SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 AM IST

തുറവൂർ–അരൂർ ഉയരപ്പാത; നീളം കൂട്ടൽ,​ നീണ്ട കുരുക്ക്

d

തുറവൂർ: ദേശീയപാതയിൽ തുറവൂർ–അരൂർ ഉയരപ്പാതയുടെ നീളം കൂട്ടി നിർമ്മാണം പുരോഗമിക്കുന്നതിനിടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.തുറവൂർ മുതൽ പാലക്കാപറമ്പ് വരെയുള്ള ഭാഗത്ത് നിലവിലെ റോഡ് പൊളിച്ച് നിർമ്മാണം ആരംഭിച്ചതോടെ, ഇരുവശങ്ങളിലും പുതുതായി ഒരുക്കിയ സർവീസ് റോഡുകളിലൂടെയാണ് ഇപ്പോൾ വാഹന ഗതാഗതം നിയന്ത്രിക്കുന്നത്. വീതി കുറഞ്ഞ ഈ സർവീസ് റോഡിലൂടെ വാഹനങ്ങൾ തിങ്ങിനിറഞ്ഞ് സഞ്ചരിക്കേണ്ടിവരുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.

നിലവിൽ തുറവൂർ കവലയിൽ ഉയരപ്പാതയുടെ പൈലിംഗ് ആണ് നടക്കുന്നത്. തുറവൂർ കവലയിൽ അവസാനിക്കുന്ന നിലവിലെ ഉയരപ്പാതയെ തെക്കോട്ട് ആലക്കാപറമ്പ് വരെ നീട്ടുന്നതിനായി 12 പുതിയ തൂണുകൾ കൂടി നിർമിക്കുകയാണ്. ഇതോടെ ആദ്യം 12.75 കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന ഉയരപ്പാതയുടെ ആകെ നീളം 13.24 കിലോമീറ്ററാകും. നിലവിലെ പാതയിൽ നിന്ന് ഏകദേശം 210 മീറ്റർ ദൂരം കൂടി തൂണുകളിൽ തന്നെ പാത നീളുകയും, തുടർന്ന് 250 മീറ്റർ അനുബന്ധ റോഡും നിർമ്മിക്കപ്പെടുകയും ചെയ്യും. എന്നാൽ നിർമ്മാണവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങൾ അശാസ്ത്രീയമാണെന്ന വിമർശനം ശക്തമാകുകയാണ്.

ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ കൃത്യമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ട്രാഫിക് പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കുകയും സർവീസ് റോഡുകളുടെ വീതി കൂട്ടി സുരക്ഷിത ഗതാഗതം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഇതിനുള്ള പരിഹാരം.

അപകടങ്ങളും പതിവ്

1.തുറവൂർ കവലയിലെ പതിവ് തിരക്കിനൊപ്പം സർവീസ് റോഡിൽ തന്നെ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിറക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്.

2.ദേശീയപാതയിൽ നിർമ്മിച്ച തുരങ്കപ്പാതകൾ ഗതാഗതത്തിനായി തുറന്നതോടെ, ഇരുവശത്തുനിന്നും എത്തുന്ന വാഹനങ്ങളും തുരങ്കത്തിലൂടെ വരുന്ന വാഹനങ്ങളും തമ്മിൽ കാണാൻ കഴിയാത്തതിനാൽ അപകടങ്ങൾ പതിവാണ്

3.തുരങ്കപ്പാതകളുടെ സമീപപ്രദേശങ്ങളിൽ വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നത് പതിവായതോടെ കുരുക്ക് മണിക്കൂറുകളോളം നീളും. ചില വാഹനങ്ങൾ ഇടതുവശം ചേർന്ന് മറികടക്കാൻ ശ്രമിക്കുന്നതും അപകടസാദ്ധ്യത വർധിപ്പിക്കുന്നു

4.തുരങ്കപ്പാതയുടെ ഇരുവശത്തെയും സംരക്ഷണഭിത്തികളുടെ ഭാഗമായ ലോക്ക് ബ്ലോക്കുകൾ ഇടിഞ്ഞ് മണ്ണ് ഒലിച്ചുപോകുന്നതും ആശങ്കയുണർത്തുന്നു. മഴ ശക്തമായതോടെ മണ്ണിടിച്ചിലിനുള്ള സാധ്യത കൂടുതലാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL