കോഴിക്കോട്: പച്ചപ്പനയോലയുടെ മണവും ഗ്രാമീണ കരവിരുതിന്റെ ഭംഗിയും സമന്വയിച്ച വേറിട്ട കാഴ്ചയ്ക്കാണ് ചാത്തമംഗലം എൻ.ഐ.ടി മൈതാനം സാക്ഷ്യംവഹിച്ചത്. 68ാമത് സംസ്ഥാന സ്കൂൾ കായികമേളയെ വരവേൽക്കാനായി പ്രകൃതിസൗഹൃദ സന്ദേശവുമായി ജില്ലാ ശുചിത്വ മിഷനും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയും ചാത്തമംഗലം ഗ്രാമപഞ്ചായത്തും ചേർന്ന് ഒരുക്കിയ വല്ലം മെടയൽ മത്സരത്തിലാണ് പഴമയുടെ ഓർമ പുതുക്കലും ഗ്രാമീണ തനിമയും ഒത്തുചേർന്നത്. അന്യംനിന്നുപോകുന്ന നാടൻ കൈത്തൊഴിലിന് പുതുജീവൻ നൽകിയതിനൊപ്പം, കായികമേള പൂർണമായും മാലിന്യമുക്തമാക്കുക എന്ന ഹരിതസന്ദേശം നൽകാനും മത്സരത്തിനായി.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ 21 പ്രാദേശിക കലാകാരരും മുതിർന്നവരുമാണ് മത്സരത്തിൽ മാറ്റുരച്ചത്. പരിസരങ്ങളിലെ തോട്ടങ്ങളിൽ നിന്ന് ശേഖരിച്ച പച്ച തെങ്ങോലകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ അതിമനോഹരമായ വല്ലങ്ങളാണ് മത്സരാർത്ഥികൾ തത്സമയം മെടഞ്ഞെടുത്തത്. പൂർണമായും പ്ലാസ്റ്റിക് രഹിതമായി നിർമ്മിച്ച വല്ലങ്ങൾ കായികമേളയുടെ വിവിധ വേദികളിൽ മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കും. കായികമാമാങ്കത്തിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം, പുതിയ തലമുറയ്ക്ക് അന്യംനിന്നുപോകുന്ന നാടൻ കരവിരുതുകളെക്കുറിച്ച് അറിവു പകരുക എന്ന ലക്ഷ്യവുമായാണ് മത്സരം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ അദ്ധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അനീഷ്, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ പി.സി. അബ്ദുറഹീം, ടി. മനോജ്, രാജൻ വടകര, പി. കൃഷ്ണകുമാർ, കെ. പ്രീത, ടി. റിയാസ് കക്കാട്, ജുബ്ന, ഷഫീഖ് കോവൂർ, മുജീബ് കക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
മത്സരത്തിൽ ചേനോളി സ്വദേശി കെ.എം. ഗോവിന്ദൻ ഒന്നാം സ്ഥാനവും വെള്ളലശ്ശേരി സ്വദേശി പി. നിഷ രണ്ടാംസ്ഥാനവും വെള്ളന്നൂർ സ്വദേശി സ്നേഹപ്രഭ മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സ്വർണപ്പതക്കവും പങ്കെടുത്ത മുഴുവൻ ആളുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിച്ചു. വേസ്റ്റ് മെറ്റീരിയലുകൾ ഉപയോഗിച്ച് മനോഹരമായി കൊട്ട നിർമ്മിച്ച് ഖദീജ ചോല മത്സരരംഗത്ത് വേറിട്ട കാഴ്ചയൊരുക്കി.
സ്വർണക്കപ്പ് പ്രയാണം തുടങ്ങി;
25ന്കോഴിക്കോട്ടെത്തും
കോഴിക്കോട്: കായികകേരളത്തിന്റെ ആവേശം വാനോളമുയർത്തി സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വർണക്കപ്പ് പ്രയാണം തുടങ്ങി. ജില്ലകളിൽ ആവേശത്തിരയിളക്കി മുന്നേറുന്ന സ്വർണക്കപ്പ് 25ന് കോഴിക്കോട്ടെത്തും. രാവിലെ ഒൻപതിന് കോഴിക്കോട് ബീച്ചിൽ കപ്പിന് സ്വീകരണം നൽകും. തുടർന്ന് നഗരത്തിൽ പര്യടനം നടത്തും. വൈകിട്ട് മൂന്നിന് എൻ.ഐ.ടി ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കായികമേളയ്ക്ക് തുടക്കമാകും. ട്രാക്കിലും ഫീൽഡിലും വേഗവും കരുത്തും സഹനശേഷിയും മാറ്റുരയ്ക്കുന്ന കായികമാമാങ്കത്തിനായി കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച സ്വർണക്കപ്പ് പ്രയാണം വിവിധ ജില്ലകളിലെ വിദ്യാലയങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ജില്ലയിലെത്തുക. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പ്രയാണം പൂർത്തിയാക്കി. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും പര്യടനം നടത്തും. 24ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിനുശേഷമാണ് കോഴിക്കോട് ജില്ലയിലെത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |