കോഴിക്കോട്: ഓണം വൈബിലലിഞ്ഞ് നാടും നഗരവും. ഇന്ന് തിരുവോണം. രാവിലെ മഴ പെയ്തെങ്കിലും പലയിടത്തും അത് വക വെയ്ക്കാതെ ഉത്രാടപ്പാച്ചിലായി. ഒന്നും വിട്ടുപോകാതെ സദ്യയ്ക്കുള്ള പച്ചക്കറിയും പലചരക്കുമെല്ലാം എത്തിക്കാൻ നീണ്ട ലിസ്റ്റുമായാണ് പലരും എത്തിയത്. പച്ചക്കറി, പഴം, പൂ, പാൽ, വസ്ത്രവ്യാപാരം എന്നീ വിപണികളിലായിരുന്നു കൂടുതൽ തിരക്ക്.
ഓണക്കോടി, പൂവ്, പച്ചക്കറി എന്നിവ വാങ്ങാനായി നിരവധിയാളുകളാണ് ഇന്നലെ നഗരത്തിലേക്കെത്തിയത്.
മിഠായിത്തെരുവും മാനാഞ്ചിറയും വലിയങ്ങാടിയും പളയവും മാളുകളും ബീച്ചുമെല്ലാം തിരക്കിലമര്‍ന്നു. വാഹനങ്ങളുടെ പ്രവാഹം പതിവുപോലെ നഗരത്തിലെ തിരക്കിന് ആക്കം കൂട്ടി. മാവൂര്‍റോഡിലും മീഞ്ചന്ത ബൈപ്പാസിലും എരഞ്ഞിപ്പാലത്തും മറ്റുമുണ്ടായ ഗതാഗത കുരുക്ക് ഏറെ നേരം നീണ്ടുനിന്നു. രാവിലെ ആരംഭിച്ച തിരക്ക് രാത്രിയിലും തുടർന്നു. പൊലീസും ട്രാഫിക് വളണ്ടിയര്‍മാരും ഉണ്ടായിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല. സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറികള്‍, ഓണക്കോടി, പഴവര്‍ഗങ്ങള്‍ എന്നിവ വാങ്ങാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തി. കോളേജുകളിലും സ്‌കൂളുകളിലും വലിയ പങ്കാളിത്തത്തോടെയാണ് ആഘോഷങ്ങള്‍ നടന്നത്. ഉറിയടി, കമ്പവലി തുടങ്ങിയ മത്സരങ്ങളും പലയിടത്തും നടന്നു. പൂക്കളമത്സരത്തിനും വീടുകളിൽ പൂക്കളം ഒരുക്കുന്നതിനും ടണ്‍ കണക്കിന് പൂക്കളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയത്. ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തതും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവബത്ത അനുവദിച്ചതും ആശ്വാസം പകര്‍ന്നു.
നഗരത്തിലെ മിക്ക വസ്ത്രകടകളും രാത്രി ഏറെ വൈകിയാണ് അടച്ചത്. ഗൃഹോപകരണ, ഇലക്ട്രോണിക് വിപണിയിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികള്‍ വിവിധ വേദികളില്‍ നടന്നുവരുന്നു. സദ്യയൊരുക്കാനുള്ള പ്രധാന മാര്‍ക്കറ്റായ പാളയത്ത് അതിരാവിലെ തന്നെ ആളുകളെത്തിയിരുന്നു. രാത്രി വൈകിയും പൂവിപണി ഉണര്‍ന്നിരുന്നു.
ഓണപ്പൊട്ടൻ
ഓണത്തോടനുബന്ധിച്ച് ഓണപ്പൊട്ടന്മാരും നാട്ടിൽ ഇറങ്ങി തുടങ്ങി. ഓണക്കാലത്ത് നാടുകാണാൻ എത്തുന്ന മഹാബലി എന്നതാണ് ഓണേശ്വരനെ പറ്റിയുള്ള വിശ്വാസം. ഉത്രാടം, തിരുവോണം നാളുകളിലാണ് പയ്യോർമല, കടത്തനാടൻ നാടുകളിൽ ഓണേശ്വരൻ എത്തുന്നത്. ഉത്രാടം നാളിൽ രാവിലെ കേട്ടു തുടങ്ങും കൈമണികളുടെ കിലുക്കം നാട്ടിലെങ്ങും. ഓണപ്പൊട്ടന്റെ വരവിനായി കാത്തിരിക്കുന്ന നാട്ടുകാർ വിളക്കും നിറനാഴിയും വച്ച് കത്തിരിക്കുമ്പോൾ വീടുകളിൽ എത്തുന്ന ഓണപ്പൊട്ടൻ അരിയും പൂവും ചാർത്തി അനുഗ്രഹവും നൽകിയാണ് ദക്ഷിണയും വാങ്ങി മടങ്ങുന്നത്.
മഴയിൽ കുതിർന്ന് ഉത്രാടപ്പാച്ചിൽ
കൽപ്പറ്റ: വയനാട്ടിലെ ഉത്രാടപ്പാച്ചിൽ മഴയിൽ മുങ്ങി. രണ്ട് ദിവസമായി പെയ്യുന്ന മഴക്ക് ശമനമില്ലാതിരുന്നിട്ടും സുൽത്താൻ ബത്തേരി, കൽപ്പറ്റ, പുൽപ്പളളി,മേപ്പാടി, വൈത്തിരി തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇന്നലെ ഉച്ച കഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ്പൂക്കളും പച്ചക്കറികളും എത്തിച്ചത്. മഴ കാരണം ഇവയുടെ വഴിയോര വിൽപ്പന നടന്നില്ല. ഇടവിടാതെ പെയ്ത മഴ ഓണവിപണിയെ കാര്യമായി ബാധിച്ചു. വസ്ത്രസ്ഥാപനങ്ങളുലും സൂപ്പർ മാർക്കറ്റുകളിലും ഇത് തന്നെയായിരുന്നു അവസ്ഥ. താമരശ്ശേരി, കുറ്റ്യാടി, പേര്യ ചുരങ്ങളിൽ ഇന്നലെ നല്ല തിരക്ക് അനുഭവപ്പെട്ടു. പാൽചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുളള വാഹനങ്ങൾ പേര്യ ചുരം വഴിയാണ് കടന്ന് പോകുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തിരക്ക് നന്നേ കുറവായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |