SignIn
Kerala Kaumudi Online
Monday, 24 August 2026 4.02 AM IST

മാമിയോണം

mami

പുതിയ യാത്രയിൽ ആണ് മലയാളത്തിന്റെ സ്വന്തം മമിത ബൈജു. 'ഹനുമാനി"ലൂടെ പിറവിയെടുത്ത പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ 'ജയ് ഹനുമാനി 'ൽ നിർണായക വേ‌ഷത്തിൽ മമിത ബൈജു എത്തുന്നു. |ഋഷഭ് ഷെട്ടി ജയ്‌ ഹനുമാനായി എത്തുന്ന ചിത്രത്തിലൂടെ മമിത തെലുങ്ക് അരങ്ങേറ്റം കുറിച്ചു. ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ച ജയ്‌ഹനുമാനിൽ മലയാളത്തിൽ നിന്ന് ഇന്ദ്രജിത്ത്, ബോളിവുഡ് താരം അക്ഷയ്‌ ഖന്ന, പഞ്ചാബി സുന്ദരി വാമിഖ ഗബ്ബി തെലുങ്ക് താരം റാണ ദഗുബാട്ടി തുടങ്ങിയവരെല്ലാമുണ്ട്. തെലുങ്കിൽ ഗംഭീര അരങ്ങേറ്റം കുറിച്ചതിന്റെ ആവേശത്തിൽ ആണ് മമിത.

നാല് 100 കോടി ക്ളബ്

അഭിനയത്തിൽ 10 വർഷം. ഇരുപത്തി അഞ്ചാം പിറന്നാൾ വർഷത്തിൽ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും തിളക്കമേറിയ താരമായി മമിത മാറി. നായികയായ നാലു സിനിമകൾ തുടർച്ചയായി 100 കോടി ക്ളബ് മറികടന്നു. പ്രേമലു ആണ് മമിതയുടെ കരിയറിലെ ആദ്യ 100 കോടി ക്ളബ് കടന്ന ചിത്രം. പ്രദീപ് രംഗനാഥന്റെ നായികയായി വന്ന ഡ്യൂഡ് എന്ന സിനിമയോടെ തമിഴ് സിനിമയിലെ മുൻനിര നായികയായി. ഡ്യൂഡും 100 കോടി ക്ളബ് കടന്നതാണ്.

വിജയ്‌യുടെ പ്രിയ സഹോദരിയായി വേഷമിട്ട ജനനായകനും സൂര്യയുടെയും പ്രേക്ഷകരുടെയും 'മാഡി"യായി മാറിയ വിശ്വനാഥ് ആൻഡ് സൺസും 100 കോടി കടന്നതോടെ തിളക്കം വർദ്ധിച്ചു . 150 കോടി ക്ളബിലേക്ക് യാത്രയിലാണ് വിശ്വനാഥ് ആന്റ് സൺസ്. അടുത്തിടെ 100 കോടി ക്ളബിൽ ഇടംപിടിച്ച മലയാള നായികയാണ് മമിത. അതും അന്യഭാഷയിൽ കൂടി.

രണ്ടുമാസത്തിനിടെ മൂന്നു റിലീസുകളുമായി മമിത പ്രേക്ഷകരുടെ മുന്നിൽ എത്തി. ഓണം റിലീസായി എത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ് " മികച്ച സ്വീകാര്യത നേടി പ്രേക്ഷക മനം കീഴടക്കുന്നു. ഇതാദ്യമായി നിവിൻപോളിയുടെ നായികയായി. വീണ്ടും, വീണ്ടും, വീണ്ടും ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ അഭിനയം. അടുത്ത വീട്ടിലെ കുട്ടിയെ പോലെ തോന്നിപ്പിക്കുന്നതാണ് എന്നും എപ്പോഴും മമിത കഥാപാത്രങ്ങൾ.'ബെത്‌ലഹേം കുടുംബ യൂണിറ്റിലും ഇത് ആവർത്തിക്കുന്നു.

ആരാധകരുടെ മാമി

ആരാധകർ 'മാമി" എന്നു മമിതയെ സ്നേഹത്തോടെ വിളിക്കുന്നു. ഇൻസ്‌റ്റയിൽ മാമി സോൺ എന്ന പേരിൽ ഫാൻസ് പേജ് തുടങ്ങി ആഘോഷിക്കുകയാണ് ജെൻ സീ. ഈ ആഘോഷങ്ങൾക്ക് നടുവിൽ മമിത ഒരു സിനിമയുടെ ലൊക്കേഷനിൽ നിന്ന് അടുത്തതിലേക്ക് പറക്കുന്നു. 'പാവാട' യിൽ മുഖം കാണിച്ച് യാത്ര തുടങ്ങുമ്പോൾ സിനിമ ഇത്രമാത്രം ചേർത്തുപിടിക്കും എന്ന് മമിത പോലും കരുതിയിട്ടുണ്ടാവില്ല. തുടക്കത്തിൽ ഏതാനും സിനിമകളിൽ സഹോദരി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഓപ്പറ‌േഷൻ ജാവയും സൂപ്പർ ശരണ്യയും മുന്നോട്ട് കൊണ്ടുപോയപ്പോൾ പിന്നാലെ എത്തിയ 'പ്രേമലു" പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി വ്യാപിപ്പിച്ചു.

സൂര്യ വിളിച്ചപ്പോൾ

ബാലയുടെ സംവിധാനത്തിൽ സൂര്യ ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങിയെങ്കിലും പാതിവഴിയിൽ ആ സിനിമയുടെ ചിത്രീകരണം നിലച്ചു.ജി.വി. പ്രകാശ് കുമാർ നായകനായ 'റിബൽ" ആണ് നായികയായി അഭിനയിച്ച ആദ്യ തമിഴ് ചിത്രം.ധനുഷിന്റെ നായികയായി 'കര'യിൽ തനി തമിഴ് പെണ്ണായി പ്രത്യക്ഷപ്പെട്ടു.സൂര്യയുടെ ബ്ളോക് ബസ്‌റ്റർ ചിത്രം കറുപ്പിൽ മമിത അഭിനയിക്കേണ്ടതായിരുന്നു. എന്നാൽ തിരക്ക് കാരണം സ്വീകരിക്കാൻ കഴിഞ്ഞില്ല. അധികം വൈകാതെ വിശ്വനാഥ് ആൻഡ് സൺസ് എത്തി.

ഗംഭീരപ്രകടനവുമായി സൂര്യയോടൊപ്പംനിറഞ്ഞു നിന്നു.വിജയ്‌യുടെ അവസാന ചിത്രം എന്നു വിശേ‌‌‌ഷിപ്പിക്കപ്പെടുന്ന ജനനായകനിൽ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാകാൻ കഴിഞ്ഞതിന്റെ ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതാണ്. സിനിമ റിലീസ് ചെയ്ത‌പ്പോൾ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി. തമിഴിൽ അടുത്ത റിലീസ് വിഷ്‌ണു വി‌‌ശാൽ നായകനാകുന്ന ചിത്രം.

ബെത്‌ലഹേം ഓണം

മലയാളത്തിൽ പ്രേമലുവിനു ശേഷം എത്തുന്ന മമിത ബൈജു ചിത്രം ആണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. രണ്ടു വർഷത്തിനുശേഷം ആണ് മമിത ചിത്രം മലയാളത്തിൽ. അടുത്ത സിനിമ കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് സംഗീത് പ്രതാപിന്റെ നായികയായി മമിത മിക്കവാറും ഈ വർഷം തന്നെ എത്തും. പ്രേമലുവിലും ബെത്‌ലഹേം കുടുംബ യൂണിറ്റിലും ഒന്നിച്ചു തിളങ്ങിയവരാണ് മമിതയും സംഗീത് പ്രതാപും. കരിയറിന്റെ തുടക്കം മുതൽ ആരംഭിച്ചതാണ് മമിതയുടെ നേട്ടങ്ങൾ.

മമിതയുടെ ചിരിയും നോട്ടവും സംസാരവും പെരുമാറ്റവും എല്ലാം ഓൺ സ്ക്രീനിലും ഒാഫ് സ്ക്രീനിലും ഇഷ്ടപ്പെടുന്നവർ മമിതയെ ചേർത്തു പിടിക്കുന്നു.ചെറിയ പ്രായത്തിൽ വൻ വിജയങ്ങൾ സ്വന്തമാക്കി മമിത മുന്നേറുമ്പോൾ സുന്ദരമായ ആ അഭിനയം ബോളിവുഡിൽ എപ്പോഴായിരിക്കും എന്ന് അറിയാൻ അധിക കാലം വേണ്ടി വരില്ലെന്ന് ജെൻ സീകൾ ഉറപ്പിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, MAMITHA BAIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY