SignIn
Kerala Kaumudi Online
Thursday, 18 June 2026 3.35 AM IST

നെഹ്രുവിയൻ സോഷ്യലിസമല്ല, വലതുപക്ഷ കോർപ്പറേറ്റ് ദാസ്യം: പിണറായിവിജയൻ

f

വി .ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ ഒരുമാസം പിന്നിടുമ്പോൾ തന്നെ നിലപാടുകളിൽ നിന്ന് പുറകോട്ടുപോകുന്ന കാഴ്ചയാണ്. നെഹ്രുവിയൻ സോഷ്യലിസ്റ്റെന്ന് സ്വയം അവകാശപ്പെടുന്ന മുഖ്യമന്ത്രി സതീശന്റെ തീരുമാനങ്ങളെല്ലാം അതിന് കടകവിരുദ്ധമാണ്. അതിനേറ്റവും വലിയ ഉദാഹരണമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ധവളപത്രം.

എൽ ഡി എഫ് നടപ്പാക്കിയ ജനകീയ വികസന ബദലുകളുടെയും ക്ഷേമപദ്ധതികളുടെയും അടിവേരിള
ക്കുന്ന രാഷ്ട്രീയ നയരേഖയാണ് ധവളപത്രം. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുക്കൽ പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര നയത്തിനെതിരെ ഉരിയാട്ടമില്ല. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന വ്യാജേന വിദഗ്ദ്ധ സമിതി തയ്യാറാക്കിയ ഈ മറുമരുന്ന് സ്വകാര്യവത്കരണത്തിനുള്ളതാണ്.

യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം ബിജെപിയുടെ പ്രകടനപത്രികയിൽ നിന്നും വികസന കാഴ്ചപ്പാടുകളിൽ നിന്നും കടമെടുത്തതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അവകാശപ്പെടുന്നു.
ഗവർണ്ണർമാരെ ഉപയോഗിച്ച് സർവ്വകലാശാലകൾ വരുതിയിലാക്കാനൂള്ള കേന്ദ്രത്തിന്റെ

സംഘപരിവാർ ശ്രമങ്ങൾക്കെതിരെ എൽ ഡി എഫ് ഉയർത്തിയ പ്രതിരോധങ്ങൾ സർക്കാർ തകർക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് മതവിദ്വേഷം പ്രചരിപ്പിച്ച ആളായി വെള്ളാപ്പള്ളി നടേശനെ വിശേഷിപ്പിച്ചവർ ഭരണം ലഭിച്ചപ്പോൾ അനുഗ്രഹം വാങ്ങാൻ ക്യൂ നിൽക്കുന്നു. വെള്ളാപ്പള്ളിയുടെ മകനും എൻ.ഡി.എ നേതാവുമായ തുഷാർവെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി അഭിവാദ്യം അർപ്പിക്കുന്നു. അനഭിമതനായിരുന്ന വെള്ളാപ്പള്ളി എങ്ങനെയാണ് ഇപ്പോൾ അഭിമതനായത്?
നിയമനങ്ങളുടെ കാര്യത്തിൽ നിത്യേന വിവാദങ്ങളാണ് . വൈദ്യുതി മന്ത്രിയുടെ ബന്ധുനിയമനം വലിയ വിമർശനത്തിന് വഴിവച്ചു. ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കാളികളായ സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ ദേവസ്വം സ്‌പെഷ്യൽ ഗവണ്മെന്റ് പ്ലീഡറായത് ഞെട്ടിച്ചു.

ഇടത് ഭരണകാലത്ത് കേന്ദ്രം ഇന്ധന വില കൂട്ടുമ്പോൾ സംസ്ഥാനം നികുതിയും സെസ്സും കുറയ്ക്കണമെന്ന് പറഞ്ഞ് തെരുവിലിറങ്ങിയവർ അധികാരത്തിലെത്തിയപ്പോൾ അതെല്ലാം മറന്നു.
പിഎം ശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ എം.ഒ.യു ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് നിർത്തിവയ്ക്കാൻ തീരുമാനിച്ചു . രേഖാമൂലം കേന്ദ്രത്തിന് കത്ത് നൽകി. അതോടെ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ സാധിക്കില്ലെന്നു വന്നു . എന്നാൽ എൽ ഡി എഫ് സർക്കാർ ഒപ്പിട്ടതിനാൽ പദ്ധതി നടപ്പാക്കാതെ പറ്റില്ലെന്നാണ് ഇപ്പോൾ സർക്കാർവാദം.

മനുഷ്യവന്യജീവി സംഘർഷത്തിൽ മൂന്നാഴ്ച്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻപൊലിഞ്ഞിട്ടും സർക്കാരിന് അനക്കമില്ല. പകർച്ചവ്യാധികൾ പെരുകുമ്പോഴും അനങ്ങാപ്പാറ നയം. ഭരിക്കുന്നവരുടെ പിടിപ്പുകേടുകൊണ്ടാണ് നിപ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാകുന്നതെന്ന് പറഞ്ഞ വ്യക്തിയാണ് നിലവിലെ ആരോഗ്യമന്ത്രി. കെ.എസ്.ആർ.ടിസി യിൽ സ്ത്രീകൾക്ക് സൗജന്യയാത്രയെന്ന വാഗ്ദാനം ഓർഡിനറി ബസ്സുകളിലൊതുക്കി. പ്രതിവർഷം 800 കോടിയുടെ അധികബാധ്യതയാണ് ഉണ്ടാവുക.
ഇടതുസർക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്നു. 3720 കോടിയുടെ അതിബൃഹത്തായ പദ്ധതിയിൽ രണ്ട് മാസത്തെ തുക തടഞ്ഞുവച്ചു. ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെപിരിച്ചുവിട്ട നടപടി നീതിനിഷേധമാണ്. തൊഴിലന്വേഷകരായ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന 'കണക്ട് ടു വർക്ക്' പദ്ധതിയും അട്ടിമറിക്കുന്നു.
നെഹ്രുവിയൻ സോഷ്യലിസമല്ല മറിച്ച് വലതുപക്ഷകോർപ്പറേറ്റ് ദാസ്യമാണ് അവരുടെ വഴി. യുഡിഎഫ് മുന്നോട്ടു വയ്ക്കുന്ന പുതുയുഗം നാളിതുവരെയുള്ള കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിന് തുരങ്കം വയ്ക്കാനുള്ള മുദ്രാവാക്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA