
തിരക്കുനിറഞ്ഞ ജീവിതത്തിൽ പാചകം എളുപ്പമാക്കാനും ആരോഗ്യപ്രദമായി ഭക്ഷണം കഴിക്കാനും ഏറ്റവും നല്ല മാർഗമാണ് സാലഡുകൾ. ഉണ്ടാക്കാനുള്ള എളുപ്പംകൊണ്ട് മാത്രമല്ല പോഷക സമ്പുഷ്ടമായത് കൊണ്ടും എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമാണ് ഇത്. പഴങ്ങളും പച്ചക്കറികളും തുടങ്ങി മുട്ടയും ചിക്കനും ഇലവർഗങ്ങളുമെല്ലാം സാലഡിന്റെ പ്രധാന ചേരുവകളാണ്.
ആന്റിഓക്സിഡന്റുകളും നിരവധി പോഷകങ്ങളുമടങ്ങിയ ഇവ കുടലിന്റെ ആരോഗ്യത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ്. എന്നാൽ സാലഡ് ഉണ്ടാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്റെ ചേരുവകൾ. സാലഡ് ഉണ്ടാക്കുമ്പോൾ എന്തൊക്കെ ചേർക്കണം, ചേർക്കാൻ പാടില്ല എന്നതിനെ കുറിച്ച് പലർക്കും ധാരണയില്ല. ചിലത് ഒരുമിച്ച് ചേർത്താൽ വിപരീത ഫലമാകും ഉണ്ടാകുക.
തണ്ണിമത്തൻ ഒരിക്കലും മറ്റ് പഴങ്ങൾക്കൊപ്പം മിക്സ് ചെയ്തു കഴിക്കാൻ പാടില്ല. അതായത് ജലാംശം അധികം അടങ്ങിയ പഴങ്ങൾ മറ്റുള്ള പഴങ്ങൾക്കൊപ്പം കഴിക്കുമ്പോൾ ദഹനം ശരിയായ രീതിയിൽ നടക്കില്ല. ഏത്തപ്പഴത്തിനൊപ്പം പേരക്ക, ഉണക്കിയ ആപ്രിക്കോട്ട്, കിവിഫ്രൂട്ട്, അവോക്കാഡോ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ പഴങ്ങൾ കഴിക്കാൻ പാടില്ല. ഫ്രൂട്ട് സാലഡുകൾ ഉണ്ടാക്കുമ്പോഴും ഇത്തരം പഴങ്ങൾ ഒരുമിച്ച് ചേർക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ശരീരത്തിന് പ്രോട്ടീൻ ദഹിപ്പിക്കാൻ അസിഡിക് ബേസും അന്നജം ദഹിപ്പിക്കാൻ ആൽക്കലൈൻ ബേസും ആവശ്യമാണ്.
സ്ട്രോബെറി, ആപ്പിൾ, മാതളനാരങ്ങ തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങൾ ഒരിക്കലും വാഴപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ മധുരമുള്ള പഴങ്ങളുമായി യോജിപ്പിച്ച് കഴിക്കാൻ പാടില്ല. ഇത് ദഹന പ്രശ്നങ്ങൾ, ഓക്കാനം, അസിഡോസിസ്, തലവേദന എന്നിവയ്ക്ക് കാരണമായേക്കാം. പപ്പായക്കൊപ്പം നാരങ്ങ കഴിക്കുന്നത് ഒഴിവാക്കണം. ഇത് വിളർച്ചയ്ക്ക് കാരണമായേക്കാം. പലപ്പോഴും നമുക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ കാരണം നമുക്ക് തന്നെ മനസിലാകണമെന്നില്ല. ഇതിനുപിന്നിൽ നമ്മൾ 'ഹെൽത്തി' ആണെന്ന് തെറ്റിദ്ധരിച്ച് ചെയ്യുന്ന കാര്യങ്ങളും ഉണ്ടാകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |