
കൊച്ചി: ആഴക്കടലിൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന ട്രാൻസ്പോണ്ടർ സംവിധാനം ബോട്ടുകളിൽ സജ്ജമാക്കുന്ന പദ്ധതി ഒരു വർഷം മുമ്പ് തുടങ്ങിയെങ്കിലും പൂർത്തിയായില്ല. കടൽക്ഷോഭവും ചുഴലിക്കാറ്റും സംബന്ധിച്ച് ഉപഗ്രഹങ്ങളിൽ നിന്നുള്ള മുന്നറിയിപ്പ് ബോട്ടുകളിൽ ഘടിപ്പിക്കുന്ന ട്രാൻസ്പോണ്ടറുകളിലും അതിൽനിന്ന് ബോട്ടിലുള്ളവരുടെ മൊബൈൽ ഫോണിലും ലഭ്യമാക്കുന്ന പദ്ധതിയാണ്. ആഴക്കടലിലേക്ക് മാത്രം പന്തീരായിരത്തിലേറെ യാനങ്ങൾ കേരളാതീരത്ത് നിന്ന് പോകുന്നുണ്ട്. മറ്റുള്ളവയും ചേർത്ത് 15,684 ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.
കാലാവസ്ഥ മോശമായാൽ ആഴക്കടലിൽ നിന്ന് കരയിലെത്താൻ മണിക്കൂറുകൾ വേണ്ടിവരുന്നതിനാൽ നിമിഷംതോറും ലഭിക്കുന്ന ട്രാൻസ്പോണ്ടർ സന്ദേശം വലിയ ഗുണം ചെയ്യും. ഐ.എസ്.ആർ.ഒ വികസിപ്പിച്ച ട്രാൻസ്‌പോണ്ടറുകൾ ‘നഭ് മിത്ര’ ആപ്പുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ബോട്ടിന്റെ സ്ഥാനം, ദിശ, വേഗത തുടങ്ങിയ വിവരങ്ങൾക്കൊപ്പം ചുഴലിക്കാറ്റിന്റെ സ്ഥാനം, കാറ്റിന്റെ വേഗത, കടൽസ്ഥിതി എന്നിവയും ഇതിലൂടെ അറിയാം.
കേന്ദ്രം നൽകുന്ന ട്രാൻസ്പോണ്ടർ,
സ്ഥാപിക്കേണ്ടത് സംസ്ഥാനം
കേന്ദ്രസർക്കാർ സൗജന്യമായാണ് ട്രാൻസ്പോണ്ടറുകൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത്. സംസ്ഥാന ഷിഷറീസ് വകുപ്പിനാണ് പദ്ധതി നടപ്പാക്കാൻ ചുമതല. ഐ.എസ്.ആർ.ഒയിൽ നിന്നുള്ള ചിപ്പുകൾ കിട്ടുന്നതിന് അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്.
ഫിഷറീസ് വകുപ്പ് ട്രാസ്പോണ്ടറുകൾ സ്വകാര്യ ഏജൻസിക്ക് കൈമാറും. അവർ ഹാർബറിലെത്തി ബോട്ടുകളിൽ ഘടിപ്പിക്കണം. 10,570 എണ്ണം കൈമാറിയെങ്കിലും 8,915 ബോട്ടുകളിൽ മാത്രമാണ് സ്ഥാപിച്ചത്.
വയർലെസും ‘സീ ഫോണും’ ആശ്രയം
ട്രാൻസ്‌പോണ്ടറില്ലാത്ത ബോട്ടുകൾക്ക് മറ്റ് ബോട്ടുകളുമായുള്ള വയർലെസ് ആശയവിനിമയമാണ് ആശ്രയം. പല ബോട്ടുകാരും സ്വന്തം നിലയിൽ ‘സീ ഫോൺ’ ഉപയോഗിക്കുന്നുണ്ട്. സാറ്റലൈറ്റ് ബന്ധമുള്ളതിനാൽ ആഴക്കടലിൽ നിന്ന് കരയിലേക്ക് ബന്ധപ്പെടാൻ സഹായിക്കും. കരയിൽ നിന്ന് സീ ഫോണിലേക്ക് തിരിച്ചുവിളിക്കാൻ സാധിക്കില്ല.
ട്രാൻസ്‌പോണ്ടർ സ്ഥാപിക്കൽ വേഗത്തിലാക്കണം. ലഭ്യമല്ലാത്ത ബോട്ടുകളിലേക്ക് മുന്നറിയിപ്പെത്തിക്കാൻ ബദൽ സംവിധാനം ഒരുക്കണം.
-ഗിരീഷ്
ട്രോളർ ബോട്ട് ഓണേഴ്‌സ്
അസോസിയേഷൻ
വിതരണം ചെയ്ത ട്രാൻസ്‌പോണ്ടറുകളിൽ 84.3 ശതമാനം സ്ഥാപിച്ചു. ട്രാൻസ്പോണ്ടർ സ്ഥാപിക്കൽ അതിവേഗം പുരോഗമിക്കുകയാണ്.
-സതീഷ്‌കുമാർ എ.പി.ഫിഷറീസ് ജോയിന്റ് ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |