SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.54 AM IST

ഹർഷീനയുടേത് പോരാടി നേടിയ വിജയം

1
ഹർഷീന മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദർശിച്ചപ്പോൾ

കോഴിക്കോട്: വേദനയുമായി അനീതിക്കെതിരെ അവസാന നിമിഷം വരെ പോരാടിയ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീനയുടെ കണ്ണീരിനും കാത്തിരിപ്പിനും നീതി. മുറിവുണക്കേണ്ടവർ കുത്തിനോവിച്ച മുറിപ്പാടുമായി പോരാടിയ അവരെ പുതിയ സ‌ർക്കാർ ചേർത്തു പിടിച്ചു. ആശ്വാസമായി സർക്കാരിന്റെ ജോലി പ്രഖ്യാപനം, പിഴവ് വരുത്തിയ മെഡി.കോളേജിൽ തന്നെ ഓഫീസ് അസിസ്റ്റന്റ് ആയി ഹർഷിനയ്ക്ക് താത്കാലിക ജോലി നൽകിയത്. മാന്യമായ നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പും നൽകി. ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ മറന്നു വെച്ച അഞ്ചിഞ്ച് നീളമുള്ള കത്രിക അഞ്ചു വർഷത്തിലധികമാണ് ഹർഷീനയെ വേദനയിലാഴ്ത്തിയത്. കൂടെ സാമ്പത്തിക പ്രയാസവും. ഈ കുടുംബത്തിന് പ്രതീക്ഷയേകുന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്.

മെഡിക്കൽ കോളജിൽ 2017 നവംബർ 30ന് നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ ആർട്ടറി ഫോർസെപ്സ് (ഒരിനം കത്രിക) ഹർഷീനയുടെ വയറ്റിൽ കുടുങ്ങിയത്. 2012 നവംബർ 23 നാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സിസേറിയനിലൂടെ ഹർഷീന ആദ്യത്തെ പെൺകുഞ്ഞിന് ജന്മം നൽകിയത്. 2016 മാർച്ച് 16 ന് രണ്ടാമത്തെ പെൺകുഞ്ഞും ജനിച്ചു. മെഡി.കോളേജിൽ നടന്ന മൂന്നാമത്തെ സിസേറിയനിലാണ് ഡോക്ടര്‍മാർ വയറ്റില്‍ കത്രിക മറന്നു വെച്ചത്. പ്രസവത്തിനു ശേഷം ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വയറില്‍ നിന്നും അസഹ്യമായ വേദന അനുഭവപ്പെടുകയും ചികിത്സ തേടുകയും ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിലാണ് വയറിനുള്ളിൽ ലോഹക്കഷണം കുടുങ്ങിയതായി കണ്ടെത്തിയത്. 2022 സെപ്റ്റംബറിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മറ്റൊരു ശസ്ത്രക്രിയയിലൂടെ ആ കത്രിക പുറത്തെടുത്തു. ഇതിനിടെ ചികിത്സയ്ക്കായി ലക്ഷങ്ങളാണ് ഹർഷീനയ്ക്ക് ചെലവായത്. നീതിക്കായി സമരരംഗത്തിറങ്ങിയ ഹർഷീനയെ സർക്കാർ അവഗണിക്കുകയായിരുന്നു. ആദ്യം മെഡിക്കൽ കോളേജിനു മുന്നിലും പിന്നീടു സെക്രട്ടേറിയറ്റിനു മുന്നിലും സമരം നടത്തി. തെളിവുകളുണ്ടായിട്ടും വീഴ്ച സമ്മതിക്കാൻ മെഡിക്കൽ കോളജ് അധികൃതരും തയാറായില്ല. മറ്റേതോ ആശുപത്രിയിൽ നിന്നാണ് കത്രിക കുടുങ്ങിയതെന്നായിരുന്നു വാദം. സർക്കാർ രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചെങ്കിലും അ‌ർഹമായ തുകയല്ലെന്ന് ഹർഷീന പറഞ്ഞു. പത്തു ലക്ഷത്തിലധികം ചികിത്സയ്ക്കു മാത്രം ചെലവായിട്ടുണ്ട്. മാന്യമായ നഷ്ടപരിഹാരത്തിന് വേണ്ടി അവർ പോരാട്ടം തുടരുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL