SignIn
Kerala Kaumudi Online
Saturday, 13 June 2026 8.43 PM IST

ഇന്ന് പരിസ്ഥിതി ദിനം: പച്ച പുതച്ച് വിശ്രമകേന്ദം

photo

കൊല്ലം: പച്ച പുതച്ച മേൽക്കൂര, ഇരിക്കാൻ ബഞ്ചുകൾ, വായിക്കാൻ പുസ്തകങ്ങൾ നിറച്ച പുസ്തകക്കൂട്. പെരുംകുളം റേഡിയോ ജംഗ്ഷന് സമീപത്തെ വഴിയോര വിശ്രമകേന്ദ്രം ശ്രദ്ധേയമാണ്. കരയോഗം മന്ദിരത്തിന് എതിർവശം ട്രാൻസ്ഫോർമറിനോട് ചേർന്നാണ് വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.

നേരത്തെ ഇവിടം കാടുമൂടി മാലിന്യം നിറഞ്ഞ ഭാഗമായിരുന്നു. എന്നാലിപ്പോൾ വഴിയാത്രക്കാരും ബസ് കാത്തുനിൽക്കുന്നവരും അൽപ്പനേരം ഇവിടിരുന്നിട്ടേ പോകാറുള്ളു. അത്രത്തോളം പ്രകൃതിയോടിണങ്ങി മനോഹരമായൊരു വിശ്രമകേന്ദ്രമായി ഇവിടം മാറി. വെയിറ്റിംഗ് ഷെഡിന്റെ മേൽക്കൂരയിലേക്ക് ചെടി വളർന്ന് മൂടി പച്ചപ്പ് വിരിച്ചപ്പോഴാണ് പ്രകൃതിയോടിണങ്ങിയ സുന്ദര വിശ്രമ കേന്ദ്രമായത്.

തറയോട് പാകിയിട്ടുള്ളതിനാൽ കാട് കയറില്ല, മഞ്ഞ, നീല, പച്ചയും നിറങ്ങളിലുള്ള ബഞ്ചുകൾക്കുമുണ്ട് വേറിട്ട ചന്തം. ഇതിനോടൊപ്പമാണ് പുസ്തകക്കൂട് സ്ഥാപിച്ചിരിക്കുന്നത്. എപ്പോഴും നിറയെ പുസ്തകങ്ങളുണ്ടാകും. ആർക്കും എടുത്ത് വായിക്കാം. വേണമെങ്കിൽ വീട്ടിൽ കൊണ്ടുപോകാം. പകരം പുസ്തകം വയ്ക്കുകയുമാകാം.

പെരുംകുളം ഗ്രാമം പുസ്തക ഗ്രാമമായി സർക്കാർ പ്രഖ്യാപിച്ചിട്ട് വർഷങ്ങളായി. നാടിന്റെ പലഭാഗത്തുമുണ്ട് ഇത്തരം പുസ്തകക്കൂടുകൾ. വിശ്രമ കേന്ദ്രത്തിനൊപ്പമുള്ള പുസ്തകക്കൂടിൽ നിന്ന് നിത്യവും പുസ്തകങ്ങളെടുക്കാനും വായിക്കാനും തിരികെ വയ്ക്കാനും ധാരാളം ആളുകൾ എത്തുന്നുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL