ഭൂരിഭാഗം വിദ്യാർത്ഥികളും മാറിയത് എയ്ഡഡ് സ്‌കൂളുകളിലേക്ക്
പാലക്കാട്: ഹയർസെക്കൻഡറി പ്രവേശന നടപടികൾക്കിടെ പാലക്കാട് ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങി മറ്റ് സ്‌കൂളുകളിലേക്ക് മാറിയത് ഏകദേശം 2,500 വിദ്യാർത്ഥികൾ. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള തത്സമയ പ്രവേശന നടപടികൾ പൂർത്തിയായതോടെയാണ് ഇത്രയും വിദ്യാർത്ഥികൾ സർക്കാർ സ്‌കൂളുകളിൽ നിന്ന് മാറിയതായി എച്ച്.എസ്.ക്യാപ് പോർട്ടലിലെ കണക്കുകളിൽ വ്യക്തമായത്. ഭൂരിഭാഗം വിദ്യാർത്ഥികളും എയ്ഡഡ് സ്‌കൂളുകളിലേക്കാണ് പോയത്. പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നതിനുപകരം പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് പിന്നീട് സ്‌കൂൾ മാറാൻ അവസരം നൽകിയതാണ് കൂടുതൽ പേർ ടി.സി വാങ്ങി പോകാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ജില്ലയിൽ ആകെ 62 സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളാണുള്ളത്. ഇതിൽ ജി.എച്ച്.എസ്.എസ് ഗണേശഗിരി, ജി.എച്ച്.എസ്.എസ് തേങ്കുറുശ്ശി, ജി.എച്ച്.എസ്.എസ് മുന്നൂർക്കോട് എന്നിവിടങ്ങളിൽ നിന്ന് നൂറിലേറെ വിദ്യാർത്ഥികൾ വീതം സ്‌കൂൾ മാറി. ഗണേശഗിരി സ്‌കൂളിൽ നിന്ന് മാത്രം 190 വിദ്യാർത്ഥികൾ സ്‌കൂൾ മാറി. മുന്നൂർക്കോട് സ്‌കൂളിൽ സയൻസ് വിഭാഗത്തിൽ 26 വിദ്യാർത്ഥികൾ പ്രവേശനം നേടിയപ്പോൾ 48 പേർ ടി.സി. വാങ്ങി. ആകെ 160 വിദ്യാർത്ഥികളാണ് മുന്നൂർക്കോട് സ്‌കൂളിൽ നിന്ന് മാറിയത്. തേങ്കുറുശ്ശി സ്‌കൂളിൽ നിന്ന് 100ലേറെ വിദ്യാർത്ഥികൾ ടി.സി വാങ്ങി മറ്റ് സ്‌കൂളുകളിലേക്ക് പോയിട്ടുണ്ട്. എന്നാൽ മറ്റ് സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിയതോടെ ഇവിടെ സ്‌കൂൾ മാറ്റത്തിന്റെ ആഘാതം ഒരു പരിധിവരെ കുറയ്ക്കാനായി. പെരുമാട്ടി സ്‌കൂളിൽ നിന്ന് 77 വിദ്യാർത്ഥികൾ മാറിയപ്പോൾ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 28 പേരും കൊമേഴ്സിൽ 21 പേരും മാത്രമാണ് പ്രവേശനം നേടിയത്. ഇത്തവണത്തെ ഹയർസെക്കൻഡറി പ്രവേശന നടപടികൾ പൂർത്തിയായതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ജില്ലയിൽ 29 സ്‌കൂളുകളിലായി 30 പുതിയ ബാച്ചുകൾ അനുവദിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |