SignIn
Kerala Kaumudi Online
Sunday, 28 June 2026 3.07 AM IST

വേനൽമഴ കുറഞ്ഞു; നീർച്ചാലായി ഭാരതപ്പുഴ

photo-
1,കൊച്ചിൻ പാലത്തിനും മുകളിൽ നിന്നുള്ള ഭാരതപ്പുഴയുടെ ദൃശ്യം 2,ഭാരതപ്പുഴ തടയണയിൽ നിന്നുമുള്ള ദൃശ്യം

ചെറുതുരുത്തി: കാലവർഷം ആരംഭിച്ച് നിറഞ്ഞുകവിയേണ്ട സമയത്ത് ഭാരതപ്പുഴ നിളാനദി വറ്റി വരണ്ട നിലയിൽ. മുൻവർഷങ്ങളിൽ ഈ സമയത്ത് നിറഞ്ഞുകവിഞ്ഞ് ഒഴുകിയിരുന്ന ഭാരതപ്പുഴയിൽ ഇപ്പോൾ പേരിന് മാത്രമാണ് വെള്ളമുള്ളത്. മഴ കുറഞ്ഞതോടെ വരുംമാസങ്ങളിൽ മേഖലയിൽ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. കൊച്ചിൻ പാലത്തിനോട് ചേർന്നുള്ള ഭാരതപ്പുഴയുടെ തടയണയിലെ ഷട്ടറുകൾ പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണ്. ഇതുമൂലം പുഴയിലൂടെ ഒഴുകിയെത്തുന്ന നേരിയ ജലം പോലും തങ്ങിനിൽക്കാതെ ഒലിച്ചുപോകുകയാണ്. ഇതിന് പുറമെ തടയണയ്ക്ക് 200 മീറ്റർ അകലെ റെയിൽവേ പുതിയ പാലം നിർമ്മിക്കുന്നതിനാൽ, പ്രത്യേകം തയ്യാറാക്കിയ വഴിയിലൂടെ മാത്രമാണ് ഇപ്പോൾ വെള്ളം ഒഴുകുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പാലക്കാട്, തൃശൂർ ജില്ലകളിലെ ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ ഇത്തവണ മഴ കുറവാണ് ലഭിച്ചത്. ഇതാണ് പുഴയിലെയും സമീപത്തെ മറ്റ് ജലാശയങ്ങളിലെയും ജലനിരപ്പ് താഴാൻ കാരണം.

കുടിവെള്ളം മുടങ്ങും

ചേലക്കര നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകൾ, വടക്കാഞ്ചേരി, ഷൊർണൂർ മുൻസിപ്പാലിറ്റികൾ, തൃശൂർ മെഡിക്കൽ കോളേജ് തുടങ്ങി ലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സാണ് ഭാരതപ്പുഴ. വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ ഈ പ്രദേശങ്ങളിലെല്ലാം കുടിവെള്ള വിതരണം തടസ്സപ്പെടും. ഇപ്പോൾ ലഭിക്കുന്ന വെള്ളമെങ്കിലും പുഴയിൽ കെട്ടിനിറുത്താൻ തടയണയിലെ ഷട്ടറുകൾ അടിയന്തരമായി അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാലിന്യം ഒഴുക്കിക്കളയാനെന്ന് വാട്ടർ അതോറിറ്റി


തടയണയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന മണൽവാരൽ സുഗമമാക്കാനാണ് അധികൃതർ ഷട്ടറുകൾ തുറന്നിട്ടിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ആരോപണം വാട്ടർ അതോറിറ്റി നിഷേധിച്ചു. എല്ലാ വർഷവും ഈ സമയം ഷട്ടറുകൾ മാറ്റി പുഴയിലെ മാലിന്യങ്ങൾ ഒഴുക്കിക്കളയുന്ന പതിവുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. വരും മാസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും പുഴ പഴയതുപോലെ നിറഞ്ഞൊഴുകുമെന്നുമാണ് പ്രതീക്ഷയെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL