SignIn
Kerala Kaumudi Online
Monday, 25 May 2026 5.58 AM IST

വോട്ടെണ്ണൽ: ജില്ലയിൽ 930 ഉദ്യോഗസ്ഥർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. നാളെ രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിക്കും. നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലാണ് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.

വോട്ടെണ്ണൽ കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്നതിന് ജില്ലാ ഇലക്ഷൻ ഓഫീസും ക്യാമ്പ് ഓഫീസും വിദ്യാനഗറിൽ പ്രവർത്തിക്കും. വർക്കല (202),ആറ്റിങ്ങൽ (213),ചിറയിൻകീഴ് (212),നെടുമങ്ങാട് (252),വാമനപുരം(231),കഴക്കൂട്ടം (216),വട്ടിയൂർക്കാവ് (209). തിരുവനന്തപുരം (230),നേമം (209),അരുവിക്കര (237).പാറശാല (257),കാട്ടാക്കട (222),കോവളം (269),നെയ്യാറ്റിൻകര (214) എന്നിങ്ങനെ ആകെ 3173 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്.

ഓരോ കേന്ദ്രത്തിലും 12 മുതൽ 14 വരെ ടേബിളുകൾ ഇ.വി.എം കൗണ്ടിംഗിനും 4 മുതൽ 9 വരെ ടേബിളുകൾ പോസ്റ്റൽ ബാലറ്റിനും ഒന്നു മുതൽ 4 വരെ ടേബിൾ ഇ.ടി.പി.ബി.എം.എസ് എണ്ണുന്നതിനും സജ്ജമാക്കിയിട്ടുണ്ട്. 17 മുതൽ 20 വരെ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ മുഴുവൻ ഫലവും അറിയാനാകും. വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ,സൂക്ഷ്മ നിരീക്ഷകർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.വോട്ടെണ്ണൽ ഹാളിൽ ഇ.സി.ഐ ഒബ്സർവർക്കും റിട്ടേണിംഗ് ഓഫീസർക്കും മാത്രമേ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. മറ്റുള്ളവർ പുറത്ത് സജ്ജമാക്കിയിട്ടുള്ള ഫോൺ ഡെപ്പോസിറ്റ് യൂണിറ്റിൽ മൊബൈൽഫോൺ വയ്ക്കണം.

സെന്ററിലേക്കുള്ള പ്രവേശനം കർശനമായും പാസ് അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ് മൂലം നിയന്ത്രിക്കും. പ്രത്യേക പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥന്മാർക്കും ഏജന്റുമാർക്കും പാർക്കിംഗ് കണ്ടുപിടിക്കുന്നതിനായി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് ഹെല്പ് ഡെസ്‌ക്കുകളും പ്രവർത്തിക്കും. വോട്ടെണ്ണൽ സെന്ററിൽ കുടുംബശ്രീയുടെ ഫുഡ്‌കോർട്ട് സജ്ജീകരിക്കും. രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർക്കായി ഭക്ഷണം കൊണ്ടുവരുന്ന വാഹനങ്ങൾക്കുള്ള പ്രവേശന പാസുകൾക്ക് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാരെ സമീപിക്കണമെന്നും കളക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL