അബുദാബി: പ്രവാസികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് താമസക്കാരുള്ള രാജ്യമാണ് യുഎഇ. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതികഠിനമായ ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പലപ്പോഴും 51 ഡിഗ്രി സെൽഷ്യസ് വരെ രാജ്യത്തെ താപനില എത്തിയിരുന്നു. എന്നാൽ, കൊടുംചൂടിൽ നിന്ന് യുഎഇയിലെ താമസക്കാർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
സെപ്‌തംബർ 23 ബുധനാഴ്‌ച മുതൽ രാജ്യത്ത് ശരത്‌കാലം ആരംഭിക്കുമെന്നാണ് വിവരം. പുലർച്ചെ 4.05ന് കിഴക്കൻ ആകാശത്ത് ജെമിനി, ടോറസ്, ലിയോ എന്നീ രാശികളും സിറിയസ്, കനോപ്പസ്, പ്ലിയാഡസ് എന്നീ നക്ഷത്രസമൂഹങ്ങളും തെളിയുന്നതോടെ ശരത്‌കാലം തുടങ്ങും. ഒക്‌ടോബർ പകുതിയോടെ ശൈത്യകാല മേഘങ്ങൾ എത്തിത്തുടങ്ങും. ശരത്‌കാലത്തിന്റെ മദ്ധ്യത്തോടെ മഴയ്‌ക്കുള്ള സാദ്ധ്യത വർദ്ധിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനും അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
ശരത്‌കാലത്തിന്റെ തുടക്കത്തിൽ ശരാശരി താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും. സീസണിന്റെ മദ്ധ്യത്തിൽ അതായത് നവംബർ ആദ്യം താപനില പരമാവധി 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 18 ഡിഗ്രി സെൽഷ്യസും വരെ എത്തും. സീസണിന്റെ അവസാനത്തോടെ ഡിസംബർ 22ന് ശൈത്യകാലം ആരംഭിക്കും. ഇതോടെ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ കുറയും. ശരത്കാലത്തിന്റെ ആദ്യ പകുതിയിൽ അന്തരീക്ഷ ഈർപ്പം വർദ്ധിക്കാനും പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |