SignIn
Kerala Kaumudi Online
Monday, 24 August 2026 4.37 AM IST

നേന്ത്രക്കായ വില മാനംമുട്ടി; തൂശനിലയ്ക്കും വൻ ഡിമാൻഡ്

മലപ്പുറം: ഓണം അടുത്തെത്തിയതോടെ നേന്ത്രക്കായയ്ക്കും വാഴയിലയ്ക്കും തീവില. മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് നേന്ത്രവില കുതിച്ചുയരുന്നത്. ജില്ലയിലെ പ്രധാന പച്ചക്കറി ഹോൾസെയിൽ വിപണിയായ മഞ്ചേരിയിൽ ഇന്നലെ നേന്ത്രക്കായയ്ക്ക് കിലോയ്ക്ക് 57 രൂപ മുതൽ 60 രൂപ വരെ ഉയർന്നിട്ടുണ്ട്. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നേന്ത്രയ്ക്ക് കിലോയ്ക്ക് 75 മുതൽ 78 രൂപ വരെയാണ് ഈടാക്കുന്നത്. ശർക്കര ഉപ്പേരിയും ചിപ്സും ഓണസദ്യയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളായതിനാൽ വൻതോതിൽ നേന്ത്രക്കായയുടെ ആവശ്യകത ഉയർന്നു.

കർണാടകയിലും തമിഴ്‌നാട്ടിലും ഉത്പാദനം കുറഞ്ഞതും കേരളത്തിൽ കനത്ത മഴ കാരണം പലയിടത്തും വാഴക്കൃഷി നശിച്ചതുമാണ് വിപണിയിൽ പെട്ടെന്നുണ്ടായ ഈ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം. വയനാട് ഉൾപ്പെടെയുള്ള ഉത്പാദന കേന്ദ്രങ്ങളിൽ വിളവെടുപ്പിന് പാകമായ കുലകളുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. ഓണക്കാലത്തിന് തൊട്ടുമുമ്പ് വരെ 20-25 രൂപ നിരക്കിൽ വിറ്റുപോയിരുന്ന നേന്ത്രക്കായയ്ക്ക് പെട്ടെന്ന് ഉയർന്ന വില ലഭിക്കുന്നത് കർഷകർക്ക് ആശ്വാസമാകുന്നുണ്ടെങ്കിലും, ഓണച്ചന്തകളെ ആശ്രയിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇത് കനത്ത തിരിച്ചടിയാണ്

തൂശനില കിട്ടാനില്ല

  • തൂശനിലയ്ക്ക് വിപണിയിൽ വൻ ഡിമാൻഡാണ്. ഒരു ഇലയ്ക്ക് ആറ് രൂപ നൽകണം. ഓണം ദിവസങ്ങളിലേക്ക് അടുക്കുമ്പോൾ ഇത് 10 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു.
  • മഴ കാരണം ജില്ലയിൽ വലിയ നാശനഷ്ടം സംഭവിച്ചതോടെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ ഇലകൾ വൻതോതിൽ വിപണിയിലെത്തിക്കുന്നത്.
  • വാഴക്കാട്, വാഴയൂർ, പുളിക്കൽ, ചെറുകാവ്, വേങ്ങര, കണ്ണമംഗലം, ഒതുക്കുങ്ങൽ, പറപ്പൂർ, കാളികാവ്, വണ്ടൂർ മേഖലകളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത്.
  • കാറ്റിലും മഴയിലും ഈ പ്രദേശങ്ങളിൽ അരലക്ഷത്തോളം വാഴകൾ നിലംപൊത്തിയിട്ടുണ്ട്. മൂന്നര കോടിയോളം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

ഒരുതൂശനിലയുടെ വില: 6 രൂപ

നേന്ത്രവില കിലോയ്ക്ക്: 75

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL