SignIn
Kerala Kaumudi Online
Saturday, 13 June 2026 8.44 PM IST

പെരുമാളുടെ തിരുവാഭരണങ്ങളുമായി ഭണ്ഡാരം എഴുന്നള്ളി സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ ഇന്നു മുതൽ ദർശനം

kuda

കൊട്ടിയൂർ: കഴിഞ്ഞ വർഷത്തെ ഉത്സവ കാലത്തിന് ശേഷം മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങളും സ്വർണ്ണം ,വെള്ളി കുംഭങ്ങളും കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചതോടെ കൊട്ടിയൂർ പെരുമാൾക്ക് ഇനി നിത്യപൂജയുടെ ദിനങ്ങൾ. വഴിവിളക്ക്, മലോം ദൈവസ്ഥാനം അമ്മാറക്കൽ തറ എന്നിവിടങ്ങളിൽ മേൽക്കൂരയായി ഉപയോഗിക്കാനുള്ള കുടകളുമായുളള എഴുന്നള്ളത്ത് ഇന്നലെ സന്ധ്യയോടെ കൊട്ടിയൂരിലെത്തി.

മണത്തണയിലെ വിവിധഭാഗങ്ങളിൽ ഇന്നലെ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ഒട്ടേറെ ചടങ്ങുകൾ നടത്തി. യോഗി സമുദായത്തിലെ സ്ഥാനികർക്കായി പൂതനാക്കൂലിൽ യോഗിയൂട്ട് നടത്തി. കാവുതീണ്ടി പെരുവണ്ണാൻ രാത്രി കരിമ്പനയ്ക്കൽ ഗോപുരത്തിൽ എത്തി അറ തുറക്കാൻ അനുമതി നൽകി.

തേടൻ വാര്യർ കുത്തു വിളക്കുമായി സപ്തമാതൃപുരം എന്ന ചപ്പാരത്ത് എത്തി അറിയിപ്പ് നൽകിയതിനെ തുടർന്ന് വാളശൻ സ്ഥാനികർ വാളുകളുമായി കരിമ്പനക്കൽ ഗോപുരത്തിൽ എത്തി. ഭഗവതി കരിമ്പന ഗോപുരത്തിലെത്തി താക്കോൽ കൈമാറി. വാളശന്മാരിലെ കാരണവർ അറയിൽ നിന്ന് ഭണ്ഡാരങ്ങൾ എടുത്ത് കണക്കപ്പിള്ളയെ ഏല്പിച്ചു. കുടിപതി കാരണവർക്ക് ഭണ്ഡാരം കൈമാറി.സ്വർണ്ണം, വെള്ളി പൂജാപാത്രങ്ങളും, തിരുവാഭരണങ്ങളും കുടിപതി സ്ഥാനികർ ഏറ്റുവാങ്ങി. കാരണവർ മുതൽ സ്ഥാനം അനുസരിച്ച് പൂജാപാത്രങ്ങളും ആഭരണങ്ങളും കൈകളിൽ എടുത്തും കാവുകളാക്കി തോളിൽ വഹിച്ചും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.

അഞ്ചിടത്ത് വാളാട്ടം

സ്വർണ പൂജാപാത്രങ്ങൾ, തിരുവാഭരണച്ചെപ്പ്, വെള്ളി വിളക്ക്, ചപ്പാരം ഭഗവതിയുടെ വാളുകൾ, ഓച്ചറുടെ നേതൃത്വത്തിലുള്ള വാദ്യഘോഷം, അടിയന്തര യോഗം, ആനകൾ. എന്നിങ്ങനെയാണ് ഭണ്ഡാരം എഴുന്നള്ളത്തിന്റെ ചിട്ട. വഴിയിൽ അഞ്ചിടത്തായി വാളാട്ടം ചടങ്ങും നടത്തിയ ശേഷം നെയ്യാട്ട ദിനത്തിൽ മുതിരേരിയിൽ നിന്ന് എഴുന്നളളിച്ച് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിച്ച് ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന വാളും ഇക്കരെ ക്ഷേത്രത്തിലെ ബലിബിംബങ്ങളും അടക്കം ഭണ്ഡാരം എഴുന്നള്ളത്തിനോട് ചേർന്ന് അക്കരെ പ്രവേശിച്ചു നീരഭിഷേകത്തോടെ നിത്യപൂജകൾക്ക് തുടക്കമായി.ഭണ്ഡാരം എഴുന്നളളത്ത് കഴിഞ്ഞതോടെ സ്‌ത്രീകളും സന്നിധാനത്ത് പ്രവേശിച്ച് ദർശനം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL