SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.09 PM IST

വിതുരയിലെ പുസ്തകവായന തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

നെടുമങ്ങാട്: വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ പുസ്തകം വായിച്ചാൽ പണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് മണിചെയിൻ മാതൃകയിൽ ഒന്നേകാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും.

തട്ടിപ്പിൽ ഉത്തരേന്ത്യൻ ലോബിയുടെയും വിദേശികളുടെയും ബന്ധം സംശയിക്കുകയും ഒരുകോടി രൂപയ്ക്ക് മേൽ തട്ടിപ്പ് നടന്നതായി വ്യക്തമാകുകയും ചെയ്തതിനാലാണിത്. ഇതുസംബന്ധിച്ച് നെടുമങ്ങാട് ഡിവൈ.എസ്.പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. എസ്.പിയുടെ ഉത്തരവ് ഉടനുണ്ടാകുമെന്നാണ് കരുതുന്നതെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ബിനുകുമാർ വ്യക്തമാക്കി.

ആപ്പ് പ്രവർത്തിച്ചില്ല,​

ഒടുവിൽ പരാതിപ്രളയം

എൻ.ടി.എൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ആപ്ലിക്കേഷൻ ലിങ്ക് വാട്സ്ആപ്പ് മുഖേനെ അയച്ചുനൽകുന്നതാണ് തട്ടിപ്പിന്റെ തുടക്കം. ഇത് ഡൗൺലോഡ് ചെയ്ത് 1800 രൂപ അടച്ചാണ് ആദ്യം അംഗമാവുക. തുക അടച്ചാലും ഇരട്ടിയായി ഭാവിയിൽ തിരികെ ലഭിക്കുമെന്ന് വാഗ്ദാനത്തിൽ വിതുര മേഖലയിൽ നൂറ്റമ്പതോളം പേർ ഇരകളായിട്ടുണ്ട്. ഒരു പുസ്തകം വായിക്കുന്നതിന് 25 രൂപ മുതൽ ലഭിക്കുമെന്നാണ് വാഗ്ദാനം. അംഗമായി കഴിഞ്ഞാൽ ഉടനെ പുസ്തകങ്ങൾ അയച്ചുതരും. ആദ്യഘട്ടങ്ങളിൽ കുറച്ചുപേജുകൾ മറിച്ചു നോക്കിയാലും പണം ലഭിച്ചിരുന്നു. തുടക്കത്തിൽ ലക്ഷക്കണക്കിന് രൂപ പ്രതിഫലം കിട്ടിയവരുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും അടുത്തതിലെത്താൻ കൂടുതൽ തുക ആവശ്യപ്പെടും. ഏഴാം ഘട്ടത്തിൽ 69,000 രൂപയാണ് ആവശ്യപ്പെടുക. നിരവധിപ്പേർ ഈ തുക അടച്ചു. പിന്നീട് ആപ്പ് പ്രവർത്തന ക്ഷമമല്ലാതായതോടെയാണ് പരാതി നൽകിയത്. നിലവിൽ കേസിന്റെ അന്വേഷണച്ചുമതല വിതുര സബ് ഇൻസ്‌പെക്ടർക്കാണെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL