SignIn
Kerala Kaumudi Online
Monday, 22 June 2026 4.46 AM IST

മലബാറിലെ ട്രെയിൻ യാത്രയ്ക്ക് ഇനി ശരവേഗം

train
train

 ഷൊർണൂർ - മാംഗ്ലൂർ പാതയിൽ വേഗത 130 കിലോമീറ്ററാക്കാൻ റെയിൽവേ

പാലക്കാട്: കേരളത്തിലെ ഏറ്റവും തിരക്കേറിയ വടക്കൻ റെയിൽ കോറിഡോറിലെ ട്രെയിൻ യാത്രകൾ ഇനി കൂടുതൽ വേഗമേറിയതും കാര്യക്ഷമവുമാകും. ഷൊർണൂർ - മാംഗ്ലൂർ പാതയിലെ ട്രെയിനുകളുടെ പരമാവധി വേഗത നിലവിലുള്ള 110 കിലോമീറ്ററിൽ നിന്നും 130 കിലോമീറ്ററായി ഉയർത്തുന്നതിനുള്ള നടപടികളുമായി പാലക്കാട് റെയിൽവേ ഡിവിഷൻ മുന്നോട്ട് പോകുകയാണ്. രണ്ട് വർഷത്തിനുള്ളിൽ ലക്ഷ്യം പൂർണമായി കൈവരിക്കാനാകുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്.

നിലവിലെ പാതകളുടെ ശേഷി വർദ്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഷൊർണൂർ - മാംഗ്ലൂർ റൂട്ടിൽ ആറ് പുതിയ ലൂപ്പ് ലൈനുകളും നാല് ഹോൾഡിംഗ് യാർഡുകളും നിർമ്മിച്ചുവരികയാണ്. ട്രെയിൻ കൈകാര്യം ചെയ്യാനുള്ള ശേഷി മെച്ചപ്പെടുത്തുക, ഒരേസമയം ഒന്നിലധികം ട്രെയിനുകൾക്ക് കടന്നുപോകാനുള്ള ക്രോസിംഗ് സൗകര്യം ഒരുക്കുക, മറ്റ് ട്രെയിനുകളെ മറികടന്ന് പോകാൻ സഹായിക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

വേഗത വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. കൂടുതൽ ലൂപ്പ് ലൈനുകളും ഹോൾഡിംഗ് യാർഡുകളും വരുന്നതോടെ പാതയ്ക്ക് കൂടുതൽ യാത്രാചരക്ക് ട്രെയിൻ സർവീസുകളെ ഉൾക്കൊള്ളാൻ സാധിക്കും. എടക്കാട് റെയിൽവേ സ്റ്റേഷനിലെ ലൂപ്പ് ലൈൻ നിർമ്മാണത്തിന് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. മറ്റ് അഞ്ച് സ്ഥലങ്ങളിലെ ലൂപ്പ് ലൈനുകൾക്ക് ഉടൻ തന്നെ അനുമതി ലഭിക്കുമെന്നും പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചു.

 പാതകളിലെ തിരക്ക് വലിയ വെല്ലുവിളി

നിലവിലുള്ള പാതകളിലെ ക്രമാതീതമായ തിരക്കാണ് റെയിൽവേ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഷൊർണൂർ - പോത്തന്നൂർ പാതയിൽ നിലവിൽ 100 ശതമാനവും ട്രാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. ഷൊർണൂർ - മാംഗ്ലൂർ പാതയിൽ ഇത് 90 ശതമാനത്തോളമാണ്. വിവിധ റൂട്ടുകളിലായി ആകെ 250 കിലോമീറ്റർ നീളത്തിൽ ട്രാക്കുകളിലെ പഴയ സ്ലീപ്പറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഇതിനൊപ്പം മേൽപ്പാലങ്ങളുടെ നവീകരണവും യാർഡുകളുടെ വികസനവും ഒരേസമയം നടക്കുന്നുണ്ട്. 2027 അവസാനത്തോടെ ഈ പാത പുതിയ വേഗത പരിശോധിക്കുന്നതിനുള്ള പരീക്ഷണ ഓട്ടത്തിന് സജ്ജമാക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് അധികൃതർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL