SignIn
Kerala Kaumudi Online
Monday, 24 August 2026 3.52 AM IST

ഒളിവിൽ കഴിഞ്ഞത് ഒമ്പതു വർഷം; കെ.എസ്. ആർ.ടി.സി. കോംപ്ളക്സ് കൊലക്കേസ് പ്രതി പിടിയിൽ

abdhulla

കണ്ണൂർ: പേരും വേഷവും മാറ്റി മൂന്ന് ജില്ലകളിലായി ഒമ്പത് വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി ഒടുവിൽ പൊലീസ് വലയിൽ. കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരൻ സുനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മംഗലാപുരം സ്വദേശി അബ്ദുൾ അസീസ് എന്ന ബി.കെ.അബ്ദുള്ളയെ (55) ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം മലപ്പുറം മുന്നിയൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ മേൽനോട്ടത്തിൽ എസ്.ഐ വിനോദ്, എ.എസ്.ഐമാരായ ഷാജി, രാജീവൻ, സ്‌നേഹേഷ്, സജിത്ത്, ലവൻ, സിവിൽ പോലീസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് ദീർഘനാളത്തെ നിരീക്ഷണത്തിനും ശാസ്ത്രീയ അന്വേഷണത്തിനുമൊടുവിൽ പ്രതിയെ വലയിലാക്കിയത്. ആഗസ്റ്റ് 22ന് പുലർച്ചെയായിരുന്നു അറസ്റ്റ്.

ചുമതലത്തർക്കം കൊലപാതകത്തിലേക്ക്
2017 ജനുവരി 24ന് കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശുചിമുറിയിലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി സുനിൽ കുമാറാണ് അന്ന് ശുചിമുറി നടത്തിപ്പ് ചുമതല വഹിച്ചിരുന്നത്. ഈ ചുമതല വിട്ടുകൊടുക്കാത്തതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കിടന്നുറങ്ങുകയായിരുന്ന സുനിൽ കുമാറിനെ ഒന്നാം പ്രതി കണ്ണൂർ മുണ്ടയാട് പനക്കൽ വീട്ടിൽ ഹരിഹരൻ തുണിയിൽ പൊതിഞ്ഞ തേങ്ങ ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്താണ് കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അഴീക്കോട് സ്വദേശി പി വിനോദ് കുമാറിനും പരിക്കേറ്റിരുന്നു. ഒന്നാം പ്രതി ഹരിഹരനെ കോടതി ഇരട്ട ജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ്.


മൂന്ന് ജില്ലകളിൽ വേഷപ്പകർച്ച
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ അബ്ദുള്ളയെ ജില്ലാ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മംഗലാപുരം ദേർലക്കട്ടയിലും കാസർകോട് ബന്തടുക്കയിലും അഷ്രഫ്, അസീസ് എന്നീ പേരുകളിൽ കുറച്ചുകാലം ഒളിവിൽ കഴിഞ്ഞ ഇയാൾ പിന്നീട് മലപ്പുറം മുന്നിയൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു. അവിടെ അസീസ് എന്ന പേരിൽ വഴിയോരത്ത് പഴക്കച്ചവടം നടത്തി ഒരു സ്ത്രീക്കൊപ്പം വാടകകെട്ടിടത്തിൽ ഒളിവുജീവിതം തുടരുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL