
തിരുവനന്തപുരം: മെഡിസെപിലെ അവ്യക്തത നീക്കുമെന്നും ശമ്പളപരിഷ്ക്കരണം നടപ്പാക്കുമെന്നുമുള്ള പുതിയ യു.ഡി.എഫ്. സർക്കാരിന്റെ വാഗ്ദ്ധാനങ്ങളിൽ തുടർനടപടിയില്ല.
മെഡിസെപിൽ സർക്കാർ വിഹിതമില്ല.ജീവനക്കാരുടെ വിഹിതം മാത്രമെടുത്ത് നടത്തുന്ന മെഡിസെപിൽ അവ്യക്തതയുണ്ടെന്ന് ആക്ഷേപമുണ്ട്. സർക്കാർ വിഹിതമില്ലാത്തതിനാൽ പദ്ധതിയിൽ ചേരാതിരിക്കാൻ ഓപ്ഷൻ വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കുടുംബത്തിൽ ഒന്നിലേറെ പേർ സർക്കാർ ജീവനക്കാരാണെങ്കിൽ ഒരാളിൽ നിന്ന് മാത്രം പ്രീമിയം ഇൗടാക്കിയാൽ മതിയെന്നതാണ് മറ്റൊരാവശ്യം.ഇക്കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് പുതിയ സർക്കാരിന്റെ ആദ്യബഡ്ജറ്റിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ,ഇതുപരിശോധിക്കാൻ സമിതിയെ നിയോഗിക്കുകയോ, ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തുകയോ ചെയ്തിട്ടില്ല.
സംസ്ഥാനത്ത് അഞ്ച് വർഷത്തിലൊരിക്കലാണ് ശമ്പളപരിഷ്ക്കരണം. 2019ലാണ് ശമ്പളം പരിഷ്ക്കരിച്ചത്.മുൻ ചീഫ് സെക്രട്ടറി വി.പി.ജോയി അദ്ധ്യക്ഷനായി നിയമിച്ച കമ്മിഷന്റെ കാലാവധി മേയ് 23ന് അവസാനിച്ചു. ആറുമാസം കാലാവധി നീട്ടണമെന്ന കമ്മിഷന്റെ അപേക്ഷയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. കമ്മിഷന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. കമ്മിഷൻ അംഗങ്ങൾ ഓഫീസിൽ വരാറില്ല.റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല.
ശമ്പളകമ്മിഷന്റെ പ്രവർത്തനം തുടരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞത്.എന്നാൽ നടപടിയുണ്ടായില്ല. കമ്മിഷൻ അംഗങ്ങൾക്ക് പുറമെ ഒരു അഡിഷണൽ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ഉൾപ്പെടെ 14ജീവനക്കാരെ കമ്മിഷൻ ഓഫീസിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ചിട്ടുണ്ട്. മാതൃവകുപ്പുകളിലേക്ക് തിരിച്ചുവിളിക്കുകയോ മറ്റ് ചുമതലകൾ ഏൽപ്പിക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഇവർ ദിവസവും ഓഫീസിലെത്തി പണിയൊന്നുമില്ലാതെ മടങ്ങുകയാണ്. ഇടക്കാലശ്വാസമെങ്കിലും നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
2013ന് മുമ്പ് സർവീസിൽ കയറിയവർക്ക് പെൻഷൻ പ്രായം 56അണ്. സ്റ്റാറ്റ്യൂട്ടറി പെൻഷനും ലഭ്യമാണ്.2013ന് ശേഷം സർവീസിലെത്തിയവർക്ക് പെൻഷൻ പ്രായം 60ആണ്. എൻ.പി.എസ് പെൻഷനുമാണ്.എല്ലാവർക്കും ഒരുപോലെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ മതിയെന്നാണ് ജീവനക്കാരുടെ നിലപാട് .എൻ.പി.എസിന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി കൊണ്ടുവരുമെന്ന് മുൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഉത്തരവും പുറത്തിറക്കി. ഇക്കാര്യത്തിലും പുതിയ യു.ഡി.എഫ്.സർക്കാർ തീരുമാനം പറഞ്ഞിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |