SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.57 AM IST

മാനം ഇരുണ്ടാൽ ഭീതിയുടെ നിഴൽ പരമ്പര--- ഭാഗം 1

a

ഓളപ്പരപ്പിലാണ് കുട്ടനാടിന്റെ ജീവിതം. മഴ പെയ്ത് മാനം തെളിഞ്ഞാലും കിഴക്കൻമലകളിൽ നിന്ന് ആറുകളിലൂടെ കടലിലേക്ക് കുതിക്കുന്ന വെള്ളം കൂരകളിലേക്ക് കുത്തിയൊലിച്ചെത്തും. അതിനാൽ ഒരു വള്ളപ്പാടകലെയാണ് കുട്ടനാട്ടുകാരുടെ ജീവിതം. കായലിലെ കട്ട കുത്തിയെടുത്ത് ബണ്ട് തീർത്ത സാഹസികതയ്ക്കും സഹനത്തിനുമപ്പുറം 2018ലെ പ്രളയവും 2019ലെ വെള്ളപ്പൊക്കവും പുതിയ ആശങ്കയാണ് കുട്ടനാടിന് സൃഷ്ടിച്ചത്.

കണ്ടുശീലിച്ച കാലാവസ്ഥ മാറിയതോടെ മാനം ഇരുളുമ്പോൾ കണ്ണുകളിൽ ഭീതിയുടെ നിഴലാട്ടമാണിപ്പോൾ. ചിരപരിചിതമായ ജലം ഏത് നിമിഷവും നാടിനെ വിഴുങ്ങുമെന്ന ആശങ്ക.

കുട്ടനാട്ടിന്റെ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ കഥകളിലെയും നോവലുകളിലെയും വാങ്മയ ചിത്രങ്ങളിലൂടെ കണ്ടും കേട്ടുമറിഞ്ഞ പഴയ കുട്ടനാടല്ല ഇപ്പോഴുള്ളത്. കാലം മാറിയപ്പോൾ പരിഷ്‌കാരങ്ങളും നഗര ജീവിത വേഗങ്ങളും കുട്ടനാട്ടിനെയും മാറ്റി.

ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും രണ്ടു മുതൽ മൂന്നു മീറ്റർവരെ താഴ്ചയിൽ നെൽകൃഷി ചെയ്യുന്ന ഏക പ്രദേശമാണ് കുട്ടനാട്. പമ്പ, മണിമല, മീനച്ചിൽ, അച്ചൻകോവിലാർ എന്നിവയുടെ പതനസ്ഥാനം പത്തനംതിട്ട ജില്ലയിലെ 5 പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ 27 പഞ്ചായത്തുകളും ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളും ചേരുന്ന ഏതാണ്ട് 900 ചതുരശ്ര കിലോമീറ്റർ വരുന്ന ഭൂപ്രദേശം.

കേരളത്തിന്റെ മൊത്തം നെല്ലുത്പാദനത്തിന്റെ മൂന്നിലൊന്നും സംസ്ഥാനത്തെ നെല്ലറകളിൽ ഒന്നായ കുട്ടനാട്ടിലാണ്. നെൽക്കൃഷിയിലൂടെ, ഭൂവുടമയും അരപ്പട്ടിണിക്കാരായ കർഷകത്തൊഴിലാളികളും തമ്മിലുള്ള പാരസ്പര്യം സെൻസെക്‌സിന്റെ വളർച്ചയാണ് രാജ്യപുരോഗതിയുടെ അളവുകോലെന്ന് കരുതുന്നവർക്ക് മനസിലാവില്ല. വർഷത്തിൽ രണ്ടു തവണയുള്ള കൃഷിയിലാണ് കുട്ടനാട്ടുകാരുടെ ഒരാണ്ടത്തെ പ്രതീക്ഷ. അതിലെ മിച്ചമാണ് അവരുടെ സ്വപ്നം.

അരലക്ഷം ഹെക്ടറിലാണ് ഒക്ടോബർ മാസത്തിൽ കൃഷിയിറക്കി ജനുവരി-ഫെബ്രുവരി മാസത്തിൽ കൊയ്‌തെടുക്കുന്ന പുഞ്ചക്കൃഷി. വേനലിൽ അമ്ലാധിക്യമുള്ള ഓരുവെള്ളം കയറുന്നതും മഴക്കാലത്ത് വെള്ളക്കെട്ടില്ലാത്ത പാടങ്ങളിലൊതുങ്ങുന്നതുമായ രണ്ടാംവിള. ബാക്കി 30,000 ഹെക്ടറോളം സ്ഥലം പ്രളയജലം ആവാഹിക്കാനായി തരിശിടൽ. ഒരു പ്രളയം എപ്പോഴും പ്രതീക്ഷിക്കുന്ന, അദ്ധ്വാനശീലരായ കർഷക ജനതയുടെ ദുരന്ത പ്രതിരോധ തയ്യാറെടുപ്പാണത്.

നെൽകൃഷി ജീവശ്വാസം

സർക്കാർ സഹായമൊന്നും കാര്യമായി നൽകിയില്ലെങ്കിലും, അടിക്കടിയുള്ള രാസവള- കീടനാശിനി വിലവർദ്ധനവിലും കൂലി വർദ്ധനയിലും നെൽക്കൃഷി ചെയ്യാതിരിക്കാനാകില്ല കുട്ടനാട്ടുകാർക്ക്. കൃഷിഭൂമിയുടെ വിസ്തൃതിക്കാനുപാതികമായി 'നേർമ്മ' എന്നു വിളിക്കുന്ന ധനശേഖരണത്തിലൂടെ പമ്പിംഗ് ചെലവുകളും അറ്റകുറ്റപ്പണികളും മടകെട്ടലും അവർ നടത്തും. ചുറ്റും വെള്ളം നിറഞ്ഞു കിടക്കുമ്പോൾ വർഷത്തിൽ 4-5 മാസം പുറംലോകവുമായി സംവദിക്കാനുള്ള ജീവശ്വാസമാണ് കുട്ടനാട്ടുകാരന് നെൽക്കൃഷി. കുട്ടനാട്ടിലെ പറവകൾ കതിരും കീടങ്ങളും തിന്ന് വയർ നിറയ്ക്കുന്നത് നെൽക്കൃഷി ബാക്കി നിൽക്കുന്നതുകൊണ്ടാണ്.

കുട്ടനാട്ടിലെ വിനോദ സഞ്ചാരത്തിന്റെ പൂർണത നെൽക്കൃഷി കൊണ്ടുകൂടിയാണ്. നെൽക്കൃഷി ഈ നാടിന്റെ പൈതൃകമാണ്. മനുഷ്യന്റെ അതിജീവന ശ്രമങ്ങളുടെ പൊലിയാത്ത തിരിനാളം. ഇതര സംസ്ഥാനങ്ങളുടെ മുന്നിൽ നീളുന്ന പിച്ചച്ചട്ടിയുടെ ആഴം കുറയ്ക്കുന്ന സ്വാഭിമാനത്തിന്റെ, സ്വാശ്രയത്വത്തിന്റെ ഹരിത സാക്ഷ്യം. അരിയാഹാരം ഇനിയും ദഹന വ്യൂഹങ്ങളിൽ ആസക്തിയുണർത്തുന്ന മലയാളിയുടെ അവശേഷിക്കുന്ന പച്ചത്തുരുത്ത്.

മാറ്റമില്ലാത്ത കാർഷിക സംസ്‌കൃതി

കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാട് ഇന്ന് വിനോദസഞ്ചാര ഭൂപടത്തിലെ മരതകമുത്താണ്. വിദേശ, സ്വദേശ സഞ്ചാരികൾ ഒഴുകിയെത്തുന്ന, അവർക്ക് ആതിഥേയത്വമരുളാൻ പുരത്തോണികളും ഹോംസ്റ്റേകളും ശിക്കാരകളും നാടൻ വള്ളങ്ങളും കാത്തിരിക്കുന്ന പ്രിയപ്പെട്ട ജലോപരിതല ദേശം. കുട്ടനാടിന്റെ പഴയ മുഖം ഏറെ മാറിയതിന്റെ ഗുണവും ദോഷവും എല്ലാം ഇവിടെ കാണാമെങ്കിലും മാറ്റമില്ലാത്തത് ഇവിടത്തെ കാർഷിക സംസ്‌കൃതിക്കാണ്. അതിന്റെ ഭാഗമായിരുന്ന ജന്മിത്തത്തിന്റെയോ അടിമത്തത്തിന്റെയോ ഭൂതകാലത്തിലല്ല അവരിപ്പോൾ. അതിർവരമ്പുകൾ ലംഘിച്ച പ്രകൃതിയുടെയും ജീവിതരീതിയുടെയും ദുരന്താഘാതങ്ങൾ അതിജീവിക്കുന്ന തത്രപ്പാടിലാണ്.

അതിജീവനത്തിനുള്ള

പോരാട്ടം

ഇക്കഴിഞ്ഞ കാലവർഷകാലത്ത് കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ആയിരക്കണക്കിന് ഹെക്ടർ പാടത്തെ കൃഷി മടസഹിതം കുത്തിയൊലിച്ചു പോയപ്പോൾ കർഷകർക്ക് മടിശീലയിൽ നിന്നുചോർന്നത് കടംവാങ്ങിയും പലിശയ്‌ക്കെടുത്തും ചെലവിട്ട പണം മാത്രമല്ല, വിളവെടുപ്പ് ലക്ഷ്യമാക്കിയുള്ള നാളെയുടെ സ്വപ്നങ്ങൾ കൂടിയാണ്.

നാലുപതിറ്റാണ്ടിനിടയിൽ കുട്ടനാടിന്റെ അതിജീവനത്തിനായി പറഞ്ഞുകേട്ട പദ്ധതികളിൽ പ്രയോഗത്തിലായത് ചുരുക്കം ചിലതുമാത്രം. കുടിവെള്ളവും യാത്രാസൗകര്യവും പ്രളയദുരിതാശ്വാസവുമൊക്കെ അടിസ്ഥാനപ്രശ്നങ്ങളായി നിലനിൽക്കെ കൃഷിക്കും ജീവിതത്തിനുമൊപ്പം ഇനി വരുന്നൊരു തലമുറയുടെ വാസവും നാടിന്റെ നിലനിൽപ്പും ഉറപ്പാക്കാൻ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ് കുട്ടനാട്.

അദ്ധ്വാനം മെച്ചം

പ്രതിഫലം തുച്ഛം

വിതയ്ക്കായി പാടങ്ങൾ ഒരുക്കുന്നത് മുതൽ വിളവെടുപ്പു വരെ ആറുമാസത്തെ അദ്ധ്വാനമുൾപ്പെടെ ഒരു ഏക്കറിലെ കൃഷിക്ക് ഏറ്റവും ചുരുങ്ങിയത് 40,000-45,000 രൂപവരെ ചെലവു വരും. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് ഒരു ഏക്കറിൽ നിന്ന് 22 ക്വിന്റൽ വിളവ് ലഭിച്ചാൽ കിലോഗ്രാമിന് കേന്ദ്രം അടുത്തിടെ വർദ്ധിപ്പിച്ച 72 പൈസയുൾപ്പെടെ 30.72 രൂപ പ്രകാരം 67,584 രൂപ കിട്ടും.

ഇതിൽ കൃഷിച്ചെലവും പാട്ടത്തുകയുമടക്കം കുറച്ചാൽ കഷ്ടിച്ച് 7,000 രൂപയാണ് മിച്ചം. പാട്ടത്തുക 25,000 രൂപ നൽകേണ്ടിവന്നാൽ പിന്നീടുള്ളത് 2,000 രൂപ മാത്രം. എന്നിട്ടും എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് കൃഷി ചെയ്യുന്നതെന്ന് ചോദിച്ചേക്കാം. നെൽവയലിൽ നിയമപ്രകാരം മറ്റൊന്നും ചെയ്യാനോ തരിശിടാനോ പാടില്ലെന്ന നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥകളും കൃഷി ഉപേക്ഷിക്കാൻ കർഷകർക്ക് മനസില്ലാത്തതുമാണ് കാരണം.

(തുടരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION