SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.56 AM IST

അനധികൃതപാർക്കിംഗ്,ചെളി, ആൾതിരക്ക്... വഴി കണ്ടുപിടിക്കാമോ ഹോസ്ദുർഗ് സ്കൂളിലേക്ക്

manthopp

കാഞ്ഞങ്ങാട്: തലങ്ങും വിലങ്ങും നിർത്തിയിട്ട വാഹനങ്ങൾ,ചെളി കെട്ടിനിൽക്കുന്ന ചെറുകുഴികൾ,​ചിതറിക്കിടക്കുന്ന കരിങ്കൽ ജില്ലികൾ,​ പലതരം പൊതുസ്ഥാപനങ്ങളിലും കച്ചവടസ്ഥാപനങ്ങളിലും കയറിയിറങ്ങുന്നവരുടെ തിക്കും തിരക്കും.ഇതെല്ലാം കടന്നുവേണം ഹോസ്ദുർഗ് ഗവ.ഹയ‌ർസെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലേക്ക് കുട്ടികൾക്കും സ്കൂൾ വാഹനങ്ങൾക്കും കടക്കാൻ.സ്കൂളിനോട് ചേർന്നുകിടക്കുന്ന ചരിത്രത്തിലിടം നേടിയ മാന്തോപ്പ് മൈതാനിയിലെ വിവിധ സമരകോലാഹലങ്ങൾ ഇതിന് പുറമെ ക്ളാസുകളിലേക്ക് ഇടയ്ക്ക് കയറിവരും.

പ്രധാന റോഡിൽ നിന്ന് കവാടം വരെയുള്ള ഭാഗത്തെ തടസം തീർക്കാൻ സ്കൂൾ നിരവധി തവണ പരാതി നൽകി. പലരെയും കണ്ടു. മറ്റ് പൊതുവിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന മാറ്റം ഉണ്ടായിട്ടും ഹോസ്ദുർഗ് ഹയർസെക്കൻഡറി സ്കൂൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് മാത്രം മാറ്റമുണ്ടായിട്ടില്ല.

പുതിയകോട്ട ജംഗ്ഷനിൽ നിന്ന് ബാങ്ക് കെട്ടിടത്തിന്റെ മുന്നിലൂടെ അകത്തേക്കും പുറത്തേക്കും പോകാൻ കഴിയാത്ത വിധത്തിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്.സ്കൂളിലെ ഒരു കുട്ടിക്ക് പെട്ടെന്ന് അസുഖം വന്നാൽ ആശുപത്രിയിൽ എത്തിക്കാൻ കവാടത്തിന് മുന്നിലെ പതിവ് തടസം മൂലം കഴിയാറില്ല. മാന്തോപ്പ് മൈതാനിയിൽ മാവും ആൽത്തറയും കഴിഞ്ഞുള്ള ഭാഗത്ത് അതിരാവിലെ നിർത്തിയിടുന്ന വാഹനങ്ങൾ രാത്രി എട്ട് മണിവരെ അതെ പടിയുണ്ടാകും. ഈ അനധികൃത പാർക്കിംഗ് ഒഴിവാക്കിയില്ലെങ്കിൽ ജൂണിൽ സ്കൂൾ തുറക്കുന്നതോടെ ഈ സ്ഥലത്ത് ഗതാഗത സ്തംഭനം രൂക്ഷമാകും. കുട്ടികൾ സ്കൂളിൽ എത്താൻ വല്ലാതെ കഷ്ടപ്പെടും.

ഒന്നേകാൽ നൂറ്റാണ്ട് പഴക്കം

125 വർഷം പഴക്കമുള്ള പൊതുവിദ്യാലയമാണ് ഹോസ്ദുർഗ് ഗവ.ഹയർസെക്കൻ‌ഡറി സ്കൂൾ. 1250 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. 70 അദ്ധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു

ചരിത്രം പിറന്ന മാന്തോപ്പ്

ഒരുകാലത്ത് മാന്തോപ്പ് മൈതാനമെന്നാൽ ഹോസ്ദുർഗ് മുഴുവൻ ഉൾപ്പെട്ടതായിരുന്നു. പഴയ ജില്ലാ ആശുപത്രി കെട്ടിടം മുതൽ മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ , ഗസ്റ്റ് ഹൌസ് വരെയുള്ള ഭാഗം ഇതിൽപെടും. ഏക്കർ കണക്കിന് സ്ഥലം പലവിധ പൊതുആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ പതിച്ചുകൊടുത്തപ്പോൾ അവശേഷിക്കുന്നത് ഇപ്പോൾ മാവ് വച്ചുപിടിപ്പിച്ച 20 സെന്റ് ഭൂമി മാത്രമാണ്. രാഷ്ട്രീയ പാർട്ടികൾക്കും സന്നദ്ധ സംഘടനകൾക്കും പരിപാടി നടത്താൻ മാത്രമുള്ള ഒരിടം മാത്രമാണ് സാക്ഷാൽ നെഹ്റു പോലും പ്രസംഗിച്ച മാന്തോപ്പ് മൈതാനം. റവന്യു വകുപ്പിന്റെ അധീനതയിലാണ് ഈ ഭൂമി. അതിനാൽ തന്നെ നഗരസഭക്ക് ഇവിടെ നിർമ്മാണം ഒന്നും നടത്താൻ കഴിയില്ല.ദേശീയപ്രസ്ഥാനചരിത്രത്തിൽ ഇടം നേടിയ ഒട്ടനവധി സമരങ്ങളുടെ സാക്ഷ്യം വഹിച്ചത് മാന്തോപ്പ് മൈതാനമാണ്.

അത്യാവശ്യ കാര്യത്തിന് സ്കൂളിലേക്ക് പെട്ടെന്ന് ആർക്കും വരാനും പോകാനും പറ്റുന്നില്ല. സ്കൂൾ കവാടത്തിന് മുന്നിലെ വൃത്തിഹീനമായ സാഹചര്യം മാറ്റണം. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് വാഹനങ്ങൾ വരികയും പോവുകയും ചെയ്യുന്നത് അംഗീകരിക്കാം. എന്നാൽ സ്വകാര്യ വ്യക്തികൾ സ്ഥിരമായി വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കുന്നതിന് നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു. സ്കൂളിന്റെ കവാടത്തിന് മുൻഭാഗം പൂർണ്ണമായും നവീകരിക്കുന്ന പദ്ധതിയാണ് വേണ്ടത്.

പി.ഗംഗാധരൻ ( പി.ടി.എ പ്രസിഡന്റ് ഹൊസ്ദുർഗ് ഗവ ഹയർ സെക്കൻഡറി സ്കൂൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SCHOOL STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL