SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

അത്‌ലറ്റിക്സിന് പ്രതീക്ഷ; വരും പുതിയ മൈതാനം

s

തൃശൂർ: അത്‌ലറ്റിക്‌സ് പരിശീലനം കൂടി സാദ്ധ്യമാകുന്ന സ്റ്റേഡിയം നഗരത്തിൽ ഒരുങ്ങുമെന്ന് പ്രതീക്ഷ. കോർപ്പറേഷന്റെയും അത്‌ലറ്റിക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റ് ആൻസി സോജൻ ഉൾപ്പെടെയുള്ളവർക്ക് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി ഒ.ജെ. ജനീഷിന്റെ വാക്കുകളാണ് പ്രതീക്ഷയ്ക്ക് വഴിയൊരുക്കുന്നത്. കോർപ്പറേഷനിലെ ഇപ്പോഴത്തെ യു.ഡി.എഫ് ഭരണസമിതിയും മന്ത്രി ജനീഷും അനുകൂല നിലപാട് സ്വീകരിക്കുന്നതോടെ അത്ലറ്റിക്സിന്റെ തലവര മാറുമെന്നാണ് പ്രതീക്ഷ. 2036ലെ ഒളിമ്പിക്സ് ലക്ഷ്യമിട്ട് മെഡൽ സാദ്ധ്യതയേറെയുള്ള അത്ലറ്റിക്സിന് പരിശീലനസൗകര്യം നഗരത്തിൽ തന്നെ ഒരുക്കുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. 'തൃശൂർ നഗരത്തിൽ 25 ഏക്കർ കണ്ടെത്തിയാൽ ഫുട്ബാളിന് മാത്രമായി സർക്കാർ - സ്വകാര്യ പങ്കാളിത്തത്തിൽ ഒരു സ്റ്റേഡിയം നിർമ്മിക്കാനാകുമെന്നും അങ്ങനെവന്നാൽ കോർപ്പറേഷൻ സ്റ്റേഡിയം അത്ലറ്റിക്സിന് ലഭ്യമാക്കാനാകും.' - അക്വാട്ടിക് കോംപ്ലക്സിലെ സായി കേന്ദ്രത്തിന് കീഴിൽ 8ഡിസിപ്ലിൻ ഉണ്ടായിരുന്നത് മൂന്നായി ചുരുങ്ങിയതുൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തിയായിരുന്നു മന്ത്രി വിശദീകരിച്ചത്.

കഴിഞ്ഞ കോർപ്പറേഷൻ ഭരണസമിതിയുടെ കാലത്ത് സൂപ്പർ ലീഗ് കേരള ക്ലബ്ബായ മാജിക് എഫ്.സിയുടെ ഹോം ഗ്രൗണ്ടാക്കുന്നതിനായി കോർപ്പറേഷൻ സ്റ്റേഡിയം കൈമാറിയത് വിവാദമായിരുന്നു. ജില്ലാ അത്ലറ്റിക്സ് അസോസിയേഷനും താരങ്ങളും ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഖേലോ ഇന്ത്യയുടെ വിപുലീകരണ പദ്ധതിക്കായി സ്റ്റേഡിയം കൈമാറണമെന്ന ആവശ്യമായിരുന്നു അത്ലറ്റിക്സ് താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. എന്നാൽ താരങ്ങളെയും മുൻതാരങ്ങളെയും രക്ഷിതാക്കളെയും ഉൾപ്പെടെ അണിനിരത്തിയായിരുന്നു കോർപ്പറേഷൻ തീരുമാനത്തെ ജില്ലാ ഫുട്ബാൾ ഫെഡറേഷൻ മറുപടി നൽകിയത്.

പുറത്തായ അത്‌ലറ്റിക്സ് അകത്തേക്ക്

കോർപ്പറേഷൻ സ്റ്റേഡിയം ഫുട്ബാളിനായി മാത്രം കൈമാറിയതോടെ എട്ട് ട്രാക്കുകളുണ്ടായിരുന്നത് ആറ് ട്രാക്കുകൾ മാത്രമായി. ഫുട്ബാൾ മൈതാനത്തിനായി ഫെൻസിംഗും ഗ്യാലറി വിപുലീകരണവും നടന്നതാണ് കാരണം. ഫെൻസിംഗ് ഒഴിവാക്കണമെന്നും അത്ലറ്റുകൾക്ക് കൂടി ഉപകാരപ്പെടുന്ന വിധം മൈതാനം ഉപയോഗിക്കണമെന്നുമായിരുന്നു അത്ലറ്റിക്സ് അസോസിയേഷനും അത്ലറ്റുകളുടെയും ആവശ്യം.

മേയർ ഡോ.നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ് എന്നിവരുമായി ചർച്ച ചെയ്ത് കോർപ്പറേഷൻ സ്റ്റേഡിയം അത്ലറ്റിക്സിന് കൂടി ഉപയോഗ്യമാക്കുന്ന വിധത്തിലാകണമെന്ന് ആഭ്യർത്ഥിക്കാനിരിക്കുകയാണ് അത്ലറ്റിക്സ് അസോസിയേഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL