SignIn
Kerala Kaumudi Online
Thursday, 24 September 2026 1.27 AM IST

യാത്രാവിവാദത്തിൽ മുഖ്യമന്ത്രി വിമാനം ഒരുക്കിയത് മലയാളി; പേര് പറയേണ്ട കാര്യമില്ല  വേണ്ടിവന്നാൽ ഇനിയും പോകും

cm

തിരുവനന്തപുരം: മലപ്പുറത്ത് മഴക്കെടുതി കാണാൻ പോകാൻ മലയാളിയായ പരിചയക്കാരനാണ് വിമാനം ഒരുക്കിയതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പേരു വെളിപ്പെടുത്തേണ്ട ആവശ്യമില്ല. ഇതിൽ എന്താണ് തെറ്റ്? വേണ്ടിവന്നാൽ ഇനിയും പോകുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിമാരായിരിക്കെ പിണറായിയും ഉമ്മൻചാണ്ടിയും ഇത്തരത്തിൽ പലതവണ യാത്ര ചെയ്തിട്ടുണ്ട്. അവർ ആരുടെയെങ്കിലും പേരു വെളിപ്പെടുത്തിയിട്ടുണ്ടോ? എന്തിനാണ് അവരെയൊക്കെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്. മുഖ്യമന്ത്രിക്ക് വിമാനം ഒരുക്കിയതിന്റെ പേരിൽ ഔദാര്യം ചോദിച്ചുവരുന്നവരല്ല അവർ. അങ്ങനെ ഒരു സൗകര്യവും നൽകുന്ന സർക്കാരുമല്ല ഇത്.

ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും സ്വകാര്യ വ്യക്തികളുടെ വിമാനത്തിലും ഹെലികോപ്ടറിലുമൊക്കെ സഞ്ചരിക്കാറുണ്ട്. കേരളത്തിലെ വിമാനമുള്ള പ്രമുഖരാരൊക്കെയാണെന്ന് അറിയാമല്ലോ? പേരുകൾ വലിച്ചിഴച്ച് വഷളാക്കുന്നത് എന്തിനാണ്? പിണറായി പോയപ്പോൾ പേരു വെളിപ്പെടുത്തണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. ഇതു ചർച്ച ചെയ്യേണ്ട കാര്യമില്ല.

ദുരന്തനിവാരണ ഫണ്ടിൽനിന്നു പണമെടുത്തല്ല വിമാനത്തിൽ പോകേണ്ടത്. അതൊഴിവാക്കാനാണ് സ്വകാര്യവിമാനത്തിൽ പോയത്. സംസ്ഥാന ധനസ്ഥിതി മോശമായ സാഹചര്യത്തിൽ ധൂർത്ത് പാടില്ലെന്ന നിലപാടാണുള്ളത്. താൻ ഡൽഹിക്കു പോകുമ്പോൾ പോലും ഗൺമാനെ കൂട്ടാറില്ല. ഡി.ജി.പിയും ചീഫ്സെക്രട്ടറിയും ഡൽഹി പൊലീസും എതിർത്തിട്ടും ഇങ്ങനെ ചെയ്യുന്നത് ഒരാൾക്ക് ടിക്കറ്റെടുത്താൽ മതിയല്ലോ എന്നോർത്തിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിയുടെ ചെലവ് വഹിച്ചതിന്

ആകാശം ഇടിഞ്ഞുവീഴില്ല

2017ൽ വാങ്ങിയ വാഹനങ്ങളാണ് പല മന്ത്രിമാരും ഉപയോഗിക്കുന്നത്. ജഡ്ജിമാർക്ക് പുതിയ വാഹനം വാങ്ങിയപ്പോൾ തിരികെ നൽകിയവ. കെ.എം.ഷാജിയുടെ ഔദ്യോഗികവാഹനത്തിന് തകരാർ വന്നതു കൊണ്ടാണ് സുഹൃത്തിന്റേത് ഉപയോഗിച്ചത്. മന്ത്രിമാർ വിദേശത്തു പോയതിലും തെറ്റില്ല. സർക്കാരിനു ചെലവില്ലാതെ പോകുന്നതിനെ പ്രോത്സാഹിപ്പിക്കണം. വിദേശത്തുള്ള സംഘടനകൾ ഒരു ലാഭവും പ്രതീക്ഷിച്ചല്ല ക്ഷണിക്കുന്നത്. യു.എ.ഇയിൽ മാത്രം 1000 മലയാളി സംഘടനകളുണ്ട്. മന്ത്രിമാർക്ക് അവർ തന്നെ ടിക്കറ്റെടുത്ത് നൽകും. പ്രതിപക്ഷ നേതാവായിരിക്കെ ഞാനും ഇത്തരം യാത്രകൾ നടത്തിയിട്ടുണ്ട്. മന്ത്രിമാരെ സുഹൃത്തുക്കളോ സംഘടനകളോ ക്ഷണിക്കുമ്പോൾ ഒരു ടിക്കറ്റ് എടുത്തു കൊടുത്തെന്നുവച്ച് ആകാശം ഇടിഞ്ഞു വീഴില്ല. സർക്കാരിൽ നിന്ന് എന്തെങ്കിലും ഔദാര്യം കൈപ്പറ്റാൻ ക്യൂ നിൽക്കുന്നവരല്ല അവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA