ബീജിംഗ്: സരയൂഥത്തിലെ പ്രധാന ഊർജ സ്രോതസാണ് സൂര്യൻ. ലക്ഷക്കണക്കിന് വർഷങ്ങളായി കത്തിജ്വലിച്ചുകൊണ്ടുനിൽക്കുന്ന സൂര്യനിൽ നിന്നുള്ള ഊർജംഇല്ലാതായാൽ ലോകംതന്നെ അസ്തമിക്കും. സൂര്യൻ എന്നെങ്കിലും പൂർണമായി അസ്തമിക്കുമോ എന്നുള്ള ചർച്ചകൾ പലവഴിക്കും നടക്കുന്നുണ്ട്. അതിനിടെ സൂര്യനെ ഭൂമിയിൽ പുനഃസൃഷ്ടിക്കാനുള്ള പദ്ധതിയിൽ ചൈന കുതിച്ചുചാട്ടം നടത്തിയെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പൂർണമായും പരിസ്ഥിതി സൗഹാർദവും ഒരിക്കലും നശിക്കാത്തതുമായ ഒരു കൃത്രിമ ഊർജ സ്രോതസ് ഉണ്ടാക്കിയെടുക്കാനുള്ള ചൈനയുടെ പ്രയത്നത്തിന്റെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൃത്രിമ സൂര്യനെ പുനഃസൃഷ്ടിക്കാനുള്ള പ്രയാണത്തിൽ നിർണായകമായ ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ കണ്ടക്ടിംഗ് ഫ്യൂഷൻ മാഗ്നറ്റാണ് ചൈന വികസിപ്പിച്ചെടുത്തത്. 2030 ഓടെ ഫ്യൂഷൻ ഊർജത്തിൽ നിന്ന് വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
ചൈനീസ് അക്കാഡമി ഒഫ് സയൻസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്മ ഫിസിക്സിലെ ശാസ്ത്രജ്ഞരാണ് 21 മീറ്റർ നീളവും 12 മീറ്റർ വീതിയും 582 കിലോ ഭാരവുമുള്ള ഈ ഭീമൻ കാന്തം വികസിപ്പിച്ചെടുത്തത്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'D' ആകൃതിയാണ് കാന്തത്തിന്. സൂര്യനിൽ എങ്ങനെയാണോ ഊർജം സൃഷ്ടിക്കപ്പെടുന്നത് അതേ പ്രക്രിയയെ പുനഃസൃഷ്ടിക്കുന്ന ഒരു ന്യൂക്ളിയർ ഫ്യൂഷൻ റിയാക്ടറാണ് ഇത്. ഈ കൂറ്റൻ കാന്തത്തിന് ന്യൂക്ളിയർ ഫ്യൂഷൻ റിയാക്ടറിലെ ഉയർന്ന മർദ്ദത്തെയും സൂര്യന്റെ കോറിനെക്കാൾ (അകക്കാമ്പ്) ചൂടുള്ള പ്ലാസ്മയെയും സുരക്ഷിതമായി നിയന്ത്രിച്ചുനിറുത്താൻ ശേഷിയുണ്ട്.
10 കോടി ഡിഗ്രി സെൽഷ്യസിലധികം ഉയർന്ന താപനിലയിൽ ഹൈഡ്രജൻ ആറ്റങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിച്ചാണ് റിയാക്ടറിനുള്ളിൽ വൻതോതിൽ ഊർജം ഉത്പാദിപ്പിക്കുന്നത്. കാർബൺ ഡൈ ഓക്‌സൈഡിനെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാതെ, പരിസ്ഥിതി മലിനീകരണമില്ലാത്ത ശുദ്ധമായ ഊർജം നിർമ്മിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും എന്നാണ് അവകാശവാദം.
ഈ കാന്തത്തിന് പുറമേ ഫ്യൂഷൻ റിയാക്ടറിന്റെ ഹൃദയം എന്നുവിശേഷിപ്പിക്കപ്പെടുന്ന ഹൈ ടെമ്പറേച്ചർ സൂപ്പർ കണ്ടക്ടിംഗ് സെൻട്രൽ സോളിനോയിഡ് കോയിലിന്റെ പരീക്ഷണവും ഗവേഷകർ വിജയകരമായി പൂർത്തിയാക്കി. പൂർണമായും ആഭ്യന്തര സാങ്കേതിവിദ്യയിലൂടെയാണ് കാന്തത്തിന്റെ നിർമാണം പൂർണമായും പൂർത്തിയാക്കിയതെന്നാണ് ചൈന അവകാശപ്പെടുന്നത്.
China has significantly advanced its "artificial sun" project, developing the world's largest superconducting fusion magnet. This D-shaped magnet, a domestically developed technology, aims to replicate the sun's nuclear fusion process, controlling plasma hotter than the sun's core. The goal is to produce large-scale, clean electricity by 2030, offering an environmentally friendly energy solution.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |