SignIn
Kerala Kaumudi Online
Monday, 25 May 2026 10.46 AM IST

സ്കൂളുകളുടെ ഫിറ്റ്നസ് : 5 കടമ്പകൾ, കീശ ചോരും

school

പത്തനംതിട്ട : പുതിയ അദ്ധ്യയന വർഷത്തിന് മുമ്പ് സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ നൊട്ടോട്ടത്തിലാണ് പ്രഥമാദ്ധ്യാപകർ. അഞ്ച് സർക്കാർ വകുപ്പുകളുടെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ സ്കൂളുകൾ തുറക്കാനാകൂ. ഫയർഫോഴ്സ്, ആരോഗ്യം, കെ.എസ്.ഇ.ബി, വനംവകുപ്പ് എന്നിവരിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി തദ്ദേശ സ്ഥാപനങ്ങളിൽ സമർപ്പിച്ച് അവിടെ നിന്നുള്ള അന്തിമ സർട്ടിഫിക്കറ്റ് ലഭിക്കണം. സർട്ടിഫിക്കറ്റ് നേടുന്നതിന് സ്കൂളുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ചെലവ് പ്രഥമാദ്ധ്യാപകർ വഹിക്കണം. ഒരുസ്കൂളിന് കെട്ടിടത്തിന്റെ വലുപ്പം അനുസരിച്ച് 25,000രൂപ മുതൽ ഒരുലക്ഷം രൂപ വരെ ചെലവാകാറുണ്ടെന്ന് പ്രഥമാദ്ധ്യാപകർ പറയുന്നു. എൽ.പി, യു.പി സ്കൂളുകളുടെ അറ്റകുറ്റപ്പണിക്ക് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തുമാണ് ഫണ്ട് അനുവദിക്കേണ്ടത്. കഴിഞ്ഞ വർഷം ചെലവാക്കിയ തുക പല പ്രഥമാദ്ധ്യാപർക്കും ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് തുക അനുവദിക്കാത്തത്.

അറ്റകുറ്റപ്പണികൾക്കൊപ്പം പ്രവേശനോത്സവം നടത്തുന്നതിന്റെ ചെലവും പ്രഥമാദ്ധ്യാപകർ വഹിക്കണം. ഇതിന് ഒരു സ്കൂളിന് കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും വേണ്ടിവരും. സ്കൂൾ പെയിന്റട‌ിക്കാനും പണം കണ്ടെത്തണം.

♦ പരിശോധനകൾ ഇങ്ങനെ

1.കെ.എസ്.ഇ.ബി : അപകടകരമായ നിലയിൽ വൈദ്യുതി ലൈനുകൾ, വയറിംഗ് തുടങ്ങിയവ ഒഴിവാക്കുന്നതിന് വൈദ്യുതി ബോർഡ് ഇൻസ്പെക്ടറേറ്റിന്റെ പരിശോധന. 555രൂപ ഫീസ് അടച്ചാൽ മാത്രമേ പരിശോധന നടത്തൂ എന്ന നിബന്ധന വിവാദമായപ്പോൾ കെ.എസ്.ഇ.ബി പിൻവലിച്ചു.

2.ആരോഗ്യ വകുപ്പ് : സ്കൂളിലെ കിണർ, സ്കൂൾ പരിസരം എന്നിവ ശുചീകരിക്കണം. കിണറ്റിലെയും ടാങ്കിലെയും വെള്ളം ഭക്ഷ്യസുരക്ഷാ ലാബിൽ എത്തിച്ച് ഗുണനിലവാരം പരിശോധിക്കണം. കിണറും ടാങ്കും ശുചീകരിക്കുന്നതിന് മാത്രം 5000രൂപ വരെ ചെലവാകും.

3.ഫയർഫോഴ്സ് : തീ കെടുത്തുന്നതിന് ഫയർ എക്സ്റ്റിംഗ്വിഷർ സ്ഥാപിക്കണം. പുതിയ ഫയർ എക്സ്റ്റിംഗ്വിഷറിന് 2500രൂപ വിലയാകും. പഴയതിൽ കെമിക്കൽ പൗഡർ നിറയ്ക്കുന്നതിന് 750 - 1000 രൂപ ചെലവാകും.

4.വനംവകുപ്പ്: കെട്ടിടങ്ങൾക്ക് ഭീഷണിയായ മരങ്ങൾ മുറിക്കണം. ഇഴജീവികളുടെ ശല്യം ഒഴിവാക്കുന്നതിന് ഭിത്തികളിലെ പോടുകളും വിടവുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

സ്കൂൾ ഫിറ്റ്നസ് നേടുന്നതിന് ചെലവാക്കുന്ന തുക ഗ്രാമ പഞ്ചായത്തുകൾ അഡ്വാൻസായി അനുവദിക്കണം.
ഫിലിപ്പ് ജോർജ്, ഹെഡ്മാസ്റ്റേഴ്സ് ഫോറം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL