SignIn
Kerala Kaumudi Online
Thursday, 24 September 2026 1.27 AM IST

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: മുഖ്യമന്ത്രി

vd-satheeshan

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ബഹുമുഖ പ്രതിഭയെയാണ് സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണത്തോടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ശാസ്ത്രത്തിന്റെയും കലയുടെയും അപൂർവവും സുന്ദരവുമായ ഒരു സമന്വയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഡോ. എ.പി.ജെ.അബ്ദുൾ കലാമിനൊപ്പം ശാസ്ത്രലോകത്ത് കൈകോർത്ത അതേ കൃത്യതയും കാഴ്ചപ്പാടും തന്നെ അദ്ദേഹം കേരളത്തിന്റെ കലാസാംസ്‌കാരിക മണ്ഡലത്തിലും പുലർത്തി.

1977ൽ അദ്ദേഹം തിരുവനന്തപുരത്ത് വിത്തുപാകിയ 'സൂര്യ ഫെസ്റ്റിവൽ" ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവങ്ങളിലൊന്നായി. മലയാള നാടകവേദിയിൽ സാങ്കേതികതയുടെയും ഭാവുകത്വത്തിന്റെയും പുതിയ തരംഗങ്ങൾ സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. ശബ്ദവും വെളിച്ചവും വരികളും മനോഹരമായി സമന്വയിപ്പിച്ച് അദ്ദേഹം ഒരുക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോകളും രംഗാവതരണങ്ങളും ഇന്ത്യൻ നാടകചരിത്രത്തിലെ തന്നെ പുതിയ അദ്ധ്യായങ്ങളായിരുന്നു.

കലയെ ജനകീയമാക്കുന്നതിലും പരമ്പരാഗത കലാകാരന്മാർക്ക് അന്താരാഷ്ട്ര വേദികൾ ഒരുക്കുന്നതിലും അദ്ദേഹം കാണിച്ച പ്രതിബദ്ധത വരുംതലമുറകൾക്ക് മാതൃകയാണ്. പകരക്കാരില്ലാത്ത ആ സാംസ്‌കാരിക ശില്പിയുടെ വേർപാട് കേരളത്തിന്റെ കലാസാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V D SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA