കൊല്ലം: പ്രധാന സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിറ്റി സേവനങ്ങൾ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി ആദ്യമായി പുനലൂർ താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുന്നു. ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളെ റഫർ ചെയ്ത് സമയനഷ്ടവും പണച്ചെലവും സൃഷ്ടിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതോടെ രാത്രികാലങ്ങളിലടക്കം ശസ്ത്രക്രിയ നടക്കുന്ന കേന്ദ്രമായി പുനലൂർ താലൂക്ക് ആശുപത്രി മാറും.
അപകടങ്ങളിൽ പരിക്കേറ്റെത്തുന്നവർക്കുള്ള അടിയന്തര ചികിത്സ, ശസ്ത്രക്രിയ, സ്ത്രീകൾക്കും കുട്ടികൾക്കും പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട ചികിത്സ തുടങ്ങിയവയാകും ആദ്യഘട്ടത്തിൽ ഒരുക്കുക. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രി ആയതിനാലാണ് പുനലൂർ താലൂക്ക് ആശുപത്രിയെ പൈലറ്റ് പ്രോജക്ടിനായി തിരഞ്ഞെടുത്തത്. തിരുവനവനന്തപുരം, കൊല്ലം ജില്ലകളുടെ മലയോര മേഖലയിലുള്ളവർക്ക് പദ്ധതി ഏറെ ഗുണം ചെയ്യും. ഇവിടെയുള്ളവർക്ക് മെച്ചപ്പെട്ട ചികിത്സയ്ക്കായി മെഡിക്കൽ കോളേജുകളിലെത്താൻ നിലവിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം.
ഡോക്ടർമാരെയും നഴ്സുമാരെയും
പുനർവിന്യസിക്കും
പുതിയ തസ്തികകൾ സൃഷ്ടിക്കാതെ നിലവിലുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും നഴ്സുമാരെയും പുനർവിന്യസിച്ചാകും പുനലൂർ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി കാഷ്വാലിറ്റി നടപ്പാക്കുക. ജില്ലാ ആശുപത്രിയിലടക്കം ആവശ്യത്തിന് സ്പെഷ്യലിസ്റ്റുകളില്ലാത്തതിനാൽ രോഗികളെ റഫർ ചെയ്യുമ്പോൾ ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അസി. സർജന്മാരായി പ്രവർത്തിക്കുന്നുണ്ട്. പലയിടങ്ങളിലും കാര്യമായി രോഗികളുമില്ല. ഇത്തരത്തിൽ രോഗികൾ കുറവുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരെയും നഴ്സുമാരെയും പുനർവിന്യസിച്ച് സ്പെഷ്യലിസ്റ്റുകളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കും. ഇതിന് മുന്നോടിയായി നിലവിലെ രോഗി, ഡോക്ടർ അനുപാതം സംബന്ധിച്ച കണക്കെടുപ്പ് പൂർത്തിയായിട്ടുണ്ട്.
സ്പെഷ്യാലിസ്റ്റുകൾ
മെഡിസിൻ
സർജറി
ഗൈനക്കോളജി
പീഡിയാട്രിക്സ്
ഓർത്തോ
അനസ്തേഷ്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |