SignIn
Kerala Kaumudi Online
Monday, 25 May 2026 7.41 AM IST

വോട്ട് വിഹിതം കൂട്ടി യു.ഡി.എഫും എൻ.ഡി.എയും

ldf-udf-bjp

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് സീറ്റിൽ നാലും പിടിച്ചെടുത്ത യു.ഡി.എഫ് വോട്ട് വിഹിതം വർദ്ധിപ്പിച്ചു. 2021നേക്കാൾ അഞ്ച് ശതമാനത്തിലധികം വോട്ടുകൾ യു.ഡി.എഫ് നേടി. എൽ.ഡി.എഫിന് ഏഴ് ശതമാനത്തോളം കുറഞ്ഞു. എൻ.ഡി.എയ്ക്ക് രണ്ട് ശതമാനത്തോളം വോട്ടുകൾ കൂടി. പത്ത് വർഷം മുൻപ് തകർന്നടിഞ്ഞ യു.ഡി.എഫ് തിരിച്ചുവരുന്നതിന്റെ സൂചനയാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും കണ്ടത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റും കിട്ടാതിരുന്നിട്ടും യു.ഡി.എഫിന് 2016നേക്കാൾ വോട്ട് ശതമാനത്തിൽ നേരിയ വർദ്ധനവ് ഉണ്ടാക്കാനായി. 2021ൽ 37.65 ശതമാനം വോട്ടാണ് നേടിയത്. 2,75,548 വോട്ട് അഞ്ച് മണ്ഡലത്തിലുമായി ലഭിച്ചു. ജില്ലയിൽ ആകെ പോൾ ചെയ്ത വോട്ടുകൾ 7,31,740. അഞ്ച് സീറ്റും പിടിച്ച എൽ.ഡി.എഫും വോട്ട് ശതമാനം ഉയർത്തി. 43.55 ശതമാനം (3,18,684) വോട്ടുകളാണ് നേടിയത്. എന്നാൽ എൻ.ഡി.എ.യ്ക്ക് വോട്ട് ശതമാനം കുറഞ്ഞു. 17.51 ശതമാനം (1,28,151) വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
ഇത്തവണ വോട്ടുചിത്രം മാറിമറിഞ്ഞു. അഞ്ച് മണ്ഡലത്തിലുമായി യു.ഡി.എഫ്. 42.80 ശതമാനം വോട്ടുനേടി. ആകെ പോൾ ചെയ്ത 7,07,113 വോട്ടുകളിൽ 3,03,654 വോട്ടുകൾ മുന്നണി സ്വന്തമാക്കി. എൽ.ഡി.എഫിന് 2,59,630 വോട്ടുകളെ നേടാനായുള്ളൂ. വോട്ടുശതമാനം 36.71 ശതമാനത്തിലേക്ക് താഴ്ന്നു. അതേസമയം, എൻ.ഡി.എ. വോട്ടുയർത്തി. 1,37,669 വോട്ടുകൾ ആകെ നേടി. ബി.ജെ.പി. മത്സരിച്ച മൂന്നിടത്തും വോട്ടുയർത്തിയപ്പോൾ ഘടകകക്ഷികൾ മത്സരിച്ച രണ്ടിടത്ത് വോട്ട് കുത്തനെ കുറഞ്ഞു. എൻ.ഡി.എ ജില്ലയിൽ ഇത്തവണ നേടിയത് 19.46 ശതമാനം വോട്ടാണ്.

♦ 2026 നിയമസഭ


മുന്നണി വോട്ട് ശതമാനം
യു.ഡി.എഫ്. 42.80
എൽ.ഡി.എഫ്. 36.71
എൻ.ഡി.എ. 19.46


♦ 2021 നിയമസഭ


മുന്നണി വോട്ട് ശതമാനം
യു.ഡി.എഫ്. 37.65
എൽ.ഡി.എഫ്. 43.55
എൻ.ഡി.എ. 17.51


♦ 2016 നിയമസഭ


മുന്നണി വോട്ട് ശതമാനം
യു.ഡി.എഫ്. 37.49
എൽ.ഡി.എഫ്. 42.28
എൻ.ഡി.എ. 19.05

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL