
□വിദഗ്ദ്ധരുമായി ചർച്ച നടത്താൻ എട്ടംഗ സമിതി
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി മാറ്റാനുള്ള ഉത്തരവ് സർക്കാർ തിരുത്തി.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത് ശങ്കർ എസ്.നായർ ചെയർമാനായ സമിതി ഇതേക്കുറിച്ച് വിവിധ മേഖലകളിലുള്ളവരുമായി ചർച്ച നടത്തി
മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അതിനു ശേഷമായിരിക്കും സർക്കാർ
പുന:പരിശോധന നടത്തി തീരുമാനമെടുക്കുക.
കോളേജ് ഓഫ് എൻജിനീയറിംഗിനെ ഘടക കോളേജാക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിലാണ് ഉത്തരവ് തിരുത്തിയത്. ഘടക കോളേജാക്കാനുള്ള ഉത്തരവ് നടപ്പാക്കാനുള്ള വർക്കിംഗ് ഗ്രൂപ്പായിട്ടാണ് ആദ്യ ഉത്തരവിൽ സമിതിയെ നിയോഗിച്ചിരുന്നത്. എന്നാൽ ,ഘടക കോളേജാക്കി മാറ്റുന്നത് സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച നടത്തി ശുപാർശകൾ സമർപ്പിക്കാനാണ് സമിതിയെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. 8 അംഗങ്ങളടങ്ങുന്ന സമിതിയെ
നിലനിറുത്തിയിട്ടുണ്ട്.ശുപാർശകൾ തയാറാക്കുന്നതിന് മുമ്പ് സമിതി സി.ഇ.ടിയിലെ അധ്യാപകർ, വിദ്യാർത്ഥികൾ, മറ്റ് വിദഗ്ധർ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തണം. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ഘടക കോളേജാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോളേജിൽ 'സി.ഇ.ടി സംരക്ഷണ സമിതി'യുടെ നേതൃത്വത്തിൽ കരി ദിനം ആചരിച്ചിരുന്നു. ഘടക കോളജ് (കോൺസ്റ്റിറ്റുവന്റ്)ആക്കാനുള്ള നീക്കം സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക രംഗത്ത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |