SignIn
Kerala Kaumudi Online
Monday, 25 May 2026 10.05 AM IST

ഓപ്പൺ യൂണി. ആസ്ഥാനം പുതുയുഗ രൂപരേഖയ്ക്ക് ഹൈപവർ അംഗീകാരം

അഞ്ച് നിലകൾ വീതമുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും അക്കാഡമിക് ബ്ലോക്കും

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനമന്ദിരത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിനുള്ള രൂപരേഖയ്ക്ക് ഉന്നത വിദ്യാഭ്യാസം, പ്ലാനിംഗ്, ധനകാര്യം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ ഹൈപവർ കമ്മിറ്റിയുടെ അംഗീകാരം. ഭരണാനുമതി ലഭിക്കുന്നതിന് പിന്നാലെ തുടർ നടപടികൾ ആരംഭിക്കും.

പൊതുജനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്ന സംവിധാനങ്ങളിലൂടെ വരുമാനം അടക്കം ലഭിക്കുന്ന തരത്തിലാണ് രൂപരേഖ. അഞ്ച് നിലകൾ വീതമുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും അക്കാഡമിക് ബ്ലോക്കുമാണ് രൂപരേഖയിലുള്ളത്. അതിൽ അക്കാഡമിക് ബ്ലോക്കിന്റെയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ആദ്യ നാല് നിലകളുടെ നിർമ്മാണത്തിനുള്ള 90 കോടിയുടെ രൂപരേഖയ്ക്കാണ് ഹൈപവർ കമ്മിറ്റി അംഗീകാരം നൽകിയത്. ഭരണാനുമതി ലഭിക്കുന്നതിന് പിന്നാലെ സാങ്കേതികാനുമതി കൂടി വാങ്ങി ടെണ്ടർ നടപടികളിലേക്ക് കടക്കാം.

കൊല്ലം മുണ്ടയ്ക്കലിൽ സർവകലാശാല വാങ്ങിയ 3.26 ഹെക്ടറി​ലാണ് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പാണ് രൂപരേഖ തയ്യാറാക്കിയത്. നിലവിൽ ആസ്ഥാനമന്ദിരം കുരീപ്പുഴയിലും അക്കാഡമിക് ബ്ലോക്ക് മുളങ്കാടകത്തുമായി വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സർവകലാശാലയിൽ നിലവിൽ 84,000 പഠിതാക്കളുണ്ട്. 31 ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളും. അതിന് പുറമേ വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളുമുണ്ട്.

 ചെറുതല്ല സ്വപ്നം

1500 കസേരകളുള്ള കൺവെൻഷൻ സെന്റർ, വിവിധ കായിക പരിശീലനങ്ങൾക്കുള്ള കോർട്ടുകൾ, കമ്പ്യൂട്ടർ സെന്റർ, എക്സിക്യുട്ടീവ് ഫ്ലാറ്റ്, സ്റ്റുഡന്റ്സ് ഫ്ലാറ്റ് തുടങ്ങി ആസ്ഥാന മന്ദിരത്തിൽ വമ്പൻ സ്വപ്നങ്ങളാണ് സർവകലാശാലയ്ക്കുള്ളത്. സർക്കാർ പിന്തുണയോടെ ഘട്ടംഘട്ടമായി മന്ദിരം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL