SignIn
Kerala Kaumudi Online
Friday, 23 October 2026 5.45 AM IST

മലയോര മേഖലയിലെ നാടൻ 'വീരപ്പൻ'മാർ നാടിന് തലവേദന!

​മേയാൻ വിടുന്ന കന്നുകാലികളെ വെടിവച്ചു വീഴ്ത്തി ഇറച്ചിയെടുക്കുന്നു

​കൊല്ലം: ജില്ലയിലെ മലയോര ഗ്രാമങ്ങളിലും എസ്റ്റേറ്റുകളിലും മേയാൻ വിടുന്ന കന്നുകാലികളെ വേട്ടയാടാൻ നാടൻ തോക്കുമായി സംഘങ്ങൾ രംഗത്ത്. ഇരുളിന്റെ മറവിൽ വന്യമൃഗ വേട്ടയ്ക്കെത്തുന്ന ഇവർ ജനവാസ മേഖലകളിലും തോട്ടങ്ങളിലും കാണുന്ന പശു, കാള, പോത്ത്, എരുമ എന്നിവയെ വെടിവച്ചിട്ട് ഇറച്ചിയുമായി സ്ഥലം വിടുന്നു. അഞ്ചൽ ഏരൂർ ഓയിൽ പാം എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ രണ്ടു പേർ കാളയെ വെടിവച്ചുകൊന്ന സംഭവം ഒറ്റപ്പെട്ടതല്ലെന്നാണ് നാട്ടുകാരുടെ പക്ഷം.

എസ്റ്റേറ്റ് ജീവനക്കാരനായ ഷിജുവിന്റെ കാളയെ ​ഏരൂർ ഓയിൽപാം എസ്റ്റേറ്റ് സി ഡിവിഷനിൽ വച്ച് മൂന്നംഗ സംഘമാണ് നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ചു കൊന്നത്. സംഭവത്തിൽ ഇളവറാങ്കുഴി സ്വദേശി ഷൈജുവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഷിജുവിന്റെ രണ്ട് പശുക്കളെ കാണാതായിരുന്നു. അന്ന് തിരച്ചിൽ നടത്തിയെങ്കിലുംകണ്ടെത്തുനായില്ല. ഇത് ആവർത്തിച്ചപ്പോൾ നടത്തിയ തിരച്ചിലിലാണ് വേട്ടസംഘം കുടുങ്ങിയത്.

​വനമേഖലയോട് ചേർന്നുനിൽക്കുന്ന റബ്ബർ തോട്ടങ്ങളിലും ഓയിൽപാം എസ്റ്റേറ്റുകളിലും പകൽ മുഴുവൻ മേയാൻ വിടുന്ന കന്നുകാലികളെയാണ് ഈ സംഘങ്ങൾ സ്ഥിരമായി ലക്ഷ്യമിടുന്നത്. വന്യമൃഗങ്ങളെ വേട്ടയാടുന്നത് തീ കൊണ്ടുള്ള കളിയാണെന്ന അറിയാവുന്ന സംഘം വേഗത്തിൽ ഇരയാക്കാൻ കഴിയുന്ന വളർത്തു മൃഗങ്ങളെ തിരഞ്ഞ് നടക്കുകയാണ്. രാത്രികാലങ്ങളിലോ ആളൊഴിഞ്ഞ സമയങ്ങളിലോ എസ്റ്റേറ്റുകളിൽ കയറി കന്നുകാലികളെ വെടിവെച്ചിട്ട ശേഷം മാംസം കൈക്കലാക്കി കടന്നുകളയുന്നതാണ് സംഘങ്ങളുടെ രീതി. വന്യ മൃഗ ശല്യം രൂക്ഷമായ വനപ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനുള്ള പരിമിതികൾ കാരണം പലപ്പോഴും കർഷകർ മൃഗങ്ങളെ കാണാതായാൽ തിരച്ചിലിന് ഇറങ്ങാറില്ല.

തോക്കുമായി റോന്ത് ചുറ്റൽ!

വളർത്തുമൃഗങ്ങൾ ഇത്തരത്തിൽ തുടർച്ചയായി ഇല്ലാതാകുന്നത് കർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. വേട്ട സംഘങ്ങൾ സാധാരണക്കാരുടെ ജീവനും വലിയ ഭീഷണിയാണ്. നാടൻ തോക്കുകളുമായി എസ്റ്റേറ്റുകളിലും മലയോര പാതകളിലും ഇവർ നിരന്തരം കറങ്ങിനടക്കുന്നുണ്ട്. ചോദ്യം ചെയ്യാനുള്ള ധൈര്യമില്ലാത്തതിനാൽ കർഷകർ ഇവരെ ഭയന്നാണ് നടക്കുന്നത്. അരിപ്പയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ഏരൂർ മണലിൽ സ്വദേശി സജുവിന്റെ വീട്ടിൽ നിന്നും വനംവകുപ്പും പൊലീസും ചേർന്ന് നാടൻ തോക്കുകൾ നേരത്തെ പിടിച്ചെടുത്തിരുന്നു.

​മലയോര മേഖലകളിൽ വളർത്തുമൃഗങ്ങളെയും ഒപ്പം വന്യമൃഗങ്ങളെയും ലക്ഷ്യമിട്ട് സജീവമായിരിക്കുന്ന ഇത്തരം വേട്ടസംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസും വനംവകുപ്പും സംയുക്തമായി പരിശോധന നടത്തണം. കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും, അനധികൃത തോക്കുകൾ ഉപയോഗിച്ച് മൃഗങ്ങളെ കൊന്നൊടുക്കുന്ന സംഘങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കർശന നടപടികൾ വേണം

കർഷകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL