SignIn
Kerala Kaumudi Online
Friday, 23 October 2026 5.47 AM IST

നെൽച്ചെടികൾ നിലംപൊത്തി,​ കണ്ണീരോടെ കർഷകർ

ആലപ്പുഴ : കുട്ടനാട്ടിൽ രണ്ടാംകൃഷിയുടെ കൊയ്‌ത്ത് പുരോഗമിക്കവേ, ഏതാനുംദിവസങ്ങളായി തകർത്തുപെയ്യുന്ന മഴ കർഷകരെ കണ്ണീരിലാക്കി. ശക്തമായ മഴയും കാറ്റും കാരണം രണ്ടാം കൃഷിയുടെ കൊയ്ത്ത് നിശ്ചയിച്ചിരുന്ന പാടങ്ങളിൽ നെൽച്ചെടികൾ കൂട്ടത്തോടെ നിലംപൊത്തി. പതിവ് തുലാവർഷത്തിൽ നിന്ന് വ്യത്യസ്തമായി ന്യൂന മർദ്ദത്തിന്റെ ഭാഗമായുള്ള അതിശക്തമായ മഴയാണ് കൊയ്‌ത്തിന് വിനയായത്. കന്നിവെയിലിൽ വരണ്ടുണങ്ങിയ പാടങ്ങളിൽ ശക്തമായ മഴയിൽ വെള്ളം നിറയുകയും ഒടിഞ്ഞുവീണ നെൽക്കതിരുകൾ ദിവസങ്ങളോളം വെള്ളത്തിനടിയിലാകുകയും ചെയ്തത് കൊയ്ത്ത് ദുഷ്കരമാക്കും. ഈർപ്പം നെല്ലിന്റെ ഗുണനിലവാരത്തെയും ബാധിക്കും.

രണ്ടാം കൃഷി ഏറെയുള്ള നെടുമുടി പഞ്ചായത്തിലെ മിക്ക പാടങ്ങളിലും നെൽച്ചെടികൾ പാടെ നിലംപൊത്തി. കൊയ്‌ത്തിന് പാകമായ ചമ്പക്കുളം,​ തകഴി,​ പള്ളാത്തുരുത്തി, പടിഞ്ഞാറേക്കര പ്രദേശങ്ങളിലെ നെൽച്ചെടികൾ കൂട്ടത്തോടെ ഒടിഞ്ഞുവീണിട്ടുണ്ട്. ഈ നെൽച്ചെടികൾ കൊയ്‌തെടുക്കാൻ സാധാരണയേക്കാൾ മൂന്നിരട്ടി സമയമെടുക്കും. ഇത് കൊയ്ത്ത് യന്ത്രങ്ങളുടെ ഇന്ധന ചെലവും വാടകയും കൂട്ടാനിടയാക്കും. മാത്രമല്ല വെളളത്തിനടിയിലായ ചെടികളിൽ നിന്ന് നെല്ല് പൂർണമായും കൊയ്തെടുക്കാനും സാധിക്കാത്ത സ്ഥിതി കർഷകർക്ക് വലിയ നഷ്ടത്തിന് ഇടയാക്കും.

കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വളരെ കുറച്ച് മില്ലുകാർ മാത്രം പങ്കാളികളായ നെല്ല് സംഭരണത്തിൽ, ഈർപ്പത്തിന്റെ പേരിൽ കിഴിവ് ചുമത്തി കർഷകരെ കൊള്ളയടിക്കാൻ മില്ലുകാരുടെ ഏജന്റുമാരും മത്സരത്തിലാണ്. ചൂഷണത്തിനെതിരെ കൃഷി വകുപ്പോ, പാ‌ഡി ഉദ്യോഗസ്ഥരോ ഇടപെടാൻ കൂട്ടാക്കിയിട്ടില്ല

ചൂഷണത്തിന് ഏജന്റുമാർ റെഡി

1. പുഞ്ചകൃഷിയെ അപേക്ഷിച്ച് വിളവ് കുറവാണെങ്കിലും കഴുകൻ കണ്ണുമായി കർഷകരെ വട്ടം ചുറ്റുകയാണ് കൊയ്ത്ത്, മെഷീൻ ഏജന്റുമാർ

2. മഴ ഭീഷണിയായതോടെ യഥാസമയം കൊയ്ത്ത് പൂർത്തിയാക്കാൻ മെഷീനുകൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് കർഷകരെ ഇവർ ചൂഷണം ചെയ്യുന്നത്.

3. റോഡ് മാർഗം എത്തിക്കാവുന്ന പാടങ്ങളിൽ മണിക്കൂറിന് 2100 രൂപയും ചങ്ങാടങ്ങൾ വേണ്ടിടത്ത് 2,​200 രൂപയുമാണ് അംഗീകൃത നിരക്ക്

4. എന്നാൽ, കൃത്യസമയത്ത് കൊയ്ത്ത് പൂർത്തിയാക്കുന്നതിന് 2500 രൂപവരെ ഏജന്റുമാർ ആവശ്യപ്പെടുന്നുണ്ടെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു

കൊയ്ത്തിന് മഴ ഭീഷണിയാണ്. നെൽച്ചെടികൾ ഒടിഞ്ഞുവീണതിന്റെ പേരിൽ കൊയ്ത്ത് മെഷീൻകാരും മില്ല് ഏജന്റുമാരും കർഷകരെ ചൂഷണം ചെയ്യാൻ ഇടയാക്കരുത്

-ലാലിച്ചൻപള്ളിവാതുക്കൽ,​ നെൽകർഷക സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL