
കൊല്ലം: ദേശീയപാത 66 ന്റെ ആറുവരി വികസനത്തിന്റെ ഭാഗമായി നീണ്ടകരയിലെ പാലങ്ങളുടെ നീളം കൂട്ടുന്നു. നിലവിൽ 480 മീറ്ററിലുള്ള രണ്ട് മൂന്നുവരി പാലങ്ങളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. രണ്ട് പാലങ്ങളുടെയും നീളം ഇരുവശവും 120 മീറ്റർ വീതമാണ് വർദ്ധിപ്പിക്കുന്നത്.
മൈലക്കാട് ഉയരപ്പാത തകർന്നതിന് പിന്നാലെ നടന്ന മണ്ണ് പരിശോധനയിൽ നീണ്ടകര പാലത്തിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ ബലക്കുറവ് കണ്ടെത്തിയിരുന്നു. ഇതിന് പുറമേ അഞ്ച് മീറ്ററിൽ കൂടുതൽ ഉയരത്തിൽ ആർ.ഇ വാൾ ഉയരപ്പാത വേണ്ടെന്ന് എൻ.എച്ച്.എ.ഐ നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് നീണ്ടകര പാലത്തിന്റെ മൺമതിൽ റോഡ് അപ്രോച്ച് ഒഴിവാക്കി പാലം നിർമ്മിക്കുന്നത്. പാലങ്ങളുടെ നീളം കൂട്ടുന്നതിന് തത്വത്തിൽ അനുമതിയായിട്ടുണ്ട്. നീളം കൂട്ടുന്നതോടെ നീണ്ടകര പാലത്തിന്റെ ആകെ നീളം 600 മീറ്ററായി ഉയരും.
നിലവിലുള്ള പാലത്തിന്റെ ഇരുവശങ്ങളിലുമായാണ് പുതിയ മൂന്നുവരിപ്പാലം നിർമ്മിക്കുന്നത്. ഇതിൽ കൊല്ലത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുമ്പോൾ വലതുവശത്തുള്ള പാലത്തിന്റെ സ്ലാബുകൾ സ്ഥാപിക്കൽ പൂർത്തിയായി. മറുവശത്തെ പാലത്തിന്റെ എട്ട് സ്ലാബുകൾ കൂടി ഇനി സ്ഥാപിക്കാനുണ്ട്.
10 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് വേണം
മണ്ണ് ക്ഷാമം കാരണം ദേശീയപാത 66ന്റെ കാവനാട് - കൊറ്റുകുളങ്ങര റീച്ചിലെ നിർമ്മാണം പ്രതിസന്ധിയിൽ
പാലങ്ങളുടെയും അടിപ്പാതകളുടെയും റോഡ് അപ്രോച്ച് നിർമ്മിക്കാൻ 10 ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് ഇനി വേണ്ടത്
ജിയോളജി വകുപ്പിൽ നിന്ന് അനുമതി ലഭിച്ച പല സ്ഥലങ്ങളിലും പ്രാദേശിക പ്രതിഷേധം കാരണം മണ്ണെടുക്കാനാകുന്നില്ല
ചില അപേക്ഷകളിൽ ജിയോളജി വകുപ്പിന്റെ അനുമതിയും ലഭിച്ചിട്ടില്ല
ഈ റീച്ചിൽ 22 റോഡ് അപ്രോച്ചുകളാണ് നിർമ്മിക്കേണ്ടത്
ഇതിൽ മൂന്ന് റോഡ് അപ്രോച്ചുകളെ പൂർത്തിയായിട്ടുള്ളു
79 ശതമാനമാണ് ഈ റീച്ചിലെ നിർമ്മാണ പുരോഗതി
കരാർ കാലാവധി കഴിഞ്ഞ ഡിസംബറിൽ അവസാനിച്ചിരുന്നു
കാലാവധി അടുത്ത ഡിസംബർ വരെ നീട്ടാനുള്ള നടപടി പുരോഗമിക്കുന്നു
വേട്ടുതറ, പുത്തൻതെരുവ്
അടിപ്പാത നിർമ്മാണം ഉടൻ
വേട്ടുതറയിലും പുത്തൻതെരുവിലും പുതിയ അടിപ്പാതകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. കൊൽക്കത്തയിലുള്ള കമ്പനി 35 കോടിക്കാണ് കരാറെടുത്തിരിക്കുന്നത്. വേട്ടുതറയിൽ 20 മീറ്റർ നീളവും 5 മീറ്റർ ഉയരവും പുത്തൻതെരുവിൽ 5 മീറ്റർ നീളവും മൂന്ന് മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ് നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |