SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.27 AM IST

പണം കായ്ക്കുന്ന മരം?​ എടുത്താൽ അഞ്ച് വർഷം ദൗർഭാഗ്യം; സഞ്ചാരികളെ അമ്പരപ്പിച്ച് 'വിഷിംഗ് ട്രീസ്'

-money-tree
വിഷിംഗ് ട്രീസ്

ലണ്ടൻ: പണം മരത്തിൽ കായ്ക്കാറില്ലെന്ന് നമ്മളിൽ ചിലരെങ്കിലും പലപ്പോഴും പറയാറുണ്ട്. എന്നാൽ ബ്രിട്ടനിലെ ചില ഭാഗങ്ങളിൽ ചെന്നാൽ ഈ പഴഞ്ചൊല്ല് സത്യമാണെന്ന് വിശ്വസിക്കേണ്ടി വരും. കാരണം, അവിടുത്തെ ചില മരങ്ങളുടെ തടികളിൽ നിറയെ നാണയങ്ങൾ പതിപ്പിച്ചിരിക്കുന്നത് കാണാം. ‌ കൗതുകമുണർത്തുന്ന ഈ കാഴ്ച കാണുന്നവർ ഒരു നിമിഷം അമ്പരന്ന് നിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.

'മണി ട്രീസ്' അഥവാ 'വിഷിംഗ് ട്രീസ്' (ആഗ്രഹങ്ങൾ സാധിച്ചുതരുന്ന മരങ്ങൾ) എന്നാണ് ഈ മരങ്ങൾ അറിയപ്പെടുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്ലൻഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഈ മരങ്ങൾ കാണപ്പെടുന്നത്. നാണയം ചുറ്റിക കൊണ്ട് മരത്തിൽ അടിച്ചു കയറ്റിയാൽ ജീവിതത്തിൽ ഭാഗ്യവും ആരോഗ്യവും സന്തോഷവും ലഭിക്കുമെന്നാണ് വിശ്വാസം. 1700-കൾ മുതൽ നിലനിൽക്കുന്ന ആചാരമാണിത്. കൂടാതെ ഒരാൾക്ക് മാരകമായ അസുഖങ്ങൾ വന്നാൽ മരം അത് തനിയെ വലിച്ചെടുക്കുമെന്നും അങ്ങനെ രോഗം മാറി ആരോഗ്യം വീണ്ടെടുക്കാമെന്നും ആളുകൾ കരുതിയിരുന്നു.


പൗരാണിക അനുഷ്ഠാനങ്ങളിൽ വേരൂന്നിയതാണ് ഈ ആചാരം. നമ്മൾ കിണറുകളിലും ജലാശയങ്ങളിലും നാണയങ്ങൾ എറിഞ്ഞ് ആഗ്രഹം സാധിക്കുന്നതുപോലെ തന്നെയാണ് മരങ്ങളുടെ തടിയിൽ നാണയങ്ങൾ അടിച്ചുകയറ്റി ആഗ്രഹങ്ങൾ സാധിക്കാൻ ആളുകൾ പ്രാർത്ഥിച്ചിരുന്നത്.


ഐതിഹ്യങ്ങൾ അനുസരിച്ച് ഈ മരങ്ങളിൽ നിന്ന് ആരെങ്കിലും നാണയം ഊരിയെടുത്താൽ ദൗർഭാഗ്യങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് വിശ്വാസം. നാണയം മോഷ്ടിക്കുന്നവർക്ക് രോഗങ്ങളോ മറ്റ് ദുരന്തങ്ങളോ ഉണ്ടാകുമെന്നും ആളുകൾ വിശ്വസിച്ചുപോരുന്നു. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളായി തുടരുന്ന ഈ വഴിപാടുകളിൽ തൊടാൻ ആരും ധൈര്യപ്പെടാറുമില്ല.

സ്‌കോട്ട്ലൻഡിലെ ഐൽ മാരീയിലുള്ള സെന്റ് മെയ്ൽരുഭയുടെ അവശിഷ്ടങ്ങൾക്ക് സമീപമുള്ള മരമാണ് ഇതിൽ ഏറ്റവും പ്രശസ്തമായ ഒന്ന്. 1877-ൽ ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി പോലും ഇവിടെയൊരു നാണയം വച്ചിട്ടുണ്ടെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളും ഇക്കൂട്ടത്തിലുണ്ട്. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇപ്പോഴും മണി ട്രീ വലിയ രീതിയിൽ ആകർഷിക്കുകയാണ്. എന്നാൽ മരങ്ങളുടെ തടിയിൽ ലോഹം അടിച്ചു കയറ്റുന്നത് ജീവനുള്ള മരങ്ങൾക്ക് ദോഷം ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. എന്നിട്ടും ചരിത്രത്തിന്റെ പ്രതീകമായ ഈ മരങ്ങൾ കാണാൻ നിരവധി പേരാണ് ദിവസേന എത്താറുള്ളത്.

English Summary

Ancient "Wishing Trees" across Britain feature coins hammered into their trunks by locals. This 18th-century custom, prevalent in England, Wales, and Scotland, is believed to bring good fortune and health, with removing coins inviting bad luck. Despite scientific warnings about harm to the trees, these unique sites, some visited historically by royalty, remain significant tourist attractions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONEY TREE, LATESTNEWS, OFFBEAT, BRITAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360