SignIn
Kerala Kaumudi Online
Sunday, 28 June 2026 3.03 AM IST

കോഴിത്തീറ്റ വില മേലോട്ട്,​ കർഷകന് ലാഭം കീഴോട്ട്

kozhy

കോട്ടയം : കോഴിത്തീറ്റയുടെ വില കുത്തനെ കുതിച്ചുയർന്നതോടെ ഇറച്ചിക്കോഴി കർഷകർ പ്രതിസന്ധിയിൽ. കഴിഞ്ഞ ആറുമാസത്തിനിടെ 50 കിലോ തീറ്റയുടെ ഒരുചാക്കിന് 400 രൂപ വരെയാണ് വർദ്ധിച്ചത്. നിലവിലെ സാഹചര്യത്തിൽ ഒരു കിലോ ഇറച്ചിക്കോഴി വളർത്താൻ 116 - 120 രൂപ വരെ ചെലവാകും. കർഷകന് ലഭിക്കുന്ന വിലയും ഏകദേശം അത്രയായതിനാൽ ലാഭമില്ലാത്ത സ്ഥിതിയാണ്. കോഴിത്തീറ്റയിലെ പ്രധാന ചേരുവകളായ ചോളം, സോയാബീൻ, മറ്റ് ധാന്യങ്ങൾ എന്നിവയ്ക്കുണ്ടായ വിലക്കയറ്റമാണ് വില ഉയരാൻ പ്രധാന കാരണം. ഒപ്പം ഇറക്കുമതിച്ചെലവും ഗതാഗതച്ചെലവും വർദ്ധിച്ചതും തിരിച്ചടിയായി. കോഴിവളർത്തലിലെ ആകെ ചെലവിന്റെ 60 - 70 ശതമാനം തീറ്റയ്ക്കായി മാറ്റിവയ്ക്കണം. ഇതിന് പുറമെ കോഴിക്കുഞ്ഞിന്റെ വില, വൈദ്യുതി, മരുന്ന്, തൊഴിലാളികളുടെ വേതനം, കോഴിക്കൂട്ടിലെ അറക്കപ്പൊടി എന്നിവയുടെ ചെലവും വർദ്ധിച്ചു. രോഗങ്ങൾ കാരണം കോഴിക്കുഞ്ഞുങ്ങൾ ചത്തുപോകുന്നതും, തെരുവുനായ്ക്കളുടെ ആക്രമണവും നഷ്ടം ഇരട്ടിയാക്കുന്നു.

ചെലവേറുന്ന പരിപാലനം
ഇറച്ചിക്കോഴികൾക്ക് കോഴികൾക്ക് പ്രീസ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ എന്നിങ്ങനെയാണ് തീറ്റ നൽകുന്നത്. ജനുവരിയിൽ 50 കിലോ പ്രീസ്റ്റാർട്ടറിന് 1,890 രൂപയായിരുന്നത് ഇപ്പോൾ 2,290 രൂപയായി. സ്റ്റാർട്ടറിന്റെ വില 1,830ൽ നിന്ന് 2,230 രൂപയായും ഫിനിഷറിന്റേത് 1,815ൽ നിന്ന് 2,215 രൂപയായും ഉയർന്നു. ഒരു കിലോഗ്രാം തൂക്കമുള്ള ഇറച്ചിക്കോഴിയെ വളർത്താൻ ഏകദേശം രണ്ട് കിലോ തീറ്റ ആവശ്യമാണ്. വലിയ ഫാമുകളിൽ തൊഴിലാളികൾക്കുള്ള കൂലിയും കണ്ടെത്തണം. ബാങ്ക് വായ്പയെടുത്ത് കൃഷി നടത്തുന്നവരുടെ വായ്പ തിരിച്ചടവും പ്രതിസന്ധിയിലായി. തമിഴ്‌നാട്ടിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ഇവയുടെ വില 35 - 65 രൂപ വരെയാണ്.

കോഴിക്കുഞ്ഞ് വിലയും കൂടി

45ദിവസം വരെയാണ് കോഴികളെ വളർത്തേണ്ടത്

ഒന്നിന് കുറഞ്ഞത് മൂന്നുകിലോ തീറ്റ വേണ്ടിവരും

കോഴി‌ക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടി വർദ്ധിച്ചു

വൻതുക മുടക്കി കോഴി കൃഷി നടത്തിയവർക്ക് ദുരിതം

വിലനിയന്ത്രണത്തിന് സർക്കാർ ഇടപെടൽ വേണം

ആറ് മാസത്തിനിടെ ഒരു ചാക്കിന് 400 രൂപ വർദ്ധന

''വിലക്കയറ്റം തുടർന്നാൽ ചെറുകിട കർഷകരിൽ പലർക്കും കോഴിവളർത്തൽ ഉപേക്ഷിക്കണ്ടേ സ്ഥിതിയാണ്. ഉത്പാദനച്ചെലവ് നിയന്ത്രിക്കാനും കർഷകരെ സംരക്ഷിക്കാനുമായി സർക്കാർ സബ്‌സിഡിയും, സഹായപദ്ധതികളും നടപ്പാക്കണം.

(അജീഷ്, കോഴികർഷകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL