
കണ്ണൂർ: കോൺഗ്രസും ബി.ജെ.പിയും പലതവണ തുടർച്ചയായി രാജ്യം ഭരിച്ചപ്പോഴൊന്നും തുടർഭരണം മോശമാണെന്ന അഭിപ്രായം ബുദ്ധിജീവികളിൽ പലർക്കും ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുവൈറ്റ് കല (കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ) ട്രസ്റ്റ് തിരുവനന്തപുരം ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കപട ഇടതുപക്ഷക്കാരുടെ ഇരട്ടത്താപ്പ് ശ്രദ്ധിക്കണം. തുടർഭരണം അപകടകരമാണെന്ന് ഇവരാരും ബി.ജെ.പിയെയും കോൺഗ്രസിനെയും നോക്കി പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തെ നോക്കി മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കലാ ട്രസ്റ്റ് പുരസ്കാരം പ്രശസ്ത നടൻ ഇന്ദ്രൻസ് ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ എ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് ടി.പത്മനാഭൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, എ.എൻ.ഷംസീർ, കുവൈറ്റ് കല ട്രസ്റ്റ് ട്രഷറർ ബിജു കണ്ടക്കൈ, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുട്ടമ്പള്ളി, ജെ.സജി, അൻസാരി കടയ്ക്കൽ, ജിതിൻ പ്രകാശ്, പി.ബി.സുരേഷ്, സി.കെ.നൗഷാദ്, നവീൻ എളയാവൂർ, ജേക്കബ് മാത്യു എന്നിവർ സംസാരിച്ചു.പ്രവാസത്തിന്റെ 40-ആണ്ടുകൾ എന്ന പുസ്തകം രചിച്ച സാം പൈനമൂടിനെ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.വി.സുമേഷ് എം.എൽ.എ സ്വാഗതവും കൺവീനർ സി.എച്ച്. സന്തോഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |