
ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ,മുൻ പ്രധാനമന്ത്രി എൽ.കെ. അഡ്വാനി,വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.എസ് സന്ധു,ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത തുടങ്ങി 100ൽപ്പരം വി.ഐ.പികളും ലക്ഷകണക്കിന് സാധാരണക്കാരും എസ്.ഐ.ആർ കുരുക്കിൽ. ഡൽഹിയിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ(എസ്.ഐ.ആർ) പ്രക്രിയയുമായി ബന്ധപ്പെട്ട അന്തിമ വോട്ടർപട്ടികയിൽ ഇടം പിടിക്കണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെടുന്ന രേഖകൾ നൽകി അവരെ ബോദ്ധ്യപ്പെടുത്തേണ്ടി വരും. 1.45 കോടി വോട്ടർമാരുണ്ടായിരുന്നതിൽ,ആഗസ്റ്റ് 31ന് കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 47.7 ലക്ഷം പേരെ നീക്കിയിരുന്നു. കരടു പട്ടികയിലുൾപ്പെട്ടവരിൽ 31.6 ലക്ഷം പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പേരിലെയും വയസിലെയും ന്യൂനതകൾ അടക്കം പരിഹരിക്കാനാണിത്. ഒക്ടോബർ 29 വരെയാണ് സമയം. നവംബർ 4നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 639 ബൂത്തുകളിൽ പകുതിയിലേറെ വോട്ടർമാരെ നീക്കിയെന്നും,9 ബൂത്തുകളിൽ 87% പേരെയും നീക്കിയെന്നുമുള്ള റിപ്പോർട്ടുകൾ ഇതിനിടെ പുറത്തുവന്നു. പിന്നാലെ കടുത്ത വിമർശനവുമായി കോൺഗ്രസും ആംആദ്മി പാർട്ടിയും അടക്കം പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സ്വാധീനമുള്ളവരുടെ കാര്യം ഇതാണെങ്കിൽ ദരിദ്രരരുടെയും ഗ്രാമീണരുടെയും അവസ്ഥ എന്തായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ പേര് പട്ടികയിൽ എങ്ങനെയെത്തിയെന്ന് തൃണമൂൽ നേതാവ് സാകേത് ഗോഖലെ ആരാഞ്ഞു.
മുൻ ചീഫ് ജസ്റ്റിസുമാരുടെ
ഭാര്യമാർക്കും നോട്ടീസ്
ഡൽഹി ഉപമുഖ്യമന്ത്രി പർവേഷ് സാഹിബ് സിംഗ്,മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ,ജഗ്‌ദീപ് ധൻകറുടെ ഭാര്യ സുധേഷ് ധൻകർ,എൽ.കെ. അഡ്വാനിയുടെ മകൾ പ്രതിഭ,മരുമകൾ ഗീതിക,സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിയുടെ ഭാര്യ തേജസ്വിനി ഭൂഷൺ ഗവായ്,മറ്രൊരു മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഭാര്യ കൽപന ദാസ്,സുപ്രീംകോടതി മുൻ ജഡ്‌ജി മദൻ ബി. ലോക്കൂർ,മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ,അഭിഷേക് മനു സിംഗ്‌വി,ഇന്ദിരാ ജയ്‌സിംഗ്,ആനന്ദ് ഗ്രോവർ,ഹുസേഫ അഹമ്മദി,നോബൽ ജേതാവ് അമർത്യ സെൻ,മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ,ഭാരത രത്ന നൽകി രാജ്യം ആദരിച്ച രസതന്ത്രജ്ഞൻ സി.എൻ.ആർ. റാവു,ന്യൂഡൽഹി എം.പി ബാൻസുരി സ്വരാജ് എന്നിവർക്കും കിട്ടി നോട്ടീസ്. ബി.ജെ.പിയുടെ മുൻ ഐ.ടി സെൽ മേധാവി അമിത് മാളവ്യ,ഭാര്യ ഗൗരി മാളവ്യ,മുൻ കേന്ദ്രമന്ത്രി സുബ്രഹ്മണ്യൻ സ്വാമി,ബി.ജെ.പി ഡൽഹി ഘടകം മുൻ അദ്ധ്യക്ഷൻ വിരേന്ദ്ര കുമാർ സച്ച്ദേവ,ചരിത്രകാരി റോമില ഥാപ്പർ എന്നിവരും ഹിയറിംഗിന് പോകേണ്ടി വരും.
മറ്റു പ്രമുഖർ
1.മുൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി
2.മുൻ നാവിക സേനാ മേധാവി അഡ്മിറൽ അരുൺ പ്രകാശ്
3.പ്രധാനമന്ത്രിയുടെ മുൻ ശാസ്ത്ര ഉപദേഷ്‌ടാവ് അജയ് കുമാർ സൂദ്
4.സി.ബി.ഐ ഡയറക്‌ടർ പ്രവീൺ സൂദ്
5.ഫിഷറീസ് സെക്രട്ടറി അഭിലക്ഷ് ലിഖി
6.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |