സാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, പുനരുപയോഗ ഇന്ധനം, ഭക്ഷ്യ സുരക്ഷ, അടിസ്ഥാന സൗകര്യം, ടൂറിസം, നയതന്ത്ര സഹകരണം എന്നിവ കൂടി ഉൾക്കൊള്ളുന്നതായി മാറിയിട്ടുണ്ട്. ഈയൊരു മാറ്റം കേരളത്തിന് പതിവിൽക്കവിഞ്ഞ അവസരങ്ങൾ ഒരുക്കുകയാണ്.
പഴയ ഗൾഫ് കഥ പ്രധാനമായും തൊഴിൽ തേടി പടിഞ്ഞാറേയ്ക്കു പോകുന്ന ഇന്ത്യക്കാരെ കുറിച്ചായിരുന്നു. എന്നാലിന്ന് കിഴക്കോട്ട് ഇന്ത്യയിലേക്ക് മൂലധനവും ടൂറിസ്റ്റുകളും സാങ്കേതിക വിദ്യയും ബിസിനസുമെല്ലാം വരുന്നതാണ് സ്ഥിതി. ഇക്കാര്യത്തിൽ കേരളത്തിന് സവിശേഷ പ്രാധാന്യമുണ്ട്. അതാകട്ടെ, ഒരുരാത്രി കൊണ്ടൊന്നും ഉണ്ടാക്കാൻ കഴിയാത്ത മനുഷ്യരുമായുള്ള കണക്ടിവിറ്റിയാണ്. മലയാളികൾ പതിറ്റാണ്ടുകൾ ഗൾഫിൽ ചെലവഴിച്ച് അവരുടെ സാമീപ്യവും വിശ്വാസവും ആർജിച്ചിട്ടുണ്ട്. മലയാളികൾക്ക് അവിടത്തെ ബിസിനസ് സംസ്കാരം അറിയാം. അവരുടെ ഭാഷ അറിയാം. അവിടത്തെ വിപണിയെപ്പറ്റി അറിയാം. അവിടത്തെ പല തലമുറകളുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ട്. ഈയൊരു സാമൂഹ്യ മൂലധന സംഭരണി സാമ്പത്തിക മൂലധന സംഭരണിയാക്കി മാറ്റുകയാണ് ആവശ്യം.
ഇതിന്റെ ആദ്യ സാധ്യത നിക്ഷേപമാണ്. ഗൾഫ് സമ്പദ്ഘടന വിപുലമായ പരിവർത്തനങ്ങളിലൂടെ കടന്നുപോവുകയാണ്. സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള രാജ്യങ്ങൾ ഹൈഡ്രോകാർബണിനപ്പുറം വൈവിധ്യവൽക്കരണം നടത്തി വരുന്നു. പൊതു മുലധനത്തിനൊപ്പം സ്വകാര്യ നിക്ഷേപകരും അടിസ്ഥാന സൗകര്യം, ലോജിസ്റ്റിക്സ്, ആരോഗ്യ പരിപാലനം, സാങ്കേതിക വിദ്യ, ഹോസ്പിറ്റാലിറ്റി, പുനരുപയോഗ ഇന്ധനം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ആഗോള സാധ്യതകൾ തേടിക്കൊണ്ടിരിക്കുകയാണ്. ഈ ഓരോ മേഖലയിലും കേരളം ശക്തമായ സാന്നിധ്യമാണ്.
ഇതേ അവസരത്തിൽത്തന്നെ കേരളത്തിന് ഗൾഫ് മൂലധനത്തിന്റെ ഡെസ്റ്റിനേഷനാകാനും കഴിയും. കേരളത്തിലെ ഗൾഫ് നിക്ഷേപം ഇടയ്ക്കിടെയുളള നിക്ഷേപ സമ്മേളനങ്ങൾക്കപ്പുറം കൃത്യമായ ബാങ്കധിഷ്ഠിത പ്രോജക്ടുകൾ സൃഷ്ടിക്കാൻ കഴിയണം. നിക്ഷേപകർക്ക് ആവശ്യം കൃത്യമായ അവസരങ്ങളും മുൻകൂട്ടിയുള്ള അംഗീകാരങ്ങളും പ്രൊഫഷണൽ പ്രോജക്ട് മാനേജുമെന്റുമാണ്.
ഇനിയുള്ളത് ടൂറിസമാണ്. കേരളം ഭൂമിശാസ്ത്രപരമായി ഗൾഫുമായി സാമീപ്യമുള്ളതാണ്. വിമാന സൗകര്യവും ഏറെയാണ്. എന്നാലും ഗൾഫ് നിവാസികൾക്ക് ഏറ്റവും ഹ്രസ്വദൂര വിമാന മാർഗം ഇപ്പോഴും വേണ്ടത്ര വികസിച്ചിട്ടില്ല. വാരാന്ത്യ ടൂറിസം, മെഡിക്കൽ ടൂറിസം, ആയുർവേദം, മൺസൂൺ അവധിക്കാ ലം, വിവാഹ ഡെസ്റ്റിനേഷൻ, ആഡംബര സമുദ്രതീരയാത്രകൾ എന്നിവയെല്ലാം ഗൾഫിലുള്ളവരെ ലക്ഷ്യമിട്ട് വികസിപ്പിക്കാവുന്നതാണ്.
എന്നാൽ ഒരു പക്ഷെ, ഇത്തരമൊരു മാറ്റത്തിന്റെ പ്രധാന സാധ്യത വിഴിഞ്ഞത്താണ്. വിഴിഞ്ഞം ലോകത്തെ ഏറ്റവും തിരക്കേറിയ മാരിടൈം ഇടനാഴിയുടെ അടുത്താണ് . ഇവിടെ നിന്നുളള വാണിജ്യ ഇടപാടുകൾ 2024 ഡിസംബറിൽ തുടങ്ങിയതാണ്. 2026 ജനുവരിയിൽ ഇവിടെ 1.43 ദശലക്ഷം ടി.ഇ.യു കൾ കൈകാര്യം ചെയ്തു. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ കൈകര്യം ചെയ്യാൻ കഴിയുനവണ്ണം വിഴിഞ്ഞം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കേരളത്തിന്റെ സാമ്പത്തിക സാധ്യതകൾ മാറ്റിപ്പണിയും.
പതിറ്റാണ്ടുകളായി അറബിക്കടലിനെ ആശ്രയിച്ചായിരുന്നു കേരളത്തിലുള്ളവർ ഗർഫിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. ഇപ്പോൾ വിഴിഞ്ഞം അറബിക്കടലിനെ, ഇന്ത്യയെ ഗൾഫും ആഫ്രിക്കയും യുറോപ്പുമായി ബന്ധിപ്പികാന വാണിജ്യ പാതയായി മാറ്റിയിരിക്കുന്നു. തുറമുഖങ്ങൾ ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കും. ലോജിസ്റ്റിക്സ് കമ്പനികൾ, വെയർഹൗസുകൾ, സംസ്കരണ വ്യവസായങ്ങൾ, കപ്പൽ സേവനങ്ങൾ, സാമ്പത്തിക ബിസിനസ്സുകൾ, നിർമാണ ക്ലസ്റ്ററുകൾ എന്നിവയെല്ലാം വിജയകരമായി പ്രവർത്തിക്കുന്ന മാരിടൈം ഹബ്ബുകളെ മുറ്റിപ്പറ്റി വികസിക്കും. അതുകൊണ്ട്, ഒരു തുറമുഖം എന്നതിനപ്പുറത്തേക്ക് വിഴിഞ്ഞത്തെ കാണാൻ കേരളത്തിനു കഴിയണം. ഗൾഫ് നിക്ഷേപം ആകർഷിക്കാനും ഇന്ത്യൻ ഉൽപ്പാദകരെ അറബിക്കടൽ വഴിയുള്ള വിപണികളുമായി ബന്ധിപ്പിക്കാനും കഴിയുന്ന സാമ്പത്തിക ഇടനാഴിയായി വിഴിഞ്ഞത്തെ മാറ്റാൻ കഴിയണം.
ഇതിനു പിന്നിൽ വിപുലമായ ഒരു പാഠം കൂടിയുണ്ട്. കേരളം ഇങ്ങോട്ടുള്ള പണത്തിന്റെ വരവു മൂലം വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇത് സാമ്പത്തിക ബന്ധത്തിന്റെ ഒരു ഭാഗം മാത്രമാണ്. അടുത്ത ഘട്ടം നിക്ഷേപത്തിന്റെയും സംരംഭകത്വത്തിന്റെയും വിജ്ഞാന കൈമാറ്റത്തിന്റെയുമാണ്.
ദുബായിയിൽ ഒരു കമ്പനി പടുത്തുയർത്തുന്നതിന് 20 വർഷം ചെലവഴിച്ച ഒരു മലയാളി തിരിച്ച് നാട്ടിലെത്തി നിക്ഷേപം നടത്തുന്നതിനെപ്പറ്റി ആലോചിക്കുക. ഇന്ത്യൻ ലോജിസ്റ്റിക്സിലക്കുള്ള പ്രവേശന സ്ഥലമായി ഗൾഫ് നിക്ഷേപകർ വിഴിഞ്ഞത്തെ ഉപയോഗിക്കുന്നത് ആലോചിച്ചു നോക്കുക. ഗൾഫിലെ ആയിരക്കണക്കിനു രോഗികളെ കേരളത്തിലെ ആശുപത്രികൾ ചികിത്സിക്കുന്നതിനെപ്പറ്റി ചിന്തിക്കുക. അതുപോലെ, കേരളത്തിലെ സർവകലാശാലകൾ യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുമായി പങ്കാളിത്തമുണ്ടാക്കുകയും, അബുദാബിയിലോ റിയാദിലോ കേരളാ സ്റ്റാർട്ടുകൾ മൂലധനം സൃഷ്ടിക്കുന്നു എന്നു കരുതുക. ഇതിനൊന്നും കേരളത്തെ അപ്പാടെ അഴിച്ചു പണിയേണ്ട കാര്യമില്ല. കഴിഞ്ഞ അര നൂറ്റാണ്ടു കൊണ്ട് കേരളം രൂപപ്പെടുത്തിയ നയതന്ത്ര ബന്ധങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രം മതി.
ഇന്ത്യയുടെ ഗൾഫ് ബന്ധം ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിൽ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളമാണ് കൂടുതൽ നേട്ടമുണ്ടാക്കുക. കേരളത്തിന്റെ ഭൂമിശാസ്ത്രവും, കണക്ടിവിറ്റിയും, അടുത്ത പരിചയവും, വ്യാപകമായ നെറ്റ്വർക്കും , കൈവരിച്ച വിശ്വാസവും ഒക്കെയാണ് ഈ നേട്ടങ്ങൾക്ക് ഇടയാക്കുന്നത്. പതിറ്റാണ്ടുകളായി ഗൾഫ് കേരളത്തെ മാറ്റിത്തീർത്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യയുടെ മാറ്റത്തിന്റെയും ഗൾഫുമായുള്ള ബന്ധത്തിന്റെയും സുപ്രധാന ഭാഗമാകാനുള്ള അവസരമാണ് കേരളത്തിനു കൈവന്നിരിക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |