SignIn
Kerala Kaumudi Online
Sunday, 28 June 2026 3.04 AM IST

പൾസ് പോളിയോ വിതരണം ഇന്ന്; 3.92 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും

news

മലപ്പുറം: ജില്ലയിൽ പോളിയോ രോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന് നടക്കും. അഞ്ച് വയസ്സിന് താഴെയുള്ള 3.92 ലക്ഷം കുട്ടികൾക്കാണ് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോ തുള്ളിമരുന്ന് നൽകുന്നത്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് വിതരണ സമയം. ജില്ലയിലുടനീളം 3,925 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളകളിൽ കുഞ്ഞുങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് 34 മൊബൈൽ ടീമുകളുടെ നേതൃത്വത്തിൽ 66 ട്രാൻസിറ്റ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേകം പരിശീലനം ലഭിച്ച 441 സൂപ്പർവൈസർമാരും 8,096 വളണ്ടിയർമാരും രംഗത്തുണ്ടാകും. ജില്ലയിലെ 1,998 അതിഥിത്തൊഴിലാളികളുടെ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകും. ഇന്ന് ബൂത്തിലെത്താൻ സാധിക്കാത്ത കുട്ടികൾക്കായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകരും വളണ്ടിയർമാരും നേരിട്ട് വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.
പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് പൂക്കോട്ടൂർ ഫാമിലി ഹെൽത്ത് സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി നിർവ്വഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.എ.ഷിബുലാൽ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.എൻ.എൻ.പമീലി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.എം.ജാനിഫ്, ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷൻ മീഡിയ ഓഫീസർ ഡി.അജിത്ത്, ഐ.ഇ.സി കൺസൾട്ടന്റ് ഇ.ആർ.ദിവ്യ പങ്കെടുത്തു.


അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളും രക്ഷാകർത്താക്കളും പ്രത്യേകം ശ്രദ്ധിക്കണം.
ഡോ.എ.ഷിബുലാൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്

.

അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ - 3.92 ലക്ഷം

ആകെ ബൂത്തുകൾ - 3,925

ട്രാൻസിറ്റ് ബൂത്തുകൾ- 66

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL