
നെയ്യാറ്റിൻകര: കളിയിക്കാവിള-നെയ്യാറ്റിൻകര ദേശീയപാത 66ലെ വാഹന ഗതാഗതസ്തംഭനം രൂക്ഷമായിട്ടും അധികൃതർക്ക് പ്രതികരണമില്ല. കരമന മുതൽ ബാലരാമപുരം-കൊടിനട വരെ നാലുവരി പാതയുടെ നിർമ്മാണം പൂർത്തിയായെങ്കിലും കൊടിനട മുതൽ ബാലരാമപുരം ജംഗ്ഷൻ കടന്ന് വഴിമുക്ക് വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. അതേസമയം കളിയിക്കാവിള-ബാലരാമപുരം ദേശീയപാതയിലെ റോഡ് വികസിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നാല് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കുള്ള ഈ ദേശീയപാതയിൽ മണിക്കൂറുകളോളം കാത്തുനിന്നാലെ ബാലരാമപുരം,ആലുമ്മൂട് എന്നിവടങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്നും രക്ഷനേടാനാകൂ.
നാലുവരി പാത: ഭൂമിയേറ്റെടുക്കലിൽ അനിശ്ചിതത്വം
വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള അവസാനഘട്ട നിർമാണപ്രവർത്തനങ്ങളിലെ ഭൂമി ഏറ്റെടുക്കലിലെ അനിശ്ചിതത്വവും ഫണ്ട് കുറവുമായും ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുന്നതായി ദേശീയപാത വികസന അതോറിട്ടി ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
റോഡ് വികസനത്തിനായി വർഷങ്ങൾക്ക് മുൻപ് ഭൂമിയളന്ന് തിട്ടപ്പെടുത്തിയതിനാൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ഈ ഭൂമി കച്ചവടം ചെയ്യുവാനും പ്രദേശവാസികൾക്ക് ആകുന്നില്ല.
കൊടിനട-വഴിമുക്ക് വരെയുള്ള 1.5കിലോമീറ്റർ ഭാഗത്ത് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതും ഭൂമി ഏറ്റെടുക്കുന്നതുമായ നടപടികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ഭൂമിയേറ്റെടുത്തിട്ടുള്ള പലഭൂവുടമകൾക്കും നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല.
വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള റീച്ചിന്റെ ഭൂമിയേറ്റെടുക്കലിനായി കിഫ്ബി വഴി 200കോടിയുടെ അനുമതി നൽകിയിരുന്നെങ്കിലും തുടർന്നുള്ള ബഡ്ജറ്റുകളിൽ കൃത്യമായ തുക വകയിരുത്താത്തതും നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത കെട്ടിടങ്ങൾ പോലും സമയബന്ധിതമായി പൊളിച്ചുമാറ്റി റോഡ് വീതികൂട്ടാൻ കരാറുകാർ തയ്യാറായിട്ടില്ല.
കളിയിക്കാവിള-കന്യാകുമാരി: ജോലികൾ പൂർത്തിയാകുന്നു
കളിയിക്കാവിള മുതൽ കന്യാകുമാരി വരെയുള്ള 54കി.മീറ്റർ നാലുവരിപ്പാത വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഈ റീച്ചിലെ ഏകദേശം 82ശതമാനത്തിലധികം ജോലികൾ പൂർത്തിയായി.ഡിസംബറോടെ ഈ ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കാനാണ് ദേശീയപാത അതോറിട്ടി ശ്രമിക്കുന്നത്. റോഡ് വീതികൂട്ടുവാൻ തടസമുള്ള മാർത്താണ്ഡം പോലുള്ള സ്ഥലങ്ങളിൽ ഓവർബ്രിഡ്ജ് നിർമ്മിച്ച് റോഡ് വികസനം ശാസ്ത്രീയമായി പൂർത്തിയാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |