SignIn
Kerala Kaumudi Online
Monday, 25 May 2026 1.45 AM IST

തീരദേശ മേഖലയ്ക്ക് ഭീഷണിയായി തെരുവുനായ്ക്കൾ

വക്കം: കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം തീരദേശ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഓടുന്ന വണ്ടിക്കുമുന്നിൽ തെരുവുനായ് കുറുകേ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാമ്പള്ളി നല്ലാം തിട്ടയിൽ ബിജി, വാൾട്ടർ ദമ്പതികളുടെ മകൻ ബിനോയ് (10) അപകടത്തിൽപ്പെട്ട് മരണ മടഞ്ഞിരുന്നു. ബിനോയ് അമ്മയോടും, സഹോദരി ബ്ലെസ്സിയോടൊപ്പം ഫോൺ റിപ്പയർ ചെയ്യുവാൻ ആറ്റിങ്ങലിൽ ഓട്ടോയിൽ പോകവേ നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട് ഓട്ടോയ്ക്കടിയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ സെപ്‌തംബർ 23ന് കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ് സ്‌കൂളിൽ നിന്നും പി.ടി.എ മീറ്റിംഗ് കഴിഞ്ഞ് പിതാവ് ഓടിച്ചിരുന്ന ഓട്ടോയിൽ അമ്മയോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങവേ കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് പ്രഭാത് ജംഗ്‌ഷനു സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നാണ് കായിക്കര ഏറത്ത് പടിഞ്ഞാറ് ജോൺ പോൾ, പ്രഭ ദമ്പതികളുടെ മകൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി സഖി (11) മരണപ്പെട്ടത്. അന്ന് പ്രഭയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ശല്യം രൂക്ഷം

മാമ്പള്ളി, മീരാൻ കടവ് പാലം, നിലയ്ക്കാമുക്ക് മാർക്കറ്റ്, മങ്കുഴി മാർക്കറ്റ്, ശ്രീനാരായണ വിലാസം ഹയർ സെക്കൻഡറി സ്കൂൾ എന്നീ മേഖലകളിലാണ് കൂടുതലായും നായ്ക്കൂട്ടം അലഞ്ഞു തിരിയുന്നത്. രാവിലെ പ്രഭാതസവാരിക്കിറങ്ങുന്നവർക്കും, സൊസൈറ്റികളിൽ പാൽ പത്രം കൊണ്ട് പോകുന്നവർക്കും, തൊഴിലിടങ്ങളിലേയ്ക്ക് പോകുന്നവർക്കും സ്കൂൾ കുട്ടികൾക്കുമുൾപ്പെടെ തെരുവുനായ്ക്കൾ വലിയ ശല്യമാണ്.

തെരുവുനായ്ക്കളിൽ അക്രമകാരികളും

ആഴ്ചകൾക്ക് മുമ്പ് അഞ്ചുതെങ്ങ് ജംഗ്ഷന് സമീപത്ത് റോഡിന് വശങ്ങളിൽ നിന്നവരെ നായ കടിച്ചിരുന്നു.നായയുടെ ആക്രമണത്തിൽ അഞ്ചുതെങ്ങ് തൈക്കൂട്ടം വീട്ടിൽ വിനോദ് - ബിൻസി ദമ്പതികളുടെ മകൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ വിഗിന് സാരമായി പരിക്കേറ്റിരുന്നു. ഇരുചക്രവാഹനയാത്രക്കാർക്ക് പിന്നാലെ നായ്ക്കൂട്ടം ഓടുന്നതോടെ രക്ഷപ്പെടുവാൻ അതിവേഗം ഓടിച്ച് അപകടത്തിൽപ്പെടുന്നതും പതിവാണ്. മീരാൻകടവ് പാലം കേന്ദ്രീകരിച്ചാണ് ഇവരുടെ വിശ്രമ സങ്കേതം. കോഴി, താറാവ്, ആട്, പശുക്കിടാങ്ങളേയും ആക്രമിക്കുന്നുണ്ട്.

നടപടി അനിവാര്യം

നായ്ക്കളുടെ കടിയേൽക്കുന്നവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്.കാപാലീശ്വരം, മാമ്പള്ളി കടപ്പുറം, പള്ളിക്കുടി, മുണ്ടുതുറ,കായിക്കര,ഇറങ്ങ് കടവ് എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെടുകയും തീരദേശ മേഖലകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL