SignIn
Kerala Kaumudi Online
Saturday, 24 October 2026 6.55 PM IST

ഓട്ടിസം ഒരു അവസാനവാക്കല്ല, ഓരോ മുത്തിലും സ്വപ്നങ്ങൾ കോർത്ത് അദ്വൈത്; 'അദ്ദൂസ് ലിറ്റിൽ ക്രിയേഷൻസിന്' ഒമ്പത് വയസ്

advaith-with-mother
അദ്വൈത്, അമ്മ സ്മൃതി

ഒരു കുഞ്ഞ് ജനിക്കുന്നതുമുതൽ അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും മാതാപിതാക്കൾക്ക് സന്തോഷവും അതുപോലെ ഉത്തരവാദിത്തവും നിറഞ്ഞതാണ്. കുട്ടിയുടെ ആദ്യത്തെ ചിരി മുതൽ അവർ പറയുന്ന ആദ്യ വാക്ക്,​ അവരുടെ ചെറിയ നേട്ടങ്ങൾ,​ സ്കൂൾകാലം തുടങ്ങിയ നീണ്ട നിരയാണ് ഓരോ അച്ഛനും അമ്മയ്ക്കും പറയാനുള്ളത്. എന്നാൽ ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തരായ ഒരു കൂട്ടം മാതാപിതാക്കളും അവരുടെ കുഞ്ഞുങ്ങളും സമൂഹത്തിലുണ്ട്. ഓട്ടിസം,​ എഡിഎച്ച്ഡി എന്നീ അവസ്ഥകളിലുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമായ കഥയാകും സമൂഹത്തോട് പറയാനുള്ളത്.

ഒന്നും എഴുതാത്ത ഒരു വെള്ളപേപ്പറിൽ ആദ്യാക്ഷരം മുതൽ എഴുതിചേർക്കുന്നതുപോലെയാണ് ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങളുടെ സ്വഭാവം,​ പെരുമാറ്റം,​ സമൂഹത്തിലുള്ള ഇടപെടൽ എന്നിവ രൂപീകരിച്ചെടുക്കേണ്ടത്. ആശയവിനിമയത്തിന് പോലും കഴിയാത്ത കുഞ്ഞുങ്ങളാണ് ഇവരിൽ പലരും. വിവിധ തെറാപ്പികളിലൂടെയും,​ ഇടപെടലുകളിലൂടെയും ആ കുഞ്ഞുങ്ങൾക്ക് വേണ്ട സഹായം നൽകുകയും അവരുടെ കഴിവുകൾ മനസിലാക്കുകയും ചെയ്താൽ മറ്റുള്ളവരെപ്പോലെ തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്താൻ അവർക്കും സാധിക്കും. അത്തരത്തിൽ പരിമിതികളിൽ നിന്ന് അമ്മയുടെ കൈപിടിച്ച് സ്വന്തമായൊരു ലോകം പടുത്തുയർത്തിയ അദ്വൈതിനെക്കുറിച്ചാണ് ഇന്ന് കേരളകൗമുദി ഓൺലൈൻ പങ്കുവയ്ക്കുന്നത്.

രണ്ടുവയസിൽ എ‌ഡിഎച്ച്ഡിയും മൂന്നാം വയസിൽ ഓട്ടിസവും കണ്ടെത്തിയ അദ്വൈതിന് ഇപ്പോൾ വയസ് 18 ആണ്. ഇന്ന് 'അദ്ദൂസ് ലിറ്റിൽ ക്രിയേഷൻസ്' എന്ന സംരംഭത്തിന്റെ ഉടമ കൂടിയാണ് അദ്വൈത്. ഓട്ടിസം യാത്ര അദ്വൈതിനും മാതാപിതാക്കൾക്കും ഒരിക്കലും എളുപ്പമായിരുന്നില്ല. ബാംഗ്ലൂരിലാണ് അദ്വൈതും കുടുംബവും താമസിക്കുന്നത്. ഓട്ടിസം കണ്ടെത്തി കഴിഞ്ഞാലും മികച്ച തെറാപ്പി നൽകാനുള്ള സെന്ററുകൾ വർഷങ്ങൾക്ക് മുമ്പ് വിരളമായിരുന്നു. യാത്രയിലും തെറാപ്പിക്കിടയിലും കരഞ്ഞുതളർന്ന കുഞ്ഞിനെ കാണുന്നത് പതിവായിരുന്നുവെന്ന് അദ്വൈതിന്റെ മാതാവ് സ്മൃതി രാജേഷ് ഓർക്കുന്നു.

advaith-and-mother
അദ്വൈത്, അമ്മ സ്മൃതി

'അദ്ദൂസ് ലിറ്റിൽ ക്രിയേഷൻസ്'

കുഞ്ഞായിരുന്നപ്പോൾ വെറുതെയിരിക്കുമ്പോഴെല്ലാം അദ്വൈത് നീളത്തിലുള്ള നൂലുകൾ കയ്യിൽ കരുതുമായിരുന്നു. അതും ഈ അവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ പ്രത്യേകതയാണ്. ചില വസ്തുക്കളോട് അമിതമായ ഇഷ്ടം അല്ലെങ്കിൽ താല്പര്യം തോന്നുകയെന്നത്. ചിലപ്പോൾ അതിന്റെ ഘടനയോ,​ സ്പർശിക്കുമ്പോൾ ഉള്ള വ്യത്യാസമോ അങ്ങനെ പലതുമാകാം അവരിൽ അത്തരം ഒരു താല്പര്യം ഉണ്ടാക്കുന്നത്. അതിലേക്ക് തന്നെ നോക്കിയിരിക്കുക,​ ആ വസ്തു വട്ടത്തിൽ കറക്കുക തുടങ്ങി പല തരത്തിലാണ് ഓരോ കുഞ്ഞുങ്ങളും ചെയ്യുന്നത്. ഇതിനെയാണ് സ്റ്റിമ്മിംഗ് എന്നുപറയുന്നത്. അത് അവരുടെ ബ്രെയിനിന്റെ നിയന്ത്രണത്തിന്റെ ഭാഗമാണ്. അത് ചെയ്യരുത് എന്ന് വിലക്കുന്നതിന് പകരം അവർക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ അതിനെ തിരിച്ചുവിടുകയാണ് ചെയ്യേണ്ടത്.

അത്തരത്തിൽ നൂലുകളോടും ചെറിയ വസ്തുക്കളോടുമുള്ള അദ്വൈതിന്റെ താല്പര്യം കണ്ടിട്ടാണ് അമ്മ സ്മൃതി ആ ഇഷ്ടങ്ങളെ ഉപയോഗപ്രദമായ രീതിയിലേക്ക് എങ്ങനെ മാറ്റാമെന്ന് ചിന്തിക്കുന്നത്. ഒമ്പതുവർഷം മുമ്പ് ഒരു അദ്ധ്യാപക ദിനത്തിലാണ് അദ്വൈതും മുത്തുകളുമായുള്ള യാത്ര ആരംഭിക്കുന്നത്. അമ്മ സ്മൃതിയുടെ നി‌ർദേശങ്ങൾ അനുസരിച്ച് ഓരോ മുത്തുകളായി നൂലിൽ കോർത്തുണ്ടാക്കിയ ബ്രേസ്‌ലെറ്റ് അദ്വൈത് അദ്ധ്യാപികയ്ക്ക് സമ്മാനിച്ചു. അതായിരുന്നു തുടക്കം.

അദ്വൈത് ഉണ്ടാക്കിയ ബ്രേസ്‌ലെറ്റിന്റെ ചിത്രം ഫേസ്ബുക്കിലൂടെ സ്മൃതി പങ്കുവച്ചത് പുതിയ യാത്രയുടെ തുടക്കമായി മാറുകയായിരുന്നു. ചിത്രം കണ്ടതോടെ കൂടുതൽ പേർ തങ്ങൾക്കും ആഭരണങ്ങൾ നിർമ്മിച്ച് നൽകണമെന്ന ആവശ്യവുമായി എത്തി. കൂടുതൽ മുത്തുകൾ വാങ്ങി ആവശ്യപ്പെട്ട സുഹൃത്തുക്കൾക്കെല്ലാം അദ്വൈതിന്റെ കൈകൊണ്ടുതന്നെ ആഭരണങ്ങൾ നിർമ്മിച്ചുനൽകി. ആഭരണങ്ങൾ വാങ്ങി ഉപയോഗിച്ച സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് 'അദ്ദൂസ് ലിറ്റിൽ ക്രിയേഷൻസ്' എന്ന ഫേസ്ബുക്ക് പേജ് തുടങ്ങിയതെന്ന് സ്മൃതി പറയുന്നു.

'അദ്ദൂസ് ലിറ്റിൽ ക്രിയേഷൻസ്' എന്ന ഫേസ്ബുക്ക് പേജിലൂടെ അദ്വൈത് മുത്തുകൾ കോർക്കുന്നതും ആഭരണങ്ങൾ നിർമ്മിക്കുന്നതുമായ വീഡിയോകൾ പങ്കുവയ്ക്കാൻ തുടങ്ങി. ആദ്യം സുഹൃത്തുക്കളാണ് ആഭരണങ്ങൾ വാങ്ങിയിരുന്നതെങ്കിൽ പതിയെ പുറത്തുനിന്നുള്ളവരും ഓർഡർ നൽകാൻ ആരംഭിച്ചു. അമ്മ സ്മൃതിയും ഒമ്പതുവയസുകാരനായ അദ്വൈതും ചേർന്ന് ഒരു സംരംഭത്തിന്റെ അടിത്തറ പാകാൻ തുടങ്ങുകയായിരുന്നു. അച്ഛന്റെ ബാങ്ക് അക്കൗണ്ടിനൊപ്പം മൈനറായ അദ്വൈതിനും പുതിയ അക്കൗണ്ട് തുടങ്ങി. അദ്വൈതിന്റെ ചെറിയ സംരംഭത്തിന് ലഭിക്കുന്ന തുകയെല്ലാം ആ അക്കൗണ്ടിലേക്ക് മാറ്റി. 18 വയസ് പൂർത്തിയായപ്പോൾ ലീഗൽ ഗാർഡിയൻഷിപ്പ് എടുത്ത് ബാങ്ക് അക്കൗണ്ട് അദ്വൈതിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു.

advaith
അദ്വൈത്,​ അദ്വൈത് അച്ഛൻ രജേഷിനും അമ്മ സ്മൃതിക്കും സഹോദരൻ ആദിത്യയ്ക്കുമൊപ്പം

അദ്വൈത് എന്ന സംരഭകൻ

അമ്മയുടെ നിർദേശാനുസരണം നൂലിൽ മുത്തുകോർക്കുക മാത്രം ചെയ്തിരുന്ന അദ്വൈത് പതിയെ മാതാപിതാക്കൾക്കൊപ്പം കടയിൽ പോയി ആഭരണങ്ങൾ നിർമ്മിക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുന്നതിലും പങ്കാളിയായി തുടങ്ങി. അതും ആദ്യമൊന്നും അത്ര എളുപ്പമായിരുന്നില്ല. മുത്തുകൾ നിലത്ത് തള്ളിയിടുകയും അസ്വസ്ഥനാകുകയും ചെയ്തിരുന്ന കാലത്തുനിന്ന് പതിയെ മുത്തുകൾ തിരഞ്ഞെടുക്കാനും സൂക്ഷിക്കാനും ആരംഭിച്ചതും ഈ യാത്രയുടെ ഭാഗമാണ്. തന്റെ ആവശ്യങ്ങൾസാധാരണ ഒരാളെപ്പോലെ വാക്കുകളിലൂടെ പറയാൻ അദ്വൈതിന് ഇപ്പോഴും കഴിയില്ല. 'ആവാസ്' എന്ന സംവിധാനത്തിലൂടെയും പിക്ചർ കാർഡുകളിലൂടെയുമാണ് അദ്വൈതിന്റെ ആശയവിനിമയം.

അദ്വൈതിന് എഴുതാൻ ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കിയ സ്മൃതി അവനെ കീബോർഡിൽ ടൈപ്പ് ചെയ്യാൻ പഠിപ്പിച്ചു. ഓൺലൈൻ വഴി ആഭരണത്തിന്റെ ഓർഡറുകൾ ലഭിക്കുമ്പോൾ അത് നിർമ്മിക്കുന്നതിനൊപ്പം വാട്സാപ്പ് വഴി ആശയവിനിമയം നടത്താനും കസ്റ്റമേഴ്സിന്റെ മേൽവിലാസം കീബോർഡിലൂടെ ടൈപ്പ് ചെയ്യാനും അദ്വൈത് പഠിച്ചു. പോസ്റ്റ് ഓഫീസിൽ പോകാനും ഓർഡറുകൾ അയയ്ക്കാനും അദ്വൈതിനെ മാതാപിതാക്കൾ സഹായിച്ചു. തന്റെ സംരംഭത്തിന്റെ ഓരോ ഘട്ടത്തിലും എന്തൊക്കെ ചെയ്യണമെന്ന് അദ്വൈതിനെ പഠിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കൂടാതെ,​ കംപ്യൂട്ടറിൽ എക്സെൽ പഠിപ്പിക്കുകയും കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്കുകൾ കൂട്ടാൻ പഠിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഇതെല്ലാം സ്വയം ചെയ്യാൻ 18കാരനായ അദ്വൈതിന് അറിയാം.

ആദ്യകാലങ്ങളിൽ അദ്വൈതിനെ കുറിച്ച് എല്ലാവർക്കും പരാതിയായിരുന്നു. ആക്ടിവിറ്റികൾ ചെയ്യുന്നില്ല. എപ്പോഴും കരച്ചിലാണ് അങ്ങനെയൊക്കെ. അന്ന് ഞാനും ഒരു ഡിപ്രസ്ഡ് മദർ ആയിരുന്നു.അവനെ സഹായിക്കുന്നതിനൊപ്പം മാറിയിരുന്ന് കരയുമായിരുന്നു. അവനെ തെറാപ്പിക്ക് കൊണ്ടുപാകാൻ വേണ്ടിയാണ് ഞാൻ ഡ്രൈവിംഗ് പഠിച്ചത്. അദ്വൈതിന് വേണ്ടിയാണ് സമയം കണ്ടെത്തി ഞാൻ ‌ചൈൽഡ് സൈക്കോളജി,​ സ്പെഷ്യൽ എഡ്യൂക്കേഷൻ കോഴ്സുകൾ പൂർത്തിയാക്കിയത്. ഇപ്പോൾ അദ്ദൂസ് ലിറ്റിൽ ക്രിയേഷൻസിന്റെ സൂപ്പർവൈസർ മാത്രമാണ് ഞാൻ. എല്ലാം ചെയ്യുന്നത് അവനാണ്,​ എന്റെ മേൽനോട്ടം മാത്രം മതി. -സ്മൃതി പറയുന്നു

ഒമ്പതാം വയസിൽ തുടങ്ങിയ 'അദ്ദൂസ് ലിറ്റിൽ ക്രിയേഷൻസ്' ഒമ്പത് വർഷം പൂർത്തിയാക്കുമ്പോൾ ഓട്ടിസത്തെ മറികടന്ന് അദ്വൈത് ഒരു സംരംഭകനായി മാറിക്കഴിഞ്ഞു. ഓട്ടിസം എന്ന അവസ്ഥയിൽ കുടുങ്ങി മുന്നോട്ടുപോകാൻ കഴിയാതെ പകച്ചുനിൽക്കുന്ന ഒരുപാട് കുടുംബങ്ങൾക്കുള്ള വെളിച്ചമാണ് അദ്വൈത്. ഇത് അദ്വൈതിന്റെ മാത്രം ജീവിതവിജയമല്ല,​ പരിമിതികൾക്കുള്ളിൽ നിന്ന് സ്വന്തം മകനെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കാനുള്ള മാതാപിതാക്കളുടെ പരിശ്രമത്തിന്റെ കൂടികഥയാണ്.

English Summary

Eighteen-year-old Adwaith, diagnosed with ADHD and autism, has successfully established "Addoo's Little Creations." His mother, Smriti Rajesh, channeled his interest in threads and beads into making jewelry. Starting at age nine, his venture grew from a small gift to a thriving business, inspiring many families facing similar challenges. Adwaith now independently manages many aspects.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADVAITH AUTISM STORY, ADDUS LITTLE CREATIONS, AUTISM AWARENESS, AUTISTIC ENTREPRENEUR, INSPIRING SUCCESS STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA