
കേവഡിയ(ഗുജറാത്ത്): 'ഭ്രമയുഗ'ത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ താൻ പ്രത്യേകിച്ച് മാജിക് ഒന്നും ചെയ്തില്ലെന്ന് മമ്മൂട്ടി. സെറ്റിലെത്തുമ്പോൾ എന്തോ തനിക്കരികിലേക്ക് വരുന്നതു പോലെയായിരുന്നു അനുഭവമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അംഗീകാരം ഏതൊരു കലാകാരനും വലിയ പ്രചോദനമാണ്. നാലാംവട്ടവും ദേശീയ പുരസ്കാരം വാങ്ങുന്ന താൻ ഭാഗ്യവാനാണെന്നും പുരസ്കാരം സ്വീകരിക്കുന്നതിനു മുമ്പ് ദൂരദർശന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതൊരു നീണ്ട യാത്രയായിരുന്നു. സംവിധായകർ, സാങ്കേതികപ്രവർത്തകർ, സഹതാരങ്ങൾ, നിർമ്മാതാക്കൾ, എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവർ അങ്ങനെ നിരവധി പേർ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. ഇത്രയും കാലം അവരെ സന്തോഷിപ്പിക്കാനായതിൽ സന്തോഷമുണ്ട്. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. അതിനായി കഠിനമായി പരിശ്രമിക്കും.
പുരസ്‌കാരത്തിന് അർഹനാക്കിയ 'ഭ്രമയുഗം' സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ: ''ഞാൻ തിരഞ്ഞെടുത്തത് കഥാപാത്രത്തെയല്ല, തിരക്കഥയെയാണ്. ഷൂട്ടിംഗിന്റെ ആദ്യദിവസം സെറ്റിലെത്തുമ്പോൾ എന്തോ എനിക്കരികിലേക്ക് വരുന്നതു പോലെയാണ് തോന്നാറ്. അതൊരുതരം മാജിക് ആണോ എന്നറിയില്ല; ഞാനായിട്ട് പ്രത്യേകിച്ച് മാജിക് ഒന്നും ചെയ്യുന്നില്ല, എങ്കിലും എന്തോ ഒന്ന് എന്നെത്തേടിയെത്തുന്നു, ഭാഗ്യവശാൽ ഞാനതിനെ കൂടെക്കൂട്ടുന്നു. എന്റെ മുന്നിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രൂപം ഇതൊന്നുമായിരുന്നില്ല. അത് തികച്ചും വ്യത്യസ്തമായിരുന്നു. മേക്കപ്പ് മാനൊപ്പവും കോസ്റ്റ്യൂം ഡിസൈനറിനൊപ്പവും അരമണിക്കൂർ ചെലവഴിച്ചപ്പോഴാണ് കഥാപാത്രമായി മാറാനായത്. സംവിധായകൻ, മേക്കപ്പ്മാൻ, കോസ്റ്റ്യൂം ഡിസൈനർ, ക്യാമറാമാൻ എന്നിവർക്ക് നന്ദി.''
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |