
തിരുവല്ല : താലൂക്ക് ആശുപത്രിയിൽ ആരോഗ്യസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി സജ്ജീകരിച്ച നാല് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കും. ആശുപത്രി അങ്കണത്തിൽ രാവിലെ 10ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും.
ലക്ഷ്യ സ്റ്റാൻഡേർഡ് പ്രകാരം നവീകരിച്ച മറ്റേണിറ്റി വാർഡ്, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന നിർമ്മിച്ച ഓക്സിജൻ പ്ലാന്റ്, 15-ാം ധനകാര്യ കമ്മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജെറിയാട്രിക് വാർഡ്, പോളിഡെന്റൽ ക്ലിനിക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
നാല് പദ്ധതികളും യാഥാർത്ഥ്യമാകുന്നതോടെ താലൂക്ക് ആശുപത്രിയുടെ ചികിത്സാ -പരിചരണ സൗകര്യങ്ങളിൽ ഗണ്യമായ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രസവ പരിചരണം, ഓക്സിജൻ വിതരണം, വയോജന പരിചരണം, ദന്തചികിത്സ തുടങ്ങിയ മേഖലകളിൽ പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ പുതിയ സംവിധാനങ്ങൾ സഹായിക്കും.
അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭാദ്ധ്യക്ഷ എസ്.ലേഖ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.മഞ്ജു എബ്രഹാം എന്നിവർ പ്രസംഗിക്കും.
വാപ്‌കോസ് ആണ് മറ്റേണിറ്റി വാർഡ്
പദ്ധതി ചെലവ് : 1.30 കോടി രൂപ
പ്രസവ പരിചരണ രംഗത്ത് നിലവാരമുള്ള സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഓക്സിജൻ പ്ലാന്റ്
പദ്ധതി ചെലവ് : 1.25 കോടി രൂപ.
ആശുപത്രിയിലെ ഓക്സിജൻ ലഭ്യത കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പ്ലാന്റ് സഹായകരമാകും. നിർമ്മാണ ചുമതല : കെയർ സിസ്റ്റം.
ജെറിയാട്രിക് വാർഡ്
പദ്ധതി ചെലവ് : 1.02 കോടി രൂപ. (15-ാം ധനകാര്യ കമ്മിഷൻ ഫണ്ട് ). നിർമ്മാണ ചുമതല : കെൽ. പ്രായമായ രോഗികൾക്ക് ഫിസിയോതെറാപ്പി സൗകര്യം, എ.സി, ടെലിവിഷൻ എന്നിവയോടെ കൂടുതൽ സൗകര്യപ്രദമായ ചികിത്സാ സംവിധാനം ലക്ഷ്യമിടുന്നു.
പോളിഡെന്റൽ ക്ലിനിക്ക്
പദ്ധതി ചെലവ് : 60 ലക്ഷം രൂപ. കെൽ നിർമ്മിച്ച പോളിഡെന്റൽ ക്ലിനിക്കിൽ ഒരേസമയം മൂന്നുപേർക്ക് ദന്തചികിത്സാ സൗകര്യം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |