
കണ്ണൂർ: വ്യാജ സീൽ ഉപയോഗിച്ച് കണ്ണൂർ കോർപറേഷൻ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവിനെ വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് കക്കാട് മണ്ഡലം സെക്രട്ടറി അത്താഴക്കുന്നിലെ ടി പി.മുരളിധരനെയാണ് അത്താഴക്കുന്നിലെ ക്വാർട്ടേഴ്സിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്കും മാറ്റിയ ഈയാളുടെ നില ഗുരുതരമാണ്.
കണ്ണൂർ അത്താഴക്കുന്നിലെ ക്വാർട്ടേഴ്സിലെ താമസ സ്ഥലത്ത് വച്ചാണ് മുരളീധരൻ ഇന്നലെ കാലത്ത് ഒൻപതര മണിയോടെയാണ് ദ്രാവക രൂപത്തിലുള്ള വിഷം കഴിച്ചത്. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജും വൈദ്യുതി മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയും നൽകിയ പരാതിയിൽ മുരളീധരനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ തട്ടിപ്പിനിരയായവരെ പൊലീസ് ബന്ധപ്പെട്ടെങ്കിലും പൊലീസുമായി സഹകരിക്കാൻ തയ്യാറായിട്ടില്ല.അടുത്ത ഞായറാഴ്ച്ചയോടെ പണം തിരിച്ചു നൽകുമെന്ന ഉറപ്പ് ലഭിച്ചതിനാലാണ് പൊലീസിന് മൊഴി നൽകാൻ ഇവർ തയ്യാറാകാത്തതിന് പിന്നിലെന്നാണ് വിവരം.
തട്ടിപ്പ് വിവരം പുറത്തുവന്നതിന് പിന്നാലെ അത്താഴക്കുന്നിൽ മുരളീധരനെതിരെ വ്യാപകമായി പോസ്റ്റർ പതിച്ചിരുന്നു. അതെസമയം പ്രശ്ന പരിഹാരത്തിനായി മുരളീധരൻ കഴിഞ്ഞ ദിവസം കണ്ണൂരിലെ അഭിഭാഷകനെ കണ്ടിരുന്നു. പൊലീസ് സ്റ്റേഷനിൽ വച്ച് പരാതിക്കാരുമായി വിഷയം ഒത്തുതീർപ്പാക്കാമെന്നാണ് അഭിഭാഷകനോട് പറഞ്ഞിരുന്നത്.
പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനും ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയും ചെയ്തതിന് മുരളീധരനെ ബുധനാഴ്ച ഡി.സി.സി പ്രസിഡന്റ് പുറത്താക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |