കൊച്ചി: ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. ചേരാനല്ലൂർ സിഐ ശ്യാംകുമാർ കെ എസ്, എസ് ഐ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ് കെ ടി, സിപിഒ അരുൺ ജോഷി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന എഡിജിപി വിജയന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
അപകടമുണ്ടാക്കിയ പതിനേഴുകാരനായ പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചു, അപകടം നടന്ന ദിവസം ദൃക്സാക്ഷികൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതിയുടെ ചിത്രം നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു എന്നിവയാണ് ഇവർക്കെതിരായ ആരോപണങ്ങൾ.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്കെതിരെയും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും മരിച്ച ജയബാലകൃഷ്ണന്റെ മക്കളും നാട്ടുകാരും ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി നിയമസഭയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മതിക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഡിജിപി വിജയനും മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ നേരിൽകണ്ട് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും എഡിജിപി വ്യക്തമാക്കിയിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
Three police officers, including an SHO, ASI, and CPO, have been suspended in Kochi's Cheranalloor. The action follows an ADGP report citing investigative negligence in a case where a 17-year-old driving a Benz car fatally struck a street vendor owner. The suspensions were for lapses in handling the probe into the fatal accident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |